'ചെക്കന്റെ ഹൃദയമിടിപ്പ് ഇവിടെ കേൾക്കാം'; 'ലോക'യുടെ വിജയാഘോഷത്തിൽ നസ്ലിന്റെ തെലുങ്ക് പ്രസം​ഗം വൈറൽ

4 months ago 5

Naslen

ലോക വിജയാഘോഷത്തിൽ നസ്ലിൻ സംസാരിക്കുന്നു | ഫോട്ടോ: അറേഞ്ച്ഡ്

ലയാളത്തിനുപുറമേ മറ്റുഭാഷകളിലും വിജയക്കുതിപ്പ് നടത്തുകയാണ് കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര'. കൊത്ത ലോക എന്ന പേരിലാണ് ലോകയുടെ മൊഴിമാറ്റ പതിപ്പ് റിലീസിനെത്തിയത്. 'കൊത്ത ലോക'യുടെ വിജയാഘോഷം ഈയിടെ ഹൈദരാബാദിൽ സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ സിനിമയിലെ നായകനായ നസ്ലിൻ തെലുങ്കിൽ സംസാരിച്ചത് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

തെലുങ്കിലെ പ്രശസ്ത നിർമാതാക്കളായ സിതാര എന്റർടെയിൻമെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് 'കൊത്ത ലോക'യുടെ വിജയാഘോഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. എല്ലാവർക്കും നമസ്കാരം എന്ന് അർത്ഥമുള്ള അന്തരികി നമസ്കാരം എന്നുപറഞ്ഞുകൊണ്ടാണ് നസ്ലിൻ സംസാരം ആരംഭിച്ചത്. തുടർന്ന് പറയാൻ വാക്കുകൾ കിട്ടാതായപ്പോൾ നേരത്തേ തയ്യാറാക്കിയ പ്രസം​ഗം മൊബൈലിൽ നോക്കി വായിക്കുകയായിരുന്നു. കഴിഞ്ഞജന്മത്തിൽ നസ്ലിൻ ആന്ധ്രയിലായിരിക്കണം ജനിച്ചതെന്നും അതിനുകാരണം അദ്ദേഹ​ത്തിന്റെ സിനിമകളെല്ലാം തെലുങ്കിലും ഹിറ്റാണെന്നും അവതാരക അഭിപ്രായപ്പെട്ടു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു നസ്ലിൻ തുടർന്ന് സംസാരിച്ചത്.

തെലുങ്കിൽ സംസാരിച്ചുകൊണ്ടിരിക്കേ സദസിൽ നിന്ന് ചിലർ അദ്ദേഹത്തോട് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. "ദുൽഖർ സൽമാനോട് വലിയൊരു നന്ദി പറയുന്നു. നിങ്ങളില്ലായിരുന്നെങ്കിൽ ഇവിടെ ഇതുപോലെ നിൽക്കാനാവില്ലായിരുന്നു. ഞാനെപ്പോഴും നിങ്ങളുടെ ഫാൻ ബോയ് ആയിരിക്കും. കല്യാണി പ്രിയദർശനൊപ്പമുള്ള ഷൂട്ടിം​ഗ് നിമിഷങ്ങൾ ഏറെ ആസ്വദിച്ചു. നൂറുകോടി കളക്ഷനിൽനിന്ന് ഒരു പങ്ക് കിട്ടുകയാണെങ്കിൽ ലോക പോലൊരു സിനിമ നിർമിക്കും." നസ്ലിൻ തുടർന്നുപറഞ്ഞു.

നിരവധി പേരാണ് നസ്ലിന്റെ നിഷ്കളങ്കമായ സംസാരത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. നസ്ലിൻ അനുഭവിക്കുന്ന ടെൻഷൻ ശരിക്ക് അറിയാൻ സാധിക്കുന്നുണ്ടെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ചെക്കന്റെ ഹൃദയമിടിപ്പ് ഇവിടെ കേൾക്കാം, മലയാള സിനിമയുടെ യുവസൂപ്പർസ്റ്റാറാണ് നസ്ലിൻ, നസ്ലിൻ ഹീറോയാടാ ഹീറോ, ടെൻഷനടിച്ച് നസ്ലിൻ അങ്ങ് ഇല്ലാണ്ടായിപ്പോയി, നസ്ലിനെ കണ്ടാൽ പാവം തോന്നുന്നു എന്നെല്ലാമാണ് വന്നിരിക്കുന്ന മറ്റ് കമന്റുകൾ.

നിലവിൽ 101 കോടിയാണ് ലോകയുടെ ആ​ഗോള കളക്ഷൻ. ഏഴുദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇതിലൂടെ 'ലോക' സ്വന്തമാക്കിയത്. തെന്നിന്ത്യൻ സിനിമയിൽ തന്നെ ഇതിലൂടെ പുതിയ ചരിത്രമാണ് ഈ ചിത്രം സൃഷ്ടിച്ചത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണി പ്രിയദർശൻ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നസ്ലിൻ, സാൻഡി എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വമ്പൻ കാമിയോ റോളുകളും സൂപ്പർ ഹിറ്റാണ്.

Content Highlights: Lokah celebrates 101 crore success, Naslen`s Telugu code astatine the lawsuit goes viral

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article