ജയിലിൽ കൊലപാതകക്കേസ് പ്രതികളുമൊത്ത് നാടകട്രൂപ്പും റേഡിയോ സ്റ്റേഷനും തുടങ്ങി -സഞ്ജയ് ദത്ത്

4 months ago 4

Sanjay Dutt

സഞ്ജയ് ദത്ത് | ഫോട്ടോ: AFP

യിൽ ജീവിതത്തിനിടെ മനസിലാക്കിയ കഠിനമായ യാഥാർത്ഥ്യങ്ങളെ അതിജീവിക്കാൻ അഭിനയത്തോടുള്ള തന്റെ അഭിനിവേശം എങ്ങനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തി നടൻ സഞ്ജയ് ദത്ത്. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ അതിഥിയായി എത്തിയപ്പോഴാണ് തടവറയിൽകഴിഞ്ഞ നാളുകളിലെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്. ആ വർഷങ്ങൾ തന്നിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും താരം ഓർത്തെടുത്തു.

ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത്, കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടവർ ഉൾപ്പെടെയുള്ള സഹതടവുകാരെ അഭിനേതാക്കളാക്കി ഒരു നാടക സംഘം ആരംഭിച്ചതായി സഞ്ജയ് ദത്ത് വെളിപ്പെടുത്തി. "ഞാനായിരുന്നു സംവിധായകൻ," എന്നാണ് ഇതേക്കുറിച്ച് അല്പം നർമം കലർത്തി സഞ്ജയ് ദത്ത് പറഞ്ഞത്. ഇതിഹാസ താരങ്ങളായ തന്റെ മാതാപിതാക്കളായ നർഗീസിനെയും സുനിൽ ദത്തിനെയും അദ്ദേഹം ഷോയ്ക്കിടെ ഓർത്തെടുത്തു. ജീവിതത്തിൽ സംഭവിച്ച ഒന്നിലും തനിക്ക് ഖേദമില്ല. മാതാപിതാക്കൾ തന്നെ നേരത്തെ വിട്ടുപോയി എന്നതാണ് ഒരേയൊരു സങ്കടം. അവരെ ഒരുപാട് മിസ്സ് ചെയ്യുന്നുവെന്ന് സഞ്ജയ് ദത്ത് പറഞ്ഞു.

"ജയിലിൽവെച്ച് കസേരകളും പേപ്പർ ബാ​ഗുകളും ഉണ്ടാക്കി. അതിന് കൂലിയും ലഭിച്ചിരുന്നു. പിന്നീട് ഞാൻ ജയിലിനുള്ളിൽ ഒരു റേഡിയോ സ്റ്റേഷൻ വരെ തുടങ്ങി. റേഡിയോ വൈസിപി എന്നായിരുന്നു അതിന്റെ പേര്. ഞങ്ങൾക്ക് സംസാരിക്കാൻ വിഷയങ്ങളുണ്ടായിരുന്നു, കോമഡിയും ചെയ്തിരുന്നു. പരിപാടി അവതരിപ്പിച്ചത് ഞാനായിരുന്നു, മൂന്നോ നാലോ തടവുകാർ സ്ക്രിപ്റ്റ് എഴുതാൻ സഹായിച്ചു," അദ്ദേഹം ഓർത്തെടുത്തു.

1993-ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചതിന് 2007-ൽ ടെററിസ്റ്റ് ആൻഡ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (TADA) പ്രകാരം സഞ്ജയ് ദത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2013-ൽ സുപ്രീം കോടതി വിധി ശരിവെച്ചതിനെത്തുടർന്ന് താരം കീഴടങ്ങുകയും 2013-നും 2016-നും ഇടയിൽ പുണെയിലെ യേർവാഡ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 2016-ൽ ജയിൽ മോചിതനായ ശേഷം സഞ്ജയ് ദത്ത് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി.

'ബാഗി 4' എന്ന ആക്ഷൻ ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ടൈഗർ ഷ്രോഫ്, സോനം ബജ്‌വ, ഹർനാസ് കൗർ സന്ധു, ശ്രേയസ് തൽപഡെ, സൗരഭ് സച്ച്ദേവ, ഉപേന്ദ്ര ലിമായെ, ഷീബ ആകാശദീപ് സാബിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Content Highlights: Sanjay Dutt: How Acting and Prison Theatre Helped Me Endure Incarceration

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article