'ജോലിയുടെ സ്ഥാനത്ത് ധൈര്യമായി ഞാനെഴുതി, 'തിരക്കഥാകൃത്ത്'; വൈകാരികമായ കുറിപ്പുമായി അഭിലാഷ് പിള്ള

10 months ago 7

23 March 2025, 02:11 PM IST

abhilash-pillai

അഭിലാഷ് പിള്ള, സോഷ്യൽമീഡിയാ കുറിപ്പ് | Photo: Instagram/abhilash__pillaii

നൈറ്റ് ഡ്രൈവ്, പത്താംവളവ്, മാളികപ്പുറം തുടങ്ങിയ സിനിമകളുടെ തിരക്കഥകളിലൂടെ ശ്രദ്ധേയനാണ് അഭിലാഷ് പിള്ള. സിനിമയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനായി ജോലിയില്‍നിന്ന് രാജിവെച്ച സമയത്ത് തനിക്കുണ്ടായ ഒരു അനുഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ അഭിലാഷ്. 'ജീവിതത്തിലെ ചില മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍' എന്ന തലക്കെട്ടോടെ സ്‌കൂള്‍ അഡിമിഷന്‍ ഫോമും മകളോടൊപ്പമുള്ള ചിത്രങ്ങളും ചേര്‍ത്താണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

2019 മാര്‍ച്ചില്‍ മൂത്ത മകള്‍ വൈഗയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനായി സ്‌കൂളിലെത്തിയ അഭിലാഷിന് തന്റെ ജോലി സംബന്ധിച്ച വിവരം വ്യക്തമാക്കേണ്ട കോളത്തില്‍ എന്തെഴുതണം എന്ന് സംശയിച്ചുനില്‍ക്കേണ്ടി വന്നതും പിന്നീട് തിരക്കഥാകൃത്ത് എന്ന് എഴുതിവെച്ചതും കുറിപ്പില്‍ പറയുന്നു. ഏത് സിനിമയാണ് താന്‍ ചെയ്തത് എന്ന പ്രിന്‍സിപ്പലിന്റെ ചോദ്യത്തിന് ഒരു സിനിമയും ചെയ്തിട്ടില്ലെന്നും മകള്‍ ഈ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങുന്നതിനു മുമ്പേ ഒരു സിനിമയെങ്കിലും ചെയ്യുമെന്നും താന്‍ മറുപടി പറഞ്ഞതായും അഭിലാഷ് വിവരിക്കുന്നു. എന്നാല്‍ ഇതേ സ്‌കൂളില്‍ ഇളയമകളെ ചേര്‍ക്കാനായി പോയപ്പോള്‍ ധൈര്യപൂര്‍വം ജോലി എന്താണെന്ന് എഴുതാന്‍ തനിക്കായെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം;

ജീവിതത്തിലെ ചില മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍.
ഈ ഫോമിനും എനിക്കും ഒരു 6 വര്‍ഷത്തെ ബന്ധമുണ്ട്, കൃത്യമായി പറഞ്ഞാല്‍ 2019 മാര്‍ച്ചില്‍ മൂത്ത മകള്‍ വൈഗയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനായി ഭവന്‍സ് സ്‌കൂളില്‍ പോകുന്നു സിനിമക്ക് വേണ്ടി ഇന്‍ഫോംപാര്‍ക്കിലെ ജോലി രാജി വെച്ച് ഇറങ്ങിയിട്ട് അന്ന് ഏകദേശം 5 വര്‍ഷം കഴിഞ്ഞിരുന്നു. സിനിമ ചെയ്യുമെന്ന പ്രതീക്ഷയൊക്കെ നശിച്ചിരുന്നു. സ്‌കൂളില്‍ നിന്നും ഈ ഫോം പൂരിപ്പിക്കാന്‍ തന്നപ്പോള്‍ ഞാന്‍ ഒന്ന് ടെന്‍ഷന്‍ ആയി. കാരണം എന്റെ ജോലിയുടെ സ്ഥാനത്തു എഴുതാന്‍ എനിക്ക് ഒരുത്തരമില്ലാരുന്നു, എന്നും രാവിലെ തിരക്കഥയുമായി ലൊക്കേഷനുകള്‍ കയറി ഇറങ്ങുന്ന കാലമായിരുന്നു അത്, രണ്ടും കല്പിച്ചു ജോലിയുടെ സ്ഥാനത്ത് തിരക്കഥകൃത്ത് എന്നെഴുതുമ്പോള്‍ കണ്ണ് നിറഞ്ഞത് ആരും കാണാതെ ഇരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ആ സമയവും വൈഗമോള്‍ എന്നെ തന്നെ ചേര്‍ന്നു നില്‍ക്കുന്നുണ്ടാരുന്നു. ഫോം പരിശോധിച്ച അന്നത്തെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നോട് ഏതു സിനിമയാണ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് ധൈര്യമായി ഞാന്‍ പറഞ്ഞു; 'സിനിമ ഒന്നും ചെയ്തിട്ടില്ല. പക്ഷെ എന്റെ മകള്‍ ഈ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങുന്നതിനു മുന്നേ ഒരു സിനിമയെങ്കിലും ഞാന്‍ ചെയ്യു'മെന്ന്. അന്നാ സ്‌കൂളില്‍ നിന്നും വൈഗയുടെ കൈ പിടിച്ചു പുറത്ത് ഇറങ്ങിയപ്പോള്‍ അവളോടും ഞാന്‍ പറഞ്ഞു അച്ഛന്റെ സിനിമ നടക്കുമെന്ന്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഇളയ മകള്‍ മീനാക്ഷിയെ അതേ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ വീണ്ടും ഫോം പൂരിപ്പിക്കാന്‍ തന്നു. പക്ഷെ ഇത്തവണ അത് പൂരിപ്പിക്കുമ്പോള്‍ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു. കാരണം എന്റെ വൈഗമോള്‍ അവിടെ ഓടി നടന്നു അഭിമാനത്തോടെ അച്ഛന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ ടീച്ചറുമാരോട് പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. എന്നെ ചേര്‍ന്നു നിന്ന മീനാക്ഷിയെ നോക്കിയൊന്നു ചിരിച്ചിട്ട് ധൈര്യമായി ആ ഫോമിലെ ജോലിയുടെ സ്ഥാനത്തു ഞാന്‍ എഴുതി 'തിരക്കഥാകൃത്ത്'.

Content Highlights: Screenwriter Abhilash Pillai`s societal media post

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article