ഞാനും എന്റെ ക്യാമറയും എക്കാലവും മറക്കില്ല ഈ ദിനം- മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ടി.കെ. പ്രദീപ് കുമാര്‍

4 months ago 5

21 September 2025, 10:52 PM IST

pradeepkumar-tk-mohanlal

കൊച്ചിയിലെ ആഘോഷച്ചടങ്ങിൽവെച്ച് മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ ടി.കെ. പ്രദീപ് കുമാർ മോഹൻലാലിന് കെയ്ക്ക് നൽകുന്നു, ശേഷം ഇരുവരും ആലിംഗനം ചെയ്തപ്പോൾ.

ദാദാ സാഹേബ് പുരസ്‌കാര നേട്ടം നടന്‍ മോഹന്‍ലാല്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ചിരുന്നു. കൊച്ചിയില്‍വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാതൃഭൂമി സീനിയര്‍ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ടി.കെ പ്രദീപ് കുമാറിന് കെയ്ക്ക് മുറിച്ച് നല്‍കിക്കൊണ്ടായിരുന്നു താരം സന്തോഷം പങ്കിട്ടത്.

ഈ അവസരത്തില്‍ മാതൃഭൂമിക്കായി ഒരുപാട് അവസരങ്ങളില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതിന്റെ ഓര്‍മകള്‍ ടി.കെ. പ്രദീപ് കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു. പുരസ്‌കാരനേട്ടം ആഘോഷിക്കാനായി കെയ്ക്ക് മുറിക്കവെ മാധ്യമപ്രവര്‍ത്തകര്‍ നിന്ന സ്ഥലത്തേക്ക് തന്നെ പേരെടുത്ത് വിളിച്ച് മോഹന്‍ലാല്‍ കെയ്ക്ക് മുറിച്ച് നല്‍കിയതിന്റെ സന്തോഷം പ്രദീപ് കുറിപ്പിലൂടെ വിവരിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
ഇന്ന്, ഒരുപാടൊരുപാട് ക്യാമറകളുടെയും കണ്ണു തുറന്നു നിന്ന മൊബൈലുകളുടെയും നടുവില്‍ നിന്ന് എന്നെ പേരെടുത്ത് വിളിച്ച് നാവിലേക്ക് കേക്കിന്റെ മധുരം നുള്ളിത്തന്ന മനുഷ്യന്‍ എനിക്ക് ആരാണ്? ആരല്ല എന്ന് ചോദിക്കുന്നതാകും ഉത്തരം പറയാന്‍ എളുപ്പം. പിറവത്തെയും കൊച്ചിയിലെയും കൊട്ടകകളില്‍ കണ്ടു തുടങ്ങിയ ഒരാള്‍. ഫോട്ടോഗ്രഫി പഠിച്ചപ്പോള്‍ ഒരു തവണയെങ്കിലും പകര്‍ത്താന്‍ കൊതിച്ച മുഖം. പക്ഷേ കാലം കരുതിവച്ചത് അദ്ദേഹം എപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ്_ വിസ്മയം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പകര്‍ത്തിയ ക്യാമറ നവോദയ അപ്പച്ചന്‍ സമ്മാനിക്കുന്ന നിമിഷത്തിന് ഞാന്‍ സാക്ഷിയായി. മാതൃഭൂമിയുടെ യാത്ര മാഗസിനുവേണ്ടി ഒരുമിച്ച് യാത്ര പോയി. കൊച്ചി കായലില്‍ ഓളപ്പരപ്പിന് മേലെ എനിക്കായി ഗിറ്റാര്‍ മീട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കുട്ടിക്കൊപ്പം മുദ്രകള്‍ വിടര്‍ത്തുന്നത് നോക്കി ക്ലിക്ക് ചെയ്യാന്‍ മറന്നു ഞാന്‍ നിന്നു. പര്‍വതത്തില്‍ നിന്ന് നദി ഉത്ഭവിക്കുന്ന പോലെ ഡബ്ബിങ് തീയറ്ററില്‍ ആ നാവില്‍ നിന്ന് സംസ്‌കൃതം ധാരയായി ഒഴുകുന്നത് കണ്ട് അദ്ഭുതപ്പെട്ടു. അത്രയും നേരം കളി പറഞ്ഞുനിന്നശേഷം ഭ്രമരത്തിലെ വേഷത്തിലേക്ക് അനായാസം മൂളിപ്പറന്ന് ചെല്ലുന്നത് കണ്ട് കൈകൂപ്പി നിന്നു പോയി. ഇങ്ങനെ ഏതു തിരക്കിനിടയിലും ഒരു വിളി കേട്ട്, എന്റെ ക്യാമറയ്ക്കായി എത്ര ഭാവങ്ങള്‍, ചലനങ്ങള്‍, നിമിഷങ്ങള്‍... അത്തരമൊരു നിമിഷം മാത്രമേ ഇന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ. പക്ഷേ പ്രിയപ്പെട്ട ലാലേട്ടാ, നിങ്ങള്‍ എനിക്ക് എക്കാലത്തേക്കുമുള്ള ഓര്‍മ സമ്മാനിച്ചു. വാക്കുകള്‍ക്കതീതമാണ് ഈ അനുഭവം. നന്ദി എന്ന വാക്കില്‍ അതിന്റെ തിളക്കം കെടുത്തുന്നില്ല. നിറഞ്ഞ ഹൃദയത്തോടെയും കണ്ണുകളോടെയും കൈകൂപ്പുന്നു. ഞാനും എന്റെ ക്യാമറയും എക്കാലവും മറക്കില്ല ഈ ദിനം..

Content Highlights: Mohanlal Celebrates DadaSaheb Phalke Award with Media

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article