
രവികുമാർ | Photo : Mathrubhumi
ചെന്നൈ: ഒരു കാലഘട്ടത്തിലെ മലയാളിപ്രേക്ഷകരെ ഹരം കൊള്ളിച്ച പ്രണയനായകനായിരുന്നു വെള്ളിയാഴ്ച വിടവാങ്ങിയ രവികുമാർ. ചെറിയ വേഷങ്ങളിൽ തുടക്കം. അവിടെനിന്ന് നായകപദവിയിലേക്ക് വളർച്ച. പുതിയ നായകൻമാരെത്തിയപ്പോൾ വില്ലൻ കഥാപാത്രങ്ങളിലേക്കു വേഷപ്പകർച്ച. അതും മടുത്തപ്പോൾ അച്ഛനും മുത്തച്ഛനുമൊക്കെയായി സ്വഭാവ നടനിലേക്കുള്ള മാറ്റം. രവികുമാറിന്റെ അഭിനയജീവിതത്തിൽ ഒട്ടേറെ വഴിത്തിരിവുകളുണ്ട്. ഒരു ഘട്ടത്തിൽ സിനിമയിൽനിന്ന് അദ്ദേഹം മാറിനിന്നു. പക്ഷേ, അഭിനയം അദ്ദേഹത്തെ ടെലിവിഷൻ പരമ്പരകളിലേക്കു മാടിവിളിച്ചു. അതോടെ, കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി.
മരണത്തിനു തൊട്ടുമുൻപുള്ള വർഷംവരെയും പ്രേക്ഷകർക്കിടയിൽ തിളങ്ങിനിൽക്കാൻ രവികുമാറിനു സാധിച്ചു. ഒരു നിയോഗംപോലെ അവസാനകാലത്ത് മോഹൻലാൽ നായകനായ ആറാട്ടിലും മമ്മൂട്ടി നായകനായ സിബിഐ അഞ്ചിലും അഭിനയിക്കാനായതും ഭാഗ്യമായി. ‘അവളുടെ രാവുകൾ’ എന്ന സിനിമയിലൂടെ ഐ.വി. ശശിയാണ് രവികുമാറിന് പ്രണയനായക പരിവേഷം പകർന്നത്. ചിത്രം വൻ ഹിറ്റായതോടെ അദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട നടനായി. ഐ.വി. ശശിയുടെമാത്രം 80-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധായകരായ ശശികുമാറിന്റെയും എ.ബി. രാജിന്റെയും ബേബിയുടെയും ചിത്രങ്ങൾ രവികുമാറിന്റെ വളർച്ചയിൽ നിർണായകമായിരുന്നു.
തുടക്കകാലത്ത് രവികുമാറിന്റെ കഥാപാത്രങ്ങൾക്ക് ശബ്ദംകൊണ്ട് ജീവൻ നൽകിയത് അന്തരിച്ച സംഗീതസംവിധായകൻ രവീന്ദ്രനായിരുന്നു. സിനിമാകുടുംബത്തിൽനിന്നാണ് രവികുമാറിന്റെ വരവ്. സ്വന്തമായി നിർമാണ കമ്പനി. ബാനറിന്റെ പേര് രവികുമാർ ഫിലിംസ്. അച്ഛൻ കെ.എം.കെ. മേനോൻ തിരുവനന്തപുരത്തെ രണ്ടാം ഫിലിം സ്റ്റുഡിയോയായ ശ്രീകൃഷ്ണയുടെ ഉടമ. അമ്മ ഭാരതി നടിയും. ദിവ്യദർശനം ഉൾപ്പെടെ ചില സിനിമകൾ ഭാരതി നിർമിച്ചിട്ടുണ്ട്.
രവികുമാർ വിടവാങ്ങുമ്പോൾ തിരശ്ശീല വീഴുന്നത് അനശ്വര പ്രണയഗാനങ്ങളുടെ ഒരു യുഗത്തിനാണ്. അദ്ദേഹം അഭിനയിച്ച പല സിനിമകളിലെയും പാട്ടുകൾ വൻ ഹിറ്റായിരുന്നു. എൻ സ്വരം പൂവിടും ഗാനമേ (അനുപല്ലവി), ഇണക്കമോ പിണക്കമോ (ലിസ), സന്ധ്യ തൻ അമ്പലത്തിൽ (അഭിനിവേശം), പ്രണയ സരോവരതീരം (ഇന്നലെ ഇന്ന്), സ്വർണമീനിന്റെ (സർപ്പം) തുടങ്ങിയ ഗാനങ്ങൾ മലയാളികൾ ഇന്നും മൂളുന്നു. 20-ഓളം തമിഴ് സിനിമകളിലും രവികുമാർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു.
കെ. ബാലചന്ദർ സംവിധാനം ചെയ്ത സീരിയലിലൂടെയാണ് ആദ്യമായി മിനിസ്‌ക്രീനിലെത്തിയത്. നടി സുമിത്രയെ വിവാഹം കഴിച്ചെങ്കിലും ദാമ്പത്യം അധികനാൾ നീണ്ടില്ല. പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. ഒരു മകനുണ്ട്.
Content Highlights: Ravikumar the histrion who excelled successful antithetic roles
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·