'ജോര്‍ജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കേണ്ട'; 'ദൃശ്യം 3'-യെക്കുറിച്ച് മോഹന്‍ലാല്‍

3 months ago 5

mohanlal drishyam pooja

മോഹൻലാൽ, ദൃശ്യം 3 പൂജാ ചടങ്ങിൽ മോഹൻലാൽ ആദ്യക്ലാപ്പ് അടിക്കുന്നു | Photo: Screen grab/ YouTube: Mathrubhumi News

ആദ്യരണ്ടുഭാഗങ്ങള്‍ സ്വീകരിച്ച പ്രേക്ഷകര്‍ ദൃശ്യം 3-യും മനസിലേറ്റുമെന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ലാല്‍. ചിത്രം വലിയ വിജയമാവട്ടെയെന്നാണ് തന്റെ പ്രാര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത്‌ പൂത്തോട്ട എസ്എന്‍ കോളേജില്‍ ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ദൃശ്യം 3 ചിത്രീകരണം തുടങ്ങുകയാണ്. ഈ സിനിമ ഒരു തടസ്സവും കൂടാതെ ഷൂട്ടിങ് നടക്കണേ, ചിത്രം ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് ആയി മാറണേ എന്നാണ് ഓരോ പൂജാ ചടങ്ങിലും മനസുകൊണ്ട് പ്രാര്‍ഥിക്കുന്നത്. അതുപോലെ ഞാന്‍ ഇന്നും പ്രാര്‍ഥിക്കുന്നു. ദൃശ്യം ഒന്നും രണ്ടും മനസ്സിലേറ്റിയ പ്രേക്ഷകര്‍ മൂന്നും മനസ്സിലേറ്റി നടക്കട്ടേയെന്നാണ് പ്രാര്‍ഥന', മോഹന്‍ലാല്‍ പറഞ്ഞു.

'ജോര്‍ജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കേണ്ട', എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മോഹന്‍ലാല്‍ തമാശരൂപേണ പ്രതികരിച്ചത്. 'ഈ ആകാംക്ഷയാണ് 'ദൃശ്യ'ത്തിന്റെ സവിശേഷത. കഥ പറയല്ലേ എന്ന് സംവിധായകന്‍ എന്നോട് പറഞ്ഞു, അതുകൊണ്ട് പറയാന്‍ പറ്റില്ല'- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച സമയത്ത് ദൃശ്യം 3 ഷൂട്ടിങ് ആരംഭിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 'ഈ സമയവും ദിവസവും ഞങ്ങള്‍ക്ക് ഏറ്റവും മറക്കാന്‍ പറ്റാത്തതാണ്. മോഹന്‍ലാല്‍ സാറിന് ഇത്രയും വലിയ അംഗീകാരം കിട്ടി. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായാണ് ഞാന്‍ കാണുന്നത്'- അദ്ദേഹം പറഞ്ഞു.

'ഒന്നിച്ചുള്ള യാത്ര, മോഹന്‍ലാല്‍ സാറിന്റെ കൂടെ ചേര്‍ന്നുനിന്ന് ഇത്രയും വര്‍ഷം ജീവിക്കാന്‍ സാധിച്ചു എന്ന് പറയുന്നതുതന്നെ എന്നെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ളതാണ്. മലയാള ഭാഷയ്ക്ക് അഭിമാനിക്കാവുന്ന സമയമാണ്. 'ദൃശ്യം 3' ഏറ്റവും പ്രിയ്യപ്പെട്ടതാണ്. ഈ സമയത്ത് അത് തുടങ്ങാന്‍ കഴിയുന്നു എന്നത് ഏറ്റവും വലിയ സന്തോഷം തരുന്ന കാര്യമാണ്'- ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Mohanlal expresses excitement for Drishyam 3 shoot

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article