ശ്രീലക്ഷ്മി മേനോൻ
09 July 2025, 11:48 AM IST

പ്രതീകാത്മക ചിത്രം | Photo: Facebook, PTI
കൊച്ചി: ജാനകി സിനിമാ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിലെ അവസാനഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
നേരത്തെ ചിത്രത്തില്‍ 96 കട്ടുകള്‍ വേണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നത്. ഈ നിലപാട് മാറ്റിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേരില്‍ കഥാപാത്രത്തിന്റെ ഇനീഷ്യലും ചേര്‍ത്ത് വി. ജാനകി അല്ലെങ്കില്‍ ജാനകി വി. എന്ന് നല്‍കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. സിനിമയില്‍ ജാനകി വിദ്യാധരന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കോടതി രംഗങ്ങളില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.
സിനിമയുടെ അവസാനരംഗത്ത് ക്രോസ് വിസ്താരം ചെയ്യുന്ന സീനില്‍ പലതവണ കഥാപാത്രത്തിന്റെ പേര് പറയുന്നുണ്ട്. അത് പൂര്‍ണമായും ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.
കേസില്‍ ഉച്ചയ്ക്ക് ഒന്നേമുക്കാലിന് വിശദമായി വാദം കേള്‍ക്കാമെന്നാണ് കോടതി പറഞ്ഞത്. ഉച്ചക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ അഭിപ്രായം കോടതിയെ അറിയിക്കും.
നടനും കേന്ദ്രമന്ത്രിയുംകൂടിയായ സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ'യിലെ കഥാപാത്രത്തിന്റെ ജാനകി എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇതിനെതിരേ ഒട്ടേറെ പ്രതിഷേധങ്ങളുയര്‍ന്നിട്ടും തങ്ങളുടെ തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി ഈ സിനിമ കണ്ടിരുന്നു. സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റിയും സിനിമയുടെ പേര് മാറ്റണമെന്ന നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് സിനിമ കാണാന്‍, ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് എന്‍. നഗരേഷ് തീരുമാനിച്ചത്.
Content Highlights: Janaki movie censorship Controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·