ജയലളിതയ്ക്കുവേണ്ടി കുരിശിലേറിയ ഷിഹാന്‍ ഹുസൈനി അന്തരിച്ചു; മരണം രക്താര്‍ബുദത്തോട് പോരാടി

9 months ago 8

25 March 2025, 09:34 AM IST

Shihan Hussaini HU

ഷിഹാൻ ഹുസൈനി, ജയലളിതയ്ക്കുവേണ്ടി സ്വയം കുരിശിലേറിയപ്പോൾ | Photo: Facebook/ Shihan Hussaini HU, File Photo/ Mathrubhumi Archives

മിഴ് നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ കുടുംബമാണ് മരണവിവരം അറിയിച്ചത്. ചെന്നൈ ബസന്ത് നഗറിലെ വസതിയായ ഹൈക്കമാന്‍ഡിലെ പൊതുദര്‍ശനത്തിന് ശേഷം മധുരയിലായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍.

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധകന്‍ എന്ന നിലയിലും ഷിഹാന്‍ ഹുസൈനി പ്രസിദ്ധനാണ്. ഭാര്യയും ഒരു മകളുമുണ്ട്. കരാട്ടയിലെ കാട്ടകള്‍ പ്രദര്‍ശിപ്പിച്ചും അമ്പെയ്തും അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഹുസൈനിയുടെ ശിഷ്യരോടും മാതാപിതാക്കളോടും പരിശീലകരോടും കുടുംബം അഭ്യര്‍ഥിച്ചു.

വളരെ നാളായി ഹുസൈനി രക്താര്‍ബുദത്തോട് മല്ലിടുകയായിരുന്നു. തന്റെ ആരോഗ്യസ്ഥിതി തുടര്‍ച്ചയായി അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ഹുസൈനിയുടെ ചികിത്സയ്ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ സഹായധനം അനുവദിച്ചിരുന്നു. മരണാനന്തരം തന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

കമല്‍ ഹാസന്റെ പുന്നഗൈ മന്നനിലൂടെ 1986-ലാണ് അദ്ദേഹം സിനിമയിലെത്തിയത്. രജനീകാന്തിന്റെ വേലൈക്കാരന്‍, ബ്ലഡ് സ്റ്റോണ്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. വിജയ് സേതുപതിയുടെ കാതുവാക്കിലെ രണ്ടു കാതല്‍ ആണ് അവസാന ചിത്രങ്ങളില്‍ ഒന്ന്. തമിഴ് ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായിരുന്നു.

2015-ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയാവാന്‍ സ്വയം കുരിശിലേറി ഹുസൈനി വാര്‍ത്തകളില്‍ നിരഞ്ഞിരുന്നു. ആറ് മിനിറ്റും ഏഴ് സെക്കന്‍ഡും ഹുസൈനി ജയലളിതയ്ക്കുവേണ്ടി കുരിശില്‍ തൂങ്ങിക്കിടന്നു. ആറിഞ്ച് നീളമുള്ള ആണികളായിരുന്നു ഹുസൈനിയുടെ പാദങ്ങളിലും കൈത്തലങ്ങളിലും അടിച്ചുകയറ്റിയത്. ജയലളിതയുടെ മരണത്തിന് പിന്നാലെ 2016-ല്‍ 'അമ്മ മക്കള്‍ മുന്നേട്ര അമൈപ്' (അമ്മ) എന്ന പേരില്‍ ഹുസൈനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ജയലളിതയുടെ മരണത്തിന് പ്രതികാരം ചോദിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു അവകാശവാദം.

Content Highlights: Shihan Hussaini passed away

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article