ചെറിയ തുകകള്‍ കൂട്ടിവെച്ച് അമ്മ പണിത വീട്; ഇതിനി സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളെന്ന് ലോറന്‍സ്

4 months ago 4

13 September 2025, 08:01 AM IST

Raghava Lawrence

രാഘവ ലോറൻസ് | Photo: Facebbok

ചെന്നൈ: നടനും നര്‍ത്തകനും നിര്‍മാതാവുമായ രാഘവ ലോറന്‍സിന്റെ ചെന്നൈയിലെ വീട് സൗജന്യവിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളായി മാറ്റി. ലോറന്‍സിന്റെ പുതിയ സിനിമയായ കാഞ്ചന-4ന് ലഭിച്ച മുന്‍കൂര്‍ പ്രതിഫലത്തില്‍നിന്നാണ് സ്‌കൂള്‍ നടത്തിപ്പിന്റെ ചെലവ് കണ്ടെത്തുന്നത്.

നര്‍ത്തകനും നൃത്തസംവിധായകനുമായി സിനിമാരംഗത്തുവന്ന് നടനും സംവിധായകനും നിര്‍മാതാവുമായി മാറിയ ലോറന്‍സ് ദാനധര്‍മങ്ങളിലൂടെയും ശ്രദ്ധേയനായ താരമാണ്. ഓരോ സിനിമയില്‍നിന്നും കിട്ടുന്ന വരുമാനത്തില്‍ ഒരു പങ്ക് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റിവെക്കാറുണ്ട്.

ചിത്രീകരണം പുരോഗമിക്കുന്ന കാഞ്ചന-4ന്റെ സംവിധായകനെന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും കിട്ടിയ മുന്‍കൂര്‍ പ്രതിഫലത്തുക ഉപയോഗിച്ചാണ് തന്റെ വീട് സ്‌കൂളാക്കി മാറ്റുന്നതെന്ന് ലോറന്‍സ് പറഞ്ഞു.

നൃത്തസംവിധായകനായിരിക്കേ കിട്ടിയ പ്രതിഫലം ഉപയോഗിച്ചാണ് ലോറന്‍സ് ചെന്നൈയിലെ വീടു വാങ്ങിയത്. പിന്നീട് വാടകവീട്ടിലേക്കു മാറിയപ്പോള്‍ ഈ വീട് അനാഥക്കുട്ടികള്‍ക്കുള്ള അഭയകേന്ദ്രമാക്കി മാറ്റിയിരുന്നു. ഇവിടെ വളര്‍ന്ന വേളാങ്കണ്ണിയെന്ന യുവതിയെയാണ് സ്‌കൂളിലെ ആദ്യ അധ്യാപികയായി നിയമിക്കുന്നതെന്ന് ലോറന്‍സ് പറഞ്ഞു.

ഈ വീട്ടില്‍ വളര്‍ന്ന മറ്റു കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു ലോറന്‍സിന്റെ പ്രഖ്യാപനം. സ്‌കൂളിന്റെ നടത്തിപ്പുസംബന്ധിച്ച മറ്റു കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: Raghava Lawrence Converts Chennai Home into Free Education School

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article