ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല, അങ്ങനെയെങ്കില്‍ എമ്പുരാന്‍ കാണും- വി.ഡി.സതീശന്‍

9 months ago 8

30 March 2025, 01:54 PM IST

V. D. Satheesan

എമ്പുരാന്റെ പോസ്റ്റർ, വി.‍ഡി. സതീശൻ

'മ്പുരാന്‍' കാണില്ലെന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം, എടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണം.. അങ്ങനെ സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല. അങ്ങനെയെങ്കില്‍ എമ്പുരാന്‍ കാണും- വി.ഡി.സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കെയാണ് ചിത്രം കാണുമെന്ന് നേരത്തെ അറിയിച്ചിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഫെയിസ്ബുക്കിലൂടെയാണ് എമ്പുരാന്‍ താന്‍ കാണാത്തതിന്റെ കാരണമടക്കം വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചത്. ലൂസിഫര്‍ തനിക്കിഷ്ടമായെന്നും ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണെന്നും കുറിപ്പില്‍ പറയുന്നു.

ഭീഷണിപ്പെടുത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും കലാസൃഷ്ടിയുടെ ഉള്ളടക്കത്ത തിരുത്തിക്കുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണെന്ന് വിഡി സതീശന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും സതീശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: V D Satheesan Slams Rajeev Chandrasekhar implicit Empuraan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article