ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നത്?; ഇന്ത്യയിലെ മിക്ക പേരുകളും ദൈവത്തിന്റെ നാമങ്ങൾ-ഹൈക്കോടതി

6 months ago 7

സ്വന്തം ലേഖിക

30 June 2025, 05:06 PM IST

jsk kerala precocious   court

പ്രതീകാത്മക ചിത്രം | Photo: Facebook/ Pravin Narayanan, PTI

കൊച്ചി: സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന 'ജെ.എസ്.കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദർശന അനുമതിയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ജാനകി എന്ന പേരിലെന്താണ് കുഴപ്പം. പേരു മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നും സെൻസർ ബോർഡിനോട് ഹൈക്കോടതി അറിയിച്ചു. കേസിൽ ഹർജിക്കാരൻ്റെ ഭാഗം കേട്ട കോടതി കേസിൽ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റി.

അതേസമയം മത, ജാതി, വംശപരമായ വിദ്വേഷ പരാമർശങ്ങൾ പാടില്ലെന്ന് ഫിലിം സർട്ടിഫൈ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളിൽ പറയുന്നുണ്ടെന്ന വാദമാണ് ഇന്നും സെൻസർ ബോർഡ് കോടതിയിൽ ഉയർത്തിയത്. ജാനകി എന്ന പേര് എങ്ങനെ അവഹേളനമാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംസ്കാരവുമായി ബന്ധപ്പെട്ടെന്നാണ് സെൻസർ ബോർഡ് മറുപടി നൽകിയത്. ഇന്ത്യയിൽ 80 ശതമാനം പേരുകളും മതപരമായി ഉള്ളതാണ്. മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിൻ്റെ നാമങ്ങളാണ്. സിനിമയ്ക്ക് പേരിടുന്നത് കലാകാരന്റെ സ്വാതന്ത്ര്യമാണെന്നും സിനിമയുടെ പ്രമേയം എന്തായിരിക്കണമെന്നും പേര് എന്തായിരിക്കണം എന്നുമൊക്കെ കലാകാരനോട് സെൻസർ ബോർഡ് നിർദേശിക്കുന്നത് എങ്ങനെ ശരിയാകുമെന്നും ഹൈക്കോടതി ചോദിച്ചു. ചിത്രത്തിലെ നായികയുടെ പേരാണ് ജാനകി എന്നും നായിക ബലാത്സംഗ അതിജീവിതയാണെന്നും അവരുടെ പോരാട്ടമാണ് സിനിമയെന്നും കോടതിയെ അറിയിച്ച നിർമാണക്കമ്പനി സിനിമ കണ്ട് വിലയിരുത്താൻ കോടതിയെ ക്ഷണിക്കുകയും ചെയ്തു.

ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും 'ജാനകി' എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ച ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിരുന്നത്.

Content Highlights: Kerala High Court Questions Censorship of "Janaki": Film's Title Sparks Legal Battle

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article