'ചെറുപ്പം മുതല്‍ ആരാധിക്കുന്ന, അടുത്തറിയുമ്പോൾ ഉടഞ്ഞുപോകാത്ത വിഗ്രഹം'; മമ്മൂട്ടിയെക്കുറിച്ച് ചന്തു

4 months ago 5

08 September 2025, 10:58 AM IST

Mammootty Chandu Salimkumar

ചന്തു സലിംകുമാർ മമ്മൂട്ടിക്കൊപ്പം (കുറിപ്പിനൊപ്പം പങ്കുവെച്ച പഴയ ചിത്രം), ചന്തു സലിംകുമാർ | Photo: Facebook/ Chandu Salimkumar

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ നടന്‍ ചന്തു സലിംകുമാര്‍ പങ്കുവെച്ച കുറിപ്പ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. അമ്മയ്ക്കും അച്ഛനും ശേഷം മമ്മൂട്ടിയാണ് തന്റെ സൂപ്പര്‍ഹീറോ എന്ന് പറയുന്ന ഹൃദസ്പര്‍ശിയായ കുറിപ്പാണ് ചന്തു പങ്കുവെച്ചത്. ചെറുപ്പം മുതല്‍ ആരാധിക്കുന്ന, അടുത്തറിയുമ്പോള്‍ ഉടഞ്ഞുപോകാത്ത വിഗ്രഹമായി മാറിയ തന്റെ സൂപ്പര്‍ഹീറോയാണ് മമ്മൂട്ടിയെന്നാണ് ചന്തു കുറിപ്പില്‍ പറയുന്നത്. ഞായറാഴ്ചയായിരുന്നു മമ്മൂട്ടിയുടെ ജന്മദിനം.

ചന്തു സലിംകുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഈയടുത്ത രണ്ട് മൂന്ന് ആഴ്ചകളായി ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ചോദ്യമാണ്.
Who is your superhero ?
എത്ര വലുതായാലും ഏതൊരു ആളുടെയും അച്ഛന്‍ അല്ലെങ്കില്‍ അമ്മ തന്നെയായിരിക്കും അവരുടെ സൂപ്പര്‍ഹീറോസ്.
എന്റെയും അങ്ങനെ തന്നെയാണ്.
പക്ഷേ എല്ലാവരുടെയും ലൈഫില്‍ മറ്റൊരു സൂപ്പര്‍ ഹീറോ കൂടെയുണ്ടാകും, ചെറുപ്പം മുതല്‍ ആരാധിക്കുന്ന, അടുത്തറിയുമ്പോള്‍ ഉടഞ്ഞുപോകാത്ത വിഗ്രഹമായി മാറുന്ന ഒരാള്‍.
അയാള്‍ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും നിങ്ങളുടെ ജീവിതത്തില്‍ ഓരോ മാറ്റങ്ങള്‍ കൊണ്ടുവരും.
താന്‍ പാതി ദൈവം പാതി, എന്നൊരു ചൊല്ലുണ്ട്, നമ്മള്‍ താന്‍ പാതി ചെയ്താല്‍ മതി ബാക്കി ദൈവം നോക്കിക്കോളും എന്നൊരു ലൈന്‍ ആണത്. ആ ദൈവം പാതി പരിപാടി ചെയ്യാന്‍ ചിലരെ ഈ ദൈവം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അത്തരത്തിലൊരു ദൈവം എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവും.
മറ്റാരും അംഗീകരിക്കാത്തപ്പോള്‍, അയാള്‍ മാത്രം നിങ്ങളെ അംഗീകരിക്കും. അയാള്‍ നിങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയും.
അയാള്‍ നിങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസം ആയിരിക്കും നിങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം പകരുന്നത്.
അത്തരത്തിലൊരാളുടെ വാക്കുകളാണ് എന്നെ എപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അയാള്‍ എനിക്ക് വേണ്ടി പലതും ചെയ്യുന്നുണ്ട്. ചിലതെല്ലാം അയാള്‍ അറിഞ്ഞുകൊണ്ടും, ചിലതൊക്കെ അയാള്‍ അറിയാതെയും.
പലരും അയാള്‍ വീണുപോയെന്നും, ഇനി തിരിച്ചു വരില്ലെന്നും, പലതും പറയും. പക്ഷേ നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ നിങ്ങള്‍ക്ക് അറിയാം, അയാള്‍ വരുമെന്ന്. മായാവി സിനിമയില്‍ സായികുമാര്‍ ഗോപികയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്, നീ പറയാറില്ലേ..എല്ലാ ആപത്തില്‍ നിന്നും രക്ഷിക്കാന്‍ കാവല്‍ മാലാഖയെ പോലെ ഒരാള്‍ വരുമെന്ന്. അയാള്‍ വരും.
ചിലരുടെ ജീവിതത്തില്‍ ഈ അയാള്‍ ഒരു ദൈവമായിരിക്കും.
ചിലര്‍ക്ക്, ഈ അയാള്‍ ഒരു കൂട്ടുകാരനായിരിക്കും.
ചിലര്‍ക്ക്, ഈ അയാള്‍ ഒരു അജ്ഞാതനായിരിക്കും.
എന്റെ ജീവിതത്തില്‍, ഈ അയാള്‍ മമ്മുക്കയാണ്.
ഞങ്ങളുടെ മൂത്തോന്‍.
ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ മമ്മുക്ക.
Happy Birthday Moothon

Content Highlights: Chandu Salimkumar shared a heartfelt day connection for Mammootty

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article