
നസ്ലിൻ, നസ്ലിൻ ചെന്നൈയിലെ പരിപാടിയിൽ | Photo: Instagram/ fariz_lezin_, YouTube: Cineulagam
നസ്ലിന്‍, ഗണപതി, ലുക്മാന്‍, സന്ദീപ് പ്രദീപ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ഖാലിദ് റഹ്‌മാന്‍ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസായി വ്യാഴാഴ്ച എത്തുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. കോളേജ് പഠനത്തിന് അഡ്മിഷന്‍ ലഭിക്കാനായി സംസ്ഥാനതല കായിക മേളയില്‍ ബോക്‌സിങ് വിഭാഗത്തില്‍ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാര്‍ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നതെന്ന് ഖാലിദ് റഹ്‌മാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രമോഷനുകള്‍ വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി 'ആലപ്പുഴ ജിംഖാന' ടീം തമിഴ്‌നാട്ടില്‍ ഒരുപരിപാടിയില്‍ പങ്കെടുത്തിരുന്നു. എസ്ആര്‍എം കോളേജില്‍ നടന്ന പരിപാടിയിലെ നസ്ലിന്റെ ഒരു വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ സദസ്സിലുള്ളവരുമായി നസ്ലന്‍ സംവദിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
പരിപാടിയുടെ അവതാരകന്‍ നസ്ലിനോട് ചിത്രത്തെക്കുറിച്ചും സംവിധായകനെക്കുറിച്ചും സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഖാലിദ് റഹ്‌മാന്‍ അസാമാന്യ കഴിവുള്ള സംവിധായകനാണെന്ന് നസ്ലിന്‍ പറഞ്ഞു. തുടര്‍ന്ന് ചാന്‍സ് ചോദിച്ച് ഖാലിദ് റഹ്‌മാന് മെസ്സേജ് അയച്ച കഥപറയാനൊരുങ്ങവെ സദസ്സില്‍നിന്ന് നസ്ലിനോട് ചോദ്യമുയര്‍ന്നു. ഇതിന് തെലുങ്ക് അറിയില്ലെന്ന് നെസ്ലിന്‍ മറുപടി നല്‍കി. തെലുങ്ക് ഓഡിയന്‍സ് ഉണ്ടോയെന്ന് തമിഴില്‍ ചോദിച്ച നെസ്ലിന്‍, 'എല്ലാവരുമേ നമ്മ ആള്‍കള്‍ താന്‍', എന്നും കൂട്ടിച്ചേര്‍ത്തു.
'വലിയ പ്രഷറിലാണ് ഞങ്ങള്‍ സത്യം പറഞ്ഞുകഴിഞ്ഞാല്‍ നില്‍ക്കുന്നത്. ഇവിടെയുള്ള വൈവിധ്യം അടുത്തറിയാന്‍ പറ്റുന്നതില്‍ ഒത്തിരി സന്തോഷമുണ്ട്', എന്ന് പറഞ്ഞ നെസ്ലിന്‍ ജയ് ബാലയ്യ എന്ന് പറഞ്ഞായിരുന്നു സംഭാഷണം അവസാനിപ്പിച്ചത്. ഇതിന് വലിയ കൈയടിയാണ് സദസ്സില്‍നിന്ന് ലഭിച്ചത്. ഈ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.
Content Highlights: Alappuzha Gymkhana Naslen K. Gafoor Jai Balayya viral video





English (US) ·