
ആൻഡ്രിയ ജെറേമിയ | ഫോട്ടോ: Instagram
പഹൽഗാം: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. സംഭവത്തെ അപലപിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് നടിയും ഗായികയുമായ ആൻഡ്രിയ ജെറേമിയ. മുൻപ് പഹൽഗാമിൽ യാത്രപോയ അനുഭവമാണ് അവർ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. അന്നത്തെ യാത്രയുടെ ചിത്രങ്ങളും അവർ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
താനും ഒരിക്കൽ പഹൽഗാമിലെ ഒരു വിനോദസഞ്ചാരിയായിരുന്നെന്ന് ആൻഡ്രിയ പറയുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഓർക്കുമ്പോൾ വേദനതോന്നുന്നു. ഇപ്പോഴത്തെ സംഭവത്തിനുശേഷം കൂടുതൽ നിരീക്ഷണത്തിനും സൂക്ഷ്മപരിശോധനയ്ക്കും വിധേയരാകുന്ന കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ ഓർത്തും തന്റെ ഹൃദയം നുറുങ്ങുകയാണെന്ന് ആൻഡ്രിയ കുറിച്ചു.
"നമ്മുടെ രാജ്യം കൂടുതൽ ധ്രുവീകരിക്കപ്പെടുന്ന ഈ സമയത്ത് ഒരു പ്രത്യേക മതത്തിനോ സമൂഹത്തിനോ എതിരെ വിദ്വേഷപ്രചരണം നടത്താതിരിക്കുന്നത് ഇന്ത്യയിലെ പൗരന്മാരെന്ന നിലയിൽ നമ്മുടെ കടമയാണ്. എപ്പോഴും ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന ആളല്ല ഞാനെങ്കിലും ഇന്നിത് ഇവിടെ പറയണമെന്ന് തോന്നി." ആൻഡ്രിയ കുറിച്ചു.
ഇത് വെറുപ്പ് പടർത്താനുള്ള സമയമല്ല, തന്റെ പോസ്റ്റിന്റെ കമന്റ് സെക്ഷനിലോ നമ്മുടെ നാട്ടിലോ വിദ്വേഷപ്രചാരണങ്ങൾ നടത്താതിരിക്കണമെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.
പാക് പിന്തുണയുള്ള റെസിസ്റ്റൻസ് ഫ്രണ്ടാണ് ആക്രമണം നടത്തിയത്. 29 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരൻ പാകിസ്താനിലുള്ള ലഷ്‌കർ കമാൻഡർ സെയ്ഫുള്ള കസൂരിയാണ് എന്ന വിവരങ്ങൾ പുറത്തുവന്നു. അതേ സമയം ആക്രമണം നടത്തിയവരേയും പിന്നിൽ പ്രവർത്തിച്ചവരേയും വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിട്ടുണ്ട്.
പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇന്ത്യ വിഛേദിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാക് നയതന്ത്ര കാര്യാലയത്തിന് നൽകിയ ഭൂമി തിരികെ വാങ്ങുക, പാകിസ്താനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ നടപ്പാക്കുകയെന്നാണ് സൂചനകൾ.
Content Highlights: Actress Andrea Jeremiah shares her grief implicit the Pahalgam panic attack, urging for unity and peace
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·