ജാനകി ഇനി ജാനകി വി.; സുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റാമെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ 

6 months ago 6

09 July 2025, 03:25 PM IST

jsk-movie-janaki-high-court

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള പോസ്റ്റർ, ഹൈക്കോടതി | Photos: Facebook, PTI

കൊച്ചി: സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍. പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി. എന്നാക്കി മാറ്റാമെന്ന് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞിരുന്നു.

ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യുകയും വേണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതെന്ന് നിര്‍മ്മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു. ജാനകി എന്ന പേര് ടൈറ്റിലില്‍ നിന്ന് ഒഴിവാക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും ബുദ്ധിമുട്ടാണ്. ഇക്കാര്യം കോടതിയെ അറിയിച്ചപ്പോഴാണ് സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.

സിനിമയുടെ റിലീസ് വൈകുന്നത് നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കും. ഒടിടിയുമായും നിര്‍മ്മാതാക്കള്‍ക്ക് കരാറുണ്ട്. ആ കരാറും ലംഘിക്കപ്പെടുന്നതിന്റെ വക്കിലാണുള്ളത്. ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുക. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് നിര്‍മ്മാതാക്കളും സംവിധായകനുമെല്ലാം ചേര്‍ന്ന് പേര് മാറ്റാമെന്ന് തീരുമാനിച്ചത്. കേസുമായി മുന്നോട്ട് പോയാല്‍ നൂറ് ശതമാനം വിജയിക്കുമെന്ന് അറിയാം. പക്ഷേ ഇവിടെ വിജയിച്ചാലും അപ്പീല്‍ പോകാന്‍ കഴിയും. അതുവഴി സിനിമയുടെ റിലീസ് വീണ്ടും വൈകുകയാണ് ചെയ്യുകയെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.

'പരിഹാസ്യമായ വാദങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കാത്തതുകാരണം അതൊന്നും കോടതിയില്‍ വാദിച്ചില്ല. ഒരു സിനിമയില്‍ 96 കട്ട് എന്നൊക്കെ പറയുന്നത് ചെയ്യാന്‍ പാടില്ലാത്തതാണെന്ന് സെന്‍സര്‍ ബോര്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ടാകും. അതാണ് അവരുടെ വക്കീല്‍ ഇന്ന് കോടതിയില്‍ പറഞ്ഞത്.' -ഹാരിസ് ബീരാന്‍ പറഞ്ഞു.

എഡിറ്റ് ചെയ്ത 24 മണിക്കൂറിനകം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാനാണ് അണിയറക്കാരുടെ ശ്രമം. പുതിയ പതിപ്പ് ലഭിച്ച്‌ മൂന്ന് ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. 24 മണിക്കൂറിനകം സിനിമ സമര്‍പ്പിച്ചാല്‍ ചൊവ്വാഴ്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അങ്ങനെയാണെങ്കില്‍ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.

Content Highlights: Producers of Suresh Gopi's JSK movie agreed to alteration name

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article