'ഞങ്ങളുടെ ബന്ധം തെളിയിക്കാന്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യേണ്ടതുണ്ടോ?' വിവാദങ്ങൾക്ക് മറുപടിയുമായി ഭാവന

10 months ago 6

bhavana

ഭാവനയും നവീനും | Photo: instagram/ bhavana

വെള്ളിത്തിരയിലും ജീവിതത്തിലും പടപൊരുതി തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ഭാവന. ഇപ്പോഴിതാ വിവാഹമോചിതയാവുകയാണെന്ന ​ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. കന്നഡ സിനിമാവ്യവസായത്തിലെ തിരക്കേറിയ നിര്‍മാതാവാണ് ഭാവനയുടെ ഭര്‍ത്താവ് നവീന്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന വിവാഹമോചന വാര്‍ത്തകളിൽ വ്യക്തത വരുത്തിയത്.

'ഭര്‍ത്താവുമൊത്തുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാത്തതുകാരണം അവരെന്നെ വിവാഹമോചിതയെന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ച് തന്നെയാണ് ജീവിക്കുന്നത്. സ്വകാര്യതയെ മാനിക്കുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ ഏതെങ്കിലും ചിത്രം പോസ്റ്റ് ചെയ്താലും ആളുകള്‍ ഓരോ ഊഹാപോഹ കഥകള്‍ ഉണ്ടാക്കുകയും ചെയ്യും. ഞങ്ങളുടെ ബന്ധം തെളിയിക്കാനായി സെല്‍ഫികള്‍ പോസ്റ്റ് ചെയ്യേണ്ടതുണ്ടോ?' ഭാവന അഭിമുഖത്തില്‍ ചോദിക്കുന്നു.

തമിഴില്‍ നിരവധി വലിയ പ്രോജക്റ്റുകള്‍ ശ്രദ്ധക്കുറവ് കാരണം വിട്ടുപോയെന്നും ഭാവന പറയുന്നു. സിനിമാസെറ്റുകളെ വെക്കേഷന്‍ ട്രിപ്പുകള്‍ പോലെയാണ് കണ്ടത്. അതുകൊണ്ടുതന്നെ നിരവധി വലിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തേണ്ടി വന്നു. വിജയുടെ ബിഗ് ബജറ്റ് ചിത്രം പുലിയില്‍ ഹന്‍സിക മോട്വാണിയുടെ വേഷം കൈകാര്യം ചെയ്യാന്‍ ആദ്യം പരിഗണിച്ചത് ഭാവനയെയാണെന്നും നടി അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഭാവനയുടെ ദ ഡോര്‍ എന്ന തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 12 വര്‍ഷത്തിനു ശേഷം ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഭാവനയുടെ സഹോദരന്‍ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഭാവനയുടെ ഭര്‍ത്താവ് നവീന്‍ രാജനാണ് നിര്‍മിക്കുന്നത്. മാര്‍ച്ച് 28-നെത്തുന്ന ഈ ആക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം സഫയര്‍ സ്റ്റുഡിയോസ്സാണ് തീയേറ്ററില്‍ എത്തിക്കുന്നത്. ഗണേഷ് വെങ്കിട്ടരാമന്‍, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാര്‍, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപില്‍, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു.

Content Highlights: Bhavana Clarifies Divorce Rumors, Talks Career

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article