16 September 2025, 06:41 PM IST

മീന| Photo: facebook.com/AashirvadCinemasOfficial
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം പരമ്പരയുടെ മൂന്നാംഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. തിരക്കഥയുടെ ആദ്യഡ്രാഫ്റ്റ് എഴുതി പൂർത്തിയാക്കിയെന്നും ശാരീരികമായും മാനസികമായും ഏറെ തളർന്നുവെന്നും ജീത്തു ജോസഫ് നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ ദൃശ്യം ത്രീയൂടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി മീനയുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മീനയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് നിർമാതാക്കളായ ആശീർവാദ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്.
'ഞങ്ങളുടെ റാണിക്ക് പിറന്നാളാശംസകൾ' എന്നാണ് ആശീർവാദ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. 'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' എന്ന ടാഗ്ലൈനോടെയാണ് ദൃശ്യം ത്രീ ടൈറ്റിൽ എഴുതിയിരിക്കുന്നത്.
ദൃശ്യം ആദ്യഭാഗത്തിലെ ഏറെ ശ്രദ്ധേയമായ, ജോര്‍ജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന റീലിനൊപ്പം നേരത്തേ മൂന്നാംഭാഗത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരുന്നു. 'ദൃശ്യം 3 ഉടന്‍ വരുന്നു', എന്ന് വ്യക്തമാക്കുന്ന റീലിൽ ജീത്തു ജോസഫ്, മോഹന്‍ലാല്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പരസ്പരം കൈകൊടുത്തും ആലിംഗനംചെയ്തും അഭിവാദ്യംചെയ്യുന്നതും കാണാമായിരുന്നു.
2013-ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലെത്തിയ മലയാളം ക്രൈം ത്രില്ലര്‍ ചലച്ചിത്രമാണ് ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവും അത് മറച്ച് വെക്കാനുള്ള നായക കഥാപാത്രത്തിന്റേയും കുടുംബത്തിന്റേയും ശ്രമങ്ങളുമെല്ലാം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം. രണ്ടാം ഭാഗവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. 2021-ലാണ് 'ദൃശ്യം ദി റിസംഷന്‍' എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്.
Content Highlights: Mohanlal`s Drishyam 3 quality poster featuring Meena released connected her birthday.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·