'ചോരകണ്ട് അറപ്പുമാറാത്ത, നിഘണ്ടുവിൽ 'ദയ' ഇല്ലാത്ത വില്ലന്മാരെ പരിശീലിപ്പിച്ചത് ഞാനാണ്'

9 months ago 5

Ajithlal Sivalal

അജിത് ലാൽ ശിവലാൽ, കലൂരിലെ സ്റ്റുഡിയോയിൽ അഭിനയപരിശീലനത്തിനിടയിൽ അജിത്‌ | Photo: Special Arrangement

കൊച്ചി: എങ്ങനെയാണ് രസമുണ്ടാകുന്നത്? രസമുണ്ടാകുകയല്ല, ഉണ്ടാക്കുകയല്ലേ. സിനിമാ ഡയലോഗ് ഓർമ്മിപ്പിച്ച് അജിത് ലാൽ ശിവലാൽ മറുപടി പറഞ്ഞു. നാടക- സിനിമ അഭിനേതാക്കളിൽ ഭാവരസങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്ന ജോലിയാണ് അജിത്തിന്റേത്. കലൂരിലെ സ്റ്റുഡിയോ ഫാൺ ടിയറയിലാണ് ഇദ്ദേഹത്തിന്റെ ആക്ടിങ് ലാബോറട്ടറി. ഓഫീസർ ഓൺ ഡ്യൂട്ടി സിനിമയിലെ വില്ലൻ ഗ്യാങ്ങിന്റെ കൊടുംക്രൂരകൃത്യങ്ങളുടെ പിന്നിൽ അജിത്തുണ്ട്. രേഖാചിത്രത്തിലെ സറിൻ ഷിഹാബിന്റെ കഥാപാത്രത്തെയും ക്രിസ്റ്റി സിനിമയിലെ കുട്ടിക്കൂട്ടുകാരുടെ സംഘത്തിനും ഭാവങ്ങൾ രൂപപ്പെടുത്തിയെടുക്കാനും ഇദ്ദേഹം സഹായിച്ചു. ത്രിശങ്കു, പൂക്കാലം എന്നീ സിനിമകളുടെ കാസ്റ്റിങ് ഡയറക്ടർകൂടിയാണ് ഈ കൊല്ലംകാരൻ. റിലീസിന് ഒരുങ്ങുന്ന ധനുഷ് നായകനായ കുബേരനിലും ഷാഹി കബീർ സംവിധാനം ചെയ്യുന്ന റോന്തിലും അജിത് സ്‌ക്രീനിൽ അഭിനയിച്ചിട്ടുണ്ട്.

കഥാപാത്രം വേറേ, അഭിനേതാവ് വേറേ

ചോരകണ്ട് അറപ്പുമാറാത്ത, നിഘണ്ടുവിൽ ദയ എന്ന വാക്കില്ലാത്ത വില്ലന്മാരെ പരിശീലിപ്പിച്ചത് ഞാനാണ്, നിഷ്കളങ്കമായി പുഞ്ചിരിച്ച്‌ അജിത് പറഞ്ഞു. ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നീ സിനിമകളിലെ വില്ലന്മാരെപ്പറ്റിയാണ് പറയുന്നത്. ഇവരുടെ കൈയടിനേടിയ തീവ്രപ്രകടനത്തിന് പിന്നിൽ എന്താണ്? അജിത് മറുപടിപറയാൻ തുടങ്ങി. തീവ്രവേഷങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാൻ പലരും സ്വന്തം ഓർമ്മകളെ ആശ്രയിക്കും. കുട്ടികൾക്കുപോലും ഇത്തരം കഥപാത്രങ്ങളെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരാറുണ്ടല്ലോ. അടുത്തിറങ്ങിയ ഒടിടി സീരീസ് അഡോളസെൻസ് ചൂണ്ടിക്കാട്ടി അജിത് പറഞ്ഞു. പക്ഷേ, ഇത് അഭിനേതാക്കളുടെ മാനസികനിലയെ കാര്യമായി ബാധിക്കും. ഇത്തരത്തിൽ നെര്‍വസ്‌ ബ്രേക്ഡൗൺ വരെ സംഭവിച്ച അഭിനേതാക്കളുടെ കഥകൾ ലോക സിനിമയിലുണ്ട് -അദ്ദേഹം ഓർമ്മിപ്പിച്ചു.

അഭിനയം മറ്റെല്ലാംപോലെ ഒരു ജോലിയാണ്. കഥാപാത്രവും അഭിനേതാവും തമ്മിലൊരു അകലം കൂടിയേ തീരൂ. കഥാപത്രങ്ങളിലേക്ക് പെട്ടെന്നു കയറി, പെട്ടെന്ന് ഇറങ്ങുന്ന പൊടിവിദ്യയാണ് അജിത് പരിശീലിപ്പിക്കുന്നത്. ഓർമകളെയല്ല, ഭാവനയെയാണ് ഇതിന് കൂട്ടുപിടിക്കാറ് -അജിത് വിവരിച്ചു. ഏറ്റവും വെല്ലുവിളിനിറഞ്ഞത് കുട്ടികളുമായുള്ള പരിശീലനമാണ്. വർഷങ്ങളായി വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പരിശീലനാനുഭവം അജിത് പങ്കുവെച്ചു. സാധാരണക്കാർക്കും അജിത്‌ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാറുണ്ട്.

നവരസത്തിന് മുൻപ് ജന്തുശാസ്ത്രം

മനുഷ്യരുടെ ഭാവമയങ്ങളിൽ ആകൃഷ്ടനാക്കുന്നതിനുമുൻപ് ജന്തുശാസ്ത്രമായിരുന്നു അജിത്തിന്‍റെ ഇഷ്ടവിഷയം. ബിരുദം സുവോളജിയിൽ. ട്യൂഷനെടുത്തിരുന്നു കുട്ടികൾക്ക്. അക്കാലത്ത് പഠിപ്പിക്കലിനോട് പ്രിയം തോന്നിത്തുടങ്ങി. ഇടയ്ക്കുള്ള നാടകാഭിനയം പിന്നെ സ്ഥിരമായി. അഭിനയം ഗൗരവമായി പഠിക്കണം. ആഗ്രഹം മത്സ്യബന്ധന തൊഴിലാളിയായ അച്ഛൻ ശിവലാലിനെ അറിയിച്ചു. അച്ഛന്റെ പിന്തുണ ലഭിച്ചതോടെ ബാഗ് പാക്ക് ചെയ്തു. നേരേ വിട്ടു ബെംഗളൂരു നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലേക്ക്. പഠനശേഷം തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ബെംഗളൂരുവിൽ നാടകവേദികളിൽ. ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിലെ സ്കൂളുകളിൽ. തന്റെ ആദ്യകാല അഭിനയജീവിതം അജിത് ഓർത്തു.

യുവ കലാകാരൻമാർക്കുള്ള കേരള സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ് ജേതാവായിരുന്നു അജിത്. ഫെലോഷിപ്പിന്റെ ഭാഗമായി സ്കൂളുകളിൽ അഭിനയം പഠിപ്പിക്കണം. ഇതിനായാണ് വരാന്ത്യങ്ങളിൽ കേരളത്തിലെത്തുന്നത്. കോവിഡിനുശേഷം സീൻ മാറ്റിപ്പിടിച്ചു. അങ്ങനെ കൊച്ചിയിലെത്തി. ഒറ്റയ്ക്കല്ല, അഭിനയ പരിശീലനത്തിനെല്ലാം മാനേജരായി ഭാര്യ അനാമികയുണ്ട് കൂടെ. കൊല്ലത്തുനിന്ന്‌ അച്ഛനും അമ്മ ജ്യോതിയും അനിയൻ അഭിലാലും വർക്ക്ഷോപ്പ് സന്ദർശിക്കാറുണ്ടെന്ന് അജിത് പറഞ്ഞു.

Content Highlights: Ajithlal Sivalal, a renowned acting coach, helps actors successful Malayalam films cleanable their roles

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article