
ഇർഷാദ്, മമ്മൂട്ടി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ, നിജിത്ത് ആർ. നായർ | മാതൃഭൂമി
ഞായറാഴ്ച പിറന്നാളാഘോഷിക്കുന്ന നടൻ മമ്മൂട്ടിക്ക് ആശംസകളുമായി നടൻ ഇർഷാദ്. അസാന്നിധ്യം കൊണ്ട് നിറഞ്ഞുനിൽക്കുന്ന മമ്മൂക്ക എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ മലയാളികൾ ഏറ്റവും കൂടുതൽ തിരക്കിയത് ഒരുപക്ഷേ മമ്മൂട്ടിയെക്കുറിച്ചാവും എന്ന് ഇർഷാദ് എഴുതി. എത്രയോ വിശേഷാവസരങ്ങൾ കടന്നുപോയപ്പോഴും അവിടെയെല്ലാം തന്റെ അസാന്നിധ്യത്തിലും മമ്മൂട്ടി നിറഞ്ഞുനിന്നു. മമ്മൂട്ടിയെ മലയാളികൾ എത്രമാത്രം സ്നേഹിക്കുന്നുവെന്നും അതിന്റെ തീവ്രത അളക്കാനാവാത്തതാണെന്നും തിരിച്ചറിഞ്ഞത് ഈ ദിവസങ്ങളിലാണെന്നും ഇർഷാദ് കുറിച്ചു.
ഇർഷാദിന്റെ സോഷ്യൽ മീഡിയാ കുറിപ്പിന്റെ പൂർണരൂപം:
'അസാന്നിധ്യം' കൊണ്ട് നിറഞ്ഞു നിൽക്കുന്ന മമ്മൂക്ക!
******
കഴിഞ്ഞ ആറുമാസത്തിനിടെ മലയാളികൾ ഏറ്റവും കൂടുതൽ തിരക്കിയത് ഒരുപക്ഷെ ഈ മനുഷ്യനെ കുറിച്ചാവും. ഒട്ടും പരിചയമില്ലാത്ത മനുഷ്യർ പോലും കാണുമ്പോൾ അടുത്ത് വന്നു വേവലാതിയോടെ തിരക്കിയിട്ടുണ്ട്,"മൂപ്പർക്ക് കുഴപ്പമൊന്നുമില്ലല്ലോ, മൂപ്പരു ഓക്കെ അല്ലെ? " എന്നൊക്കെ...
മമ്മൂക്കയെ കാണാൻ കൊതിച്ച്, വിശേഷങ്ങൾ അറിയാൻ ആഗ്രഹിച്ച് എത്രയോ ലക്ഷം മനുഷ്യർ...
ഇതിനിടയിൽ, അമ്മ ജനറൽ ബോഡി മീറ്റിംഗ്, അമ്മ ഇലക്ഷൻ, ഇപ്പോൾ ഓണം... എത്രയോ വിശേഷാവസരങ്ങൾ കടന്നുപോയി... അവിടെയെല്ലാം 'അസാന്നിധ്യത്തിനിടയിലും നിറഞ്ഞു നിന്നു' മമ്മൂക്ക.... ഇവിടെ ഉണ്ടായിരുന്നെങ്കിലെന്നു തോന്നിപ്പിച്ചുകൊണ്ടേയിരുന്നു! മമ്മൂക്ക ഉണ്ടായിരുന്നെങ്കിൽ ഏത് കോസ്റ്റ്യൂമിലാവും വരിക, ഏത് വണ്ടിയിലായിരിക്കും വന്നിറങ്ങുക? മമ്മൂക്കയുടെ കയ്യൊപ്പുള്ള ആ മാസ്സ് എൻട്രി അത്രയേറെ മിസ് ചെയ്തിരുന്നല്ലോ!
കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ജീവിതത്തിന്റെ ഭാഗമായ ആ മനുഷ്യനെ മലയാളികളൊക്കെ എത്രത്തോളം സ്നേഹിക്കുന്നുവെന്നും അതിന്റെ തീവ്രത അളക്കാൻ ആവാത്തതാണെന്നും തിരിച്ചറിഞ്ഞത് ഈ ദിവസങ്ങളിൽ ആണ്...
'ഒടുവിലെ ടെസ്റ്റും ഞാൻ പാസ്സായി കഴിഞ്ഞെടാ " എന്ന ആ വാക്കുകൾ നമ്മളൊക്കെ എത്ര ആശ്വാസത്തോടെയാണ് കേട്ടത്... പാസ്സാവാതെ എവിടെ പോവാൻ! ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലാത്ത മനുഷ്യരുടെ പോലും, 'എവിടെയാണെങ്കിലും സുഖമായി, ആരോഗ്യത്തോടെ ഇരിക്കണേ!' എന്ന എണ്ണിയാലൊടുങ്ങാത്ത പ്രാർത്ഥനകൾ പരിച തീർത്തിരുന്നല്ലോ മമ്മൂക്കയ്ക്ക് ചുറ്റും...
കാത്തിരിപ്പിനോളം വലിയ പ്രാർത്ഥനയില്ലെന്ന് എം ടി പറഞ്ഞത് എത്ര സത്യമാണ്...
കൊതിയോടെ കാത്തിരിക്കുകയാണ് മമ്മൂക്കയെ സ്നേഹിക്കുന്നവരെല്ലാം... കൺനിറയെ വീണ്ടും കാണാൻ... മമ്മൂക്ക നിറയുന്ന വേദികൾക്കായി, വിസ്മയിപ്പിക്കുന്ന പകർന്നാട്ടങ്ങൾക്കായി....
പടച്ചവന്റെ ഖജനാവിൽ നിങ്ങളുടെ ആയുസ്സും ആരോഗ്യവും നിറഞ്ഞു കവിയാൻ ഞങ്ങളുടെ ആയുസ്സ് പകരം തരാം എന്ന് പറയാൻ നിങ്ങൾക്ക് എത്ര മലയാളികളെ വേണം! ജന്മദിനാശംസകൾ മമ്മുക്കാ.....
Content Highlights: Irshad pens a touching day tribute to Mammootty, highlighting the megastar`s profound impact
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·