
അനൂപ് വെള്ളാറ്റഞ്ഞൂർ | Photo: Instagram/ Anoop Vellattanjur
വടക്കാഞ്ചേരി: ‘ആദ്യമായ് കണ്ടനാൾ/പാതിവിരിഞ്ഞുനിൻ പൂമുഖം...’ ഞായറാഴ്ച വെള്ളാറ്റഞ്ഞൂർ വികസനസമിതിയോഗത്തിന്റെ സമാപന കലാവിരുന്നിൽ ഈ ഗാനം ആലപിച്ചാണ് അനൂപ് വെള്ളാറ്റഞ്ഞൂർ മടങ്ങിയത്. തൃശ്ശൂർ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം തിങ്കളാഴ്ച സ്കൂളിലെത്തി ക്ലാസ് എടുത്തിരുന്നു. പക്ഷേ, ചൊവ്വാഴ്ച പാട്ടുജീവിതം അവസാനിപ്പിച്ച് അനൂപ് സ്വയം മരണത്തിലേക്കു മടങ്ങി. നഗരത്തിലെ ഫ്ലാറ്റിൽ സജ്ജീകരിച്ചിരുന്ന സ്റ്റുഡിയോയിലാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇലഞ്ഞിക്കൂട്ടം ബാൻഡിന്റെ ഡയറക്ടറാണ് 41-കാരനായ അനൂപ്.
ഇടക്കയിലും ഗിറ്റാറിലും ഹാർമോണിയത്തിലുമെല്ലാം അനൂപ് കൈവഴക്കം നേടിയിരുന്നു. സിനിമാഗാനങ്ങളും ശാസ്ത്രീയസംഗീതവും സോപാനസംഗീതവും കവിതയുമെല്ലാം പല വേദികളിൽ അവതരിപ്പിച്ചു. ഞായറാഴ്ചത്തെ സംഗീതപരിപാടിക്കുശേഷം മടങ്ങുമ്പോൾ സുഹൃത്തുക്കളോട് തന്റെ ആഗ്രഹം പങ്കുവെക്കുകയും ചെയ്തിരുന്നു- ‘‘ജൻമനാടായ വെള്ളാറ്റഞ്ഞൂർ എന്റെ പേരിൽക്കൂടി പ്രശസ്തമാകണം.’’ പുതുതായി വാങ്ങിയ കാറിലായിരുന്നു ഈ വരവ്. വീട്ടുകാരുടെ കുട്ടനും നാട്ടുകാരുടെ അനൂപ്‌മാഷുമായിരുന്നു അനൂപ് വെള്ളാറ്റഞ്ഞൂർ.
ചെണ്ടയിലെ കുലപതി മൂത്തമന കേശവൻ നമ്പൂതിരിയുടെ പേരക്കുട്ടിയുടെ മകനായ ഇദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് ഹാർമോണിയം കലാകാരനും നാടകഗാനഗായകനുമായ പിതൃസഹോദരൻ കേശവൻ വെള്ളാറ്റഞ്ഞൂരിൽനിന്നാണ്.
തൃശ്ശൂർ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിൽ ഈ പ്രതിഭയുടെ മികച്ച ശിക്ഷണത്തിൽ യുവജനോത്സവവേദികളിൽ നിരവധിപേർ വിജയകിരീടമണിഞ്ഞു. കുട്ടികൾക്കൊപ്പം അവരുടെ കൂട്ടുകാരനായി പാട്ടുപാടിനടക്കുന്ന രീതിയായിരുന്നു അദ്ദേഹംത്തിന്റേത്.
കേരളവർമ കോളേജിൽ ഗസ്റ്റ് അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് കുടുംബാംഗമാണ്. തയ്യൂർ ഗവ.സ്കൂൾ അധ്യാപികയായിരുന്ന രാജലക്ഷ്മിയുടെയും പുറ്റേക്കര സെയ്‌ന്റ് ജോർജ് സ്കൂളിലെ റിട്ട. പ്രധാനാധ്യാപകൻ പരേതനായ പീതാംബരന്റെയും മകനാണ്. ഭാര്യ: ഡോ. പാർവതി. മക്കൾ: പാർവണ, പാർഥിപ്. സംസ്കാരം ബുധനാഴ്ച രാവിലെ വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ. മരണത്തിൽ ദുരൂഹത കണ്ടെത്തിയിട്ടില്ലെന്നും ആത്മഹത്യാകുറിപ്പിൽ ആരും ഉത്തരവാദികളല്ലെന്നാണ് എഴുതിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.
പ്രിയ അനുജാ, നിങ്ങളുടെ ചിരി, അത് ഒരിക്കലും മായുകയില്ല...
വിവേകോദയം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും ഗായകനുമായ അനൂപിന്റെ അകാല വേർപാടിൽ ഞെട്ടലും വേദനയും പങ്കുവച്ച് മന്ത്രി ആർ. ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മന്ത്രി കേരളവർമ കോളേജിൽ അധ്യാപികയായിരുന്ന കാലയളവിൽ അനൂപ് അവിടെ താത്കാലിക അധ്യാപകനായിരുന്നു. തൃശ്ശൂർ പൂരത്തിന് തെക്കേഗോപുരനടയിൽ ചാനൽപരിപാടിയിൽ കുട്ടികളോടൊപ്പം ഗിറ്റാർ മീട്ടി പാടിയപ്പോൾ മന്ത്രിയും കൂടെ പാടിയിരുന്നു. ‘എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ’ എന്നതായിരുന്നു ആ ഗാനമെന്ന് മന്ത്രി ഓർമിച്ചു.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന്:
ദീപ്തമായ ഈ പുഞ്ചിരി ഇനിയാർക്കും കാണാനാകില്ല. പ്രിയപ്പെട്ട അനൂപ്, അനുഗൃഹീതമായ ഒരു ജീവിതം എന്തിനാണ് പാതിവഴി പോലുമെത്തുംമുൻപ് അവസാനിപ്പിച്ചുകളഞ്ഞത്? പാട്ടും ഉപകരണസംഗീതവും സർഗാത്മകത ഉടൽപൂണ്ടതുപോലുള്ള സംഘാടനവൈഭവവുമുള്ള, വിദ്യാർഥികളുടെ സ്നേഹം ആവോളം ലഭിച്ചിരുന്ന അവരുടെ ഉറ്റ ചങ്ങാതിയായ മാഷായി നിങ്ങൾ എത്ര പേരെ പ്രചോദിപ്പിച്ചു!
വിവേകോദയം സ്കൂളിലെ കുട്ടികളെ സംസ്ഥാന യുവജനോത്സവത്തിനുൾപ്പെടെ പരിപാടികൾ അവതരിപ്പിക്കാൻ പരിശീലിപ്പിച്ച നിങ്ങൾ, കേരളവർമ കോളേജിൽ ഗസ്റ്റ് ലക്ചറർ ആയിരിക്കേ, ഞങ്ങൾ സഹപ്രവർത്തകരുടെയും വിദ്യാർഥികളുടെയും ജീവിതത്തിൽ സംഗീതവും പ്രകാശവും നിറച്ച നിങ്ങൾ, എല്ലാവരുടെയും മനം കവർന്ന സ്നേഹഭാജനം ആയിരുന്ന നിങ്ങൾ എന്തിനിത് ചെയ്തു എന്നറിയില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ്പ് ലൈനിലേക്ക് വിളിക്കുക. Toll escaped helpline number: 1056, 0471-2552056)
Content Highlights: Anoop Vellattanjur, a renowned instrumentalist and teacher, recovered dormant successful Thrissur
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·