ഏകാംബരം! അതായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. സിനിമയെ പ്രണയിച്ചു നടന്ന അയാള്‍ മുപ്പത്തിയഞ്ചു വയസ്സുവരെ സിനിമയുടെ പരിസരത്ത് എവിടെയും ഉണ്ടായിരുന്നില്ല. അതുവരെയുള്ള ജീവിതത്തില്‍ അയാള്‍ ഒരു മോട്ടോര്‍ മെക്കാനിക്ക് മാത്രമായിരുന്നു. മദിരാശിയിലെ ട്രസ്റ്റ്പുരത്തുള്ള തന്റെ വീടിനോടു ചേര്‍ന്നായിരുന്നു ഏകാംബരത്തിന്റെ ടു വീലര്‍ വര്‍ക്ഷോപ്പ്. നിറം മങ്ങിയതെങ്കിലും കറുത്ത ബുള്ളറ്റില്‍ ഇരിക്കുന്ന ഏകാംബരത്തിന്റെ മനോഹരമായ ഒരു ചിത്രം ചുവന്ന ഫ്രെയിമില്‍ ചില്ലിട്ട് വര്‍ക്ക് ഷോപ്പിന്റെ ചുമരില്‍ തൂക്കിയിരുന്നു. ത്യാഗരാജന്‍ കാണുമ്പോഴെല്ലാം ഏകാംബരത്തിന്റെ ഉരുക്കുപോലുള്ള കൈകള്‍ ഗ്രീസിലും ഓയിലിലും മുങ്ങിയിട്ടുണ്ടാവും. വര്‍ക്ക്ഷോപ്പിലെ ജോലിത്തിരക്കുകളിലും ജാവ ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്പോഴെല്ലാം അയാള്‍ തലയുയര്‍ത്തി റോഡിലേക്കു നോക്കും. ത്യാഗരാജനെന്നാല്‍ മുഴക്കമുണ്ടാക്കി ചീറിപ്പായുന്ന ജാവാ ബൈക്ക് ആയിരുന്നു ഏകാംബരത്തിന്. ആ മുഴക്കത്തിനുള്ളില്‍ എകാംബരം ഒളിപ്പിച്ചുവെച്ചത് സാഹസികതയെ സ്നേഹിച്ച തന്റെ മനസ്സു കൂടിയായിരുന്നു. പക്ഷേ, വൈകിയാണെങ്കിലും അയാളിലെ സാഹസികനെ കണ്ടെത്താന്‍ ത്യാഗരാജനു മാത്രമേ കഴിഞ്ഞുള്ളൂ. ഏതൊരു ബൈക്ക് മെക്കാനിക്കിനെയും പോലെ റിപ്പയറിങ്ങിനായി കൊണ്ടുവരുന്ന ബൈക്കുകള്‍ നന്നാക്കിയശേഷം ഏകാംബരം ഓടിച്ചുനോക്കും. പക്ഷേ, ഏകാംബരം ഓടിക്കുമ്പോള്‍ അതിനൊരുപാട് പ്രത്യേകതകളുണ്ടായിരുന്നു. മരണക്കിണറിലെ ബൈക്ക് ജംപറുടെ അഭ്യാസപ്രകടനങ്ങളെല്ലാം ഏകാംബരം നിസ്സാരമായി റോഡില്‍ കാണിക്കും. ചിലപ്പോള്‍ ആളുകളെ ഞെട്ടിച്ചുകൊണ്ട് ബൈക്കുമായി ഒരു ജംപിങ്. ത്യാഗരാജനും പലപ്പോഴും ഇത് കാണാനിടയായിട്ടുണ്ട്. അപ്പോഴൊക്കെ ഏകാംബരത്തിന്റെ പുറത്ത് സ്നേഹത്തോടെ ഒരടി കൊടുത്ത് തന്റെ ജാവയില്‍ കയറി ത്യാഗരാജന്‍ പറന്നുപോകുകയാണ് പതിവ്.
സിനിമയില്‍ നടനാവാനുള്ള ആഗ്രഹം ഏകാംബരത്തിനുണ്ടായിരുന്നില്ല. സംഘട്ടനരംഗങ്ങളില്‍ നടന്മാര്‍ക്കുവേണ്ടി ഡ്യൂപ്പിടാനുള്ള കൊതിയായിരുന്നു അയാള്‍ക്ക്. ധൈര്യമുണ്ടെങ്കില്‍ സിനിമയില്‍നിന്ന് പെട്ടെന്ന് പണമുണ്ടാക്കാം എന്ന തോന്നലും. അതില്‍ ഏകാംബരത്തെ കുറ്റപ്പെടുത്താനും കഴിയില്ലായിരുന്നു. മോട്ടോര്‍ മെക്കാനിക്കിന്റെ വരുമാനംകൊണ്ടു മാത്രം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ജീവിതമായിരുന്നില്ല അയാളുടേത്.
'സാറിന്റെ ഗ്രൂപ്പില്‍ എന്നെയും കൂട്ടാമോ?'
ബൈക്ക് റിപ്പയര്‍ ചെയ്യാന്‍ കടയിലെത്തിയ ത്യാഗരാജനോട് എകാംബരം ചോദിച്ചു.
'ഡ്യൂപ്പിടുന്നവന്റെ ജീവിതത്തെക്കുറിച്ച് വല്ലതും അറിയാമോ?'
തന്റെ മറുചോദ്യത്തിന് ഏകാംബരം പറഞ്ഞ ഉത്തരമാണ് ത്യാഗരാജനെ അദ്ഭുതപ്പെടുത്തിയത്.
'കുട്ടിക്കാലം മുതലേ സാഹസികരോട് എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാവാം ഒന്നിനും പേടിയില്ലാത്തവനായിപ്പോയത്. ജീവിക്കാന്‍ വേണ്ടിയാണെങ്കില്‍പ്പോലും, സാഹസികനായി ജീവിക്കാനാണ് എനിക്കിഷ്ടം.'
'യൂണിയനില്‍ ചോദിച്ചിട്ട് പറയാം' എന്ന മറുപടിയില്‍ ത്യാഗരാജന്‍ ഏകാംബരത്തെ തത്കാലത്തേക്ക് മാറ്റിനിര്‍ത്തി. ജീവന്‍ അപകടത്തിലാകുന്ന പണിക്കു പോകാതെ അയാള്‍ എങ്ങനെയെങ്കിലും മെക്കാനിക്കിന്റെ ജോലിയെടുത്ത് ജീവിച്ചുപോകട്ടെ എന്ന ആത്മാര്‍ത്ഥമായ ആഗ്രഹംകൊണ്ടാണ് അങ്ങനെ പറഞ്ഞതെങ്കിലും ഏകാംബരം തന്റെ മോഹം പലപ്പോഴായി ത്യാഗരാജന്റെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍, ത്യാഗരാജന്റെ ശുപാര്‍ശയില്‍ ഏകാംബരത്തെ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റായി സ്റ്റണ്ട് യൂണിയനിലെടുത്തു. വലിയൊരു യുദ്ധം ജയിച്ച പടനായകനെപ്പോലെയായിരുന്നു അപ്പോഴയാളുടെ മനസ്സ്. ആക്ഷന്‍ സിനിമകള്‍ ഒന്നൊഴിയാതെ കണ്ടിരുന്ന ഏകാംബരത്തിന്റെ ആരാദ്ധ്യപുരുഷന്‍ രജനീകാന്തായിരുന്നു. ത്യാഗരാജന്‍ സ്റ്റണ്ട് മാസ്റ്ററായ പന്ത്രണ്ടോളം ചിത്രങ്ങളിലായി എന്‍.ടി. രാമറാവുവിന്റെയും രാജ്കുമാറിന്റെയും പ്രേംനസീറിന്റെയും കെ.പി. ഉമ്മറിന്റെയുമൊക്കെ ഡ്യൂപ്പായി ഗംഭീരപ്രകടനമാണ് ഏകാംബരം കാഴ്ചവെച്ചത്. ബൈക്ക് ജംപിങ്ങിലും കാര്‍ ജംപിങ്ങിലുമുള്ള അയാളുടെ വൈദഗ്ദ്ധ്യം സ്റ്റണ്ട് സംഘക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. മെക്കാനിക്കിന്റെ ജോലിചെയ്ത് ഒരു മാസംകൊണ്ട് നേടുന്ന പണം ഒരാഴ്ചകൊണ്ട് സിനിമയിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞപ്പോഴും വന്ന വഴി അയാള്‍ മറന്നില്ല. തന്റെ വയറ്റുപ്പിഴപ്പ് ജീവന്‍ പണയംവെച്ചുള്ളതാണെന്ന സത്യവും അയാള്‍ വിസ്മരിച്ചില്ല.
.jpg?$p=e1d946c&w=852&q=0.8)
കാളിയിലെ അതിസാഹസികമായ ഒരു ബൈക്ക് ചെയ്സ് തമിഴ്നാട്ടിലെ കാഞ്ചിപുരം ഭാഗങ്ങളിലാണ് ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. അന്നു കാഞ്ചിപുരം റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടില്ലെങ്കിലും റെയില്‍വേ ട്രാക്കിന്റെ ജോലികളും മറ്റും പൂര്‍ത്തീകരിച്ചിരുന്നു. പ്രത്യേക പെര്‍മിഷന്‍ വാങ്ങി റെയില്‍വേ ഗേറ്റിന്റെ സെറ്റൊക്കെയിട്ടാണ് ഷൂട്ടിങ്. വില്ലന്റെ സംഘത്തിലെ മുപ്പതോളം പേരുമായുള്ള ഉശിരന്‍ പോരാട്ടത്തിനൊടുവില്‍, ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നായകനെ പിന്തുടര്‍ന്ന് പിടികൂടുന്നതാണ് രംഗം. നായകനായ രാജനീകാന്തിനു വേണ്ടി ഡ്യൂപ്പിട്ടത് ഏകാംബരമാണ്. അങ്ങനെയൊരു ബൈക്ക് ചെയ്സിങ് തെന്നിന്ത്യന്‍ സിനിമയില്‍ ആദ്യമായിരുന്നു. ഏകാംബരത്തിന്റെ അമ്പരപ്പിക്കുന്ന പ്രകടനം കണ്ട് പല സീക്വന്‍സുകളും സ്പോട്ടില്‍ വെച്ചാണ് ത്യാഗരാജന്‍ ക്രിയേറ്റ് ചെയ്തത്. ബൈക്കില്‍ അറുപതിലേറെ പടികള്‍ ഇറങ്ങി വരുന്നത്, നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലൂടെ ബൈക്ക് ഓടിച്ചു വരുന്നത്. അങ്ങനെ പല സാഹസികരംഗങ്ങളും രജനീകാന്തിനു വേണ്ടി ഏകാംബരം അദ്ഭുതപ്പെടുത്തുംവിധം ചെയ്തു. ചെയ്യുന്ന ജോലി എത്ര അപകടം പിടിച്ചതാണെന്ന ചിന്തപോലും അന്നേരങ്ങളിലൊന്നും അയാളിലുണ്ടായിരുന്നില്ല. ഫൈറ്റിന്റെ ക്ലൈമാക്സ് സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പായി കുറച്ചു സമയം വിശ്രമിച്ച ഏകാംബരത്തോട് ത്യാഗരാജന്‍ പറഞ്ഞു:
'വല്ലാതെ ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ നമുക്ക് നാളെ എടുക്കാം. ഇന്ന് പൂര്‍ണ്ണമായി വിശ്രമിച്ചോളൂ.'
'എന്റെ റോള്‍മോഡല്‍ ത്യാഗരാജന്‍ മാസ്റ്ററാണ്. ഇന്നത്തെ ജോലി നാളേക്ക് മാറ്റി വെക്കുന്ന ഏര്‍പ്പാട് മാസ്റ്റര്‍ക്കില്ലല്ലോ. എന്റെ കാര്യവും അങ്ങനെത്തന്നെയാണ്. നമുക്ക് ഇന്നുതന്നെ തീര്‍ക്കാം, സാര്‍.'
ഇഷ്ടതാരമായ രജനീകാന്തിനു വേണ്ടിയാണ് താന്‍ ഡ്യൂപ്പിടുന്നതെന്ന സന്തോഷവും അതിലേറെ അഭിമാനവും അന്നേരം ഏകാംബരത്തിന്റെ മുഖത്ത് കാണാമായിരുന്നു. കൊടുങ്കാറ്റിന്റെ വേഗത്തില്‍ ബൈക്കില്‍ വരുന്ന നായകന്‍ റെയില്‍വേ ഗേറ്റിനടുത്തെത്തുമ്പോള്‍ ഗേറ്റ് അടച്ചിരിക്കുന്നതാണ് കാണുന്നത്. വില്ലന്റെ ആളുകള്‍ പിറകിലുണ്ട്. നായകന്‍ ഗേറ്റിനു മുകളിലൂടെ ബൈക്കുമായി ജംപ് ചെയ്യുന്ന സമയം ട്രെയിന്‍ കടന്നുപോകും. ത്യാഗരാജന്‍ സീനുകള്‍ വിവരിച്ചു കൊടുത്തു. ഒരു നിമിഷം എന്തോ ആലോചനയിലേക്ക് ഏകാംബരത്തിന്റെ മനസ്സ് പറന്നുപോയി.
'എന്തുപറ്റി?' ത്യാഗരാജന്‍ ചോദിച്ചു.
'ഒന്നുമില്ല സാര്‍... പെട്ടന്ന് വീടിനെക്കുറിച്ച് ഓര്‍ത്തുപോയതാണ്.'
പതിവില്ലാതെ നിറഞ്ഞ പുഞ്ചിരിതൂകിക്കൊണ്ട്, ഏകാംബരം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ഉദ്വേഗജനകമായ നിമിഷങ്ങള്‍. സെറ്റിലെ മുഴുവന്‍ ആളുകളുടെയും ശ്രദ്ധ ഏകാംബരത്തിലേക്കു മാത്രമാണ്. അകലെനിന്ന് ട്രെയിന്‍ വരുന്നതിന്റെ ശബ്ദം. ട്രെയിനിന്റെ ബോഗികള്‍ തുറന്നതാണ്. അതിലൂടെയാണ് നായകന്‍ ബൈക്കുമായി പറന്നു വീഴുന്നത്. ട്രെയിന്‍ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. സെറ്റിലുള്ളവരുടെ നെഞ്ചിടിപ്പിന് വേഗം കൂടി. ട്രെയിന്‍ കടന്നുപോകവേ ബൈക്കുമായി ഉയര്‍ന്നുവരുന്ന ഏകാംബരത്തിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. സെക്കന്‍ഡുകളുടെ ദൈര്‍ഘ്യം പോലുമുണ്ടായില്ല, ട്രെയിനിന്റെ ഓപ്പണ്‍ ബോഗിയുടെ സൈഡില്‍ ബൈക്കിന്റെ പിന്നിലെ വീല്‍ തട്ടി ഏകാംബരം ദൂരേയ്ക്ക് തെറിച്ചു വീണു. ട്രെയിനിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയിലും 'അമ്മേ...' എന്ന ഉച്ചത്തിലുള്ള നിലവിളി എല്ലാവരും കേട്ടു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന അയാളെ ഒരു നിമിഷംപോലും വൈകാതെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രേക്ഷകരെ ഇളക്കിമറിക്കുന്ന സാഹസികനായി ഇനി ഏകാംബരത്തിന് ജീവിക്കാനാവില്ലെന്ന് ത്യാഗരാജന്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

ഇടുപ്പെല്ലുകള്‍ തകര്‍ന്നുപോയ ഏകാംബരം ആറുമാസത്തെ ആശുപത്രിവാസത്തിനൊടുവില്‍ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പിന്നീടൊരിക്കലും സാധാരണജീവിതം നയിക്കാനായില്ല. എണീറ്റു നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ. കാളിയുടെ നിര്‍മ്മാണ കമ്പനി ഹേം നാഗ് ഫിലിംസും സ്റ്റണ്ട് യൂണിയനും സാമ്പത്തികമായി വലിയ സഹായം നല്‍കിയെങ്കിലും, കിടന്ന കിടപ്പില്‍ ജോലിക്കാരെ വെച്ച് വര്‍ക്ക്ഷോപ്പ് നടത്തിയാണ് പിന്നീട് ഏകാംബരം ജീവിതം മുന്നോട്ടു കൊണ്ടുപോയത്. സിനിമയുടെ തിരക്കേറിയ നാളുകളിലും മാസത്തിലൊരു തവണയെങ്കിലും ത്യാഗരാജന്‍ ഏകാംബരത്തിന്റെ വീട്ടിലെത്തി. നാലുവര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. അപ്പോഴും ഏകാംബരത്തിന് ജീവിതത്തില്‍ തോറ്റുപോയെന്ന നിരാശയുണ്ടായിരുന്നില്ല. എന്തിനെയും ജയിക്കുന്ന ഒരു മനസ്സ് കൈമോശം വരാതെ അയാള്‍ മുറുകെ പിടിച്ചു. ഷൂട്ടിങ്ങിന്റെ തിരക്കുകളിലാണ്ടുപോയ മൂന്നുമാസം ഏകാംബരത്തിനടുത്തെത്താന്‍ ത്യാഗരാജനു കഴിഞ്ഞില്ല. മദിരാശിയില്‍ തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത ദിവസം കാലത്ത് ഏകാംബരത്തിന്റെ വീടിനോടു ചേര്‍ന്നുള്ള വര്‍ക്ക്ഷോപ്പിനു മുന്നില്‍ മുഴക്കമുണ്ടാക്കി ജാവാ ബൈക്കില്‍ ത്യാഗരാജന്‍ വന്നിറങ്ങുമ്പോള്‍ തലയുയര്‍ത്തി നോക്കാന്‍ ആ സാഹസികനുണ്ടായിരുന്നില്ല. വര്‍ക്ക്ഷോപ്പിന്റെ ചുമരിലുള്ള നിറം മങ്ങാത്ത ആ ചിത്രത്തില്‍ രക്തഹാരം തൂങ്ങുന്നുണ്ടായിരുന്നു. കറുത്ത മോട്ടോര്‍ ബൈക്കില്‍, ലോകം കീഴടക്കിയ സന്തോഷത്തില്‍ ഇരിക്കുന്ന ഏകാംബരത്തിന്റെ ഒരിക്കലും മരിക്കാത്ത ചിത്രം.
നാഗര്‍കോവിലില്‍ നിന്ന് അറുപതുകളുടെ അവസാനത്തിലാണ് നമശ്ശിവായം എന്ന നാല്‍പ്പതുകാരന്‍ തെന്നിന്ത്യന്‍ സിനിമയിലേക്കെത്തുന്നത്. സിനിമയിലെ എല്ലാവരും അദ്ദേഹത്തെ ബഹുമാനത്തോടെ വിളിച്ചിരുന്നത് നമസ്സു വാധ്യാര്‍ എന്നായിരുന്നു. പ്രാഥമിക വിദ്യാഭ്യാസംപോലുമില്ലാത്ത അയാളുടെ കൈമുതല്‍ ധൈര്യം മാത്രമായിരുന്നു. ധൈര്യം എന്നു പറഞ്ഞാല്‍, അസാമാന്യ ധൈര്യം. ആര്‍.എന്‍. നമ്പ്യാര്‍ക്കൊപ്പമായിരുന്നു നമസ്സു വാധ്യാരുടെ തുടക്കം. എം.ജി.ആര്‍. പടങ്ങളിലെ ഫൈറ്റ് സീക്വന്‍സുകളിലെല്ലാം അയാളുണ്ടായിരുന്നു. തല്ലു കൊള്ളാനും, തല്ലു കൊടുക്കാനും! ആര്‍.എന്‍. നമ്പ്യാര്‍ക്കു മാത്രമല്ല, അക്കാലത്തെ വലിയ ഫൈറ്റ് മാസ്റ്റര്‍മാര്‍ക്കൊക്കെ നമസ്സു വാധ്യാര്‍ പ്രിയപ്പെട്ടവനായതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. സംഘട്ടനത്തിലെ ഏറെ അപകടം നിറഞ്ഞ ഗ്ലാസ് ബ്രെയ്ക്കിങ് എന്ന ഐറ്റം ഏറ്റവും ഭംഗിയായി അവതരിപ്പിച്ചവരില്‍ ഒരാളായിരുന്നു നമസ്സു വാധ്യാര്‍. കണ്ണാടിച്ചില്ലുകള്‍ ഇടിച്ചു പൊട്ടിക്കുന്നതിനെയാണ് പൊതുവെ ഗ്ലാസ് ബ്രെയ്ക്കിങ് എന്നു പറയുന്നത്. മോട്ടോര്‍ ബൈക്കിലോ കുതിരപ്പുറത്തോ വന്ന് കൈയോ കാലോ ഉപയോഗിച്ച്, അല്ലെങ്കില്‍ തലകൊണ്ട് ഇടിച്ചു തകര്‍ക്കുന്നതാണ് മിക്കവാറും ഗ്ലാസ് ബ്രെയ്ക്കിങ് രീതികള്‍. എം. ജി. ആറിന്റെ കടുത്ത ആരാധകന്‍ കൂടിയായ നമസ്സു വാധ്യാര്‍ ഏറെയും ഡ്യൂപ്പായി വന്നത് അദ്ദേഹത്തിനു വേണ്ടിയായിരുന്നു.
സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നുപോകണമെന്ന ആഗ്രഹമൊന്നും നമസ്സു വാധ്യാര്‍ക്കില്ലായിരുന്നു. ആത്മാര്‍ത്ഥമായി ജോലി ചെയ്യും. അതിനുള്ള പ്രതിഫലം കൃത്യമായി കിട്ടിയിരിക്കണമെന്നതും അദ്ദേഹത്തിന് നിര്‍ബ്ബന്ധമായിരുന്നു. ഫൈറ്റ് മാസ്റ്ററായി ത്യാഗരാജന്‍ പേരെടുത്തു തുടങ്ങിയ ഘട്ടത്തില്‍ തന്നെയാണ് നമസ്സു വാധ്യാരെ സത്യാ സ്റ്റുഡിയോയില്‍ വെച്ച് കാണുന്നത്. ആ കാഴ്ചക്കുപോലും ചോരയുടെ നിറമായിരുന്നു. ശശികുമാര്‍ സംവിധാനം ചെയ്ത രക്തപുഷ്പത്തിന്റെ ഷൂട്ടിങ് സത്യാ സ്റ്റുഡിയോയില്‍ നടക്കുമ്പോഴാണ് കൈമുറിഞ്ഞ് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ ഒരാളെ എല്ലാവരുംകൂടിചേര്‍ന്ന് പുറത്തേക്കു കൊണ്ടുവരുന്നതു കണ്ടത്. കൂട്ടത്തില്‍ ആരോ ത്യാഗരാജനോട് പറഞ്ഞു: 'ഗ്ലാസ് ബ്രെയ്ക്കര്‍ നമസ്സു വാധ്യാരാണ്.'
അന്ന് ഹോസ്പിറ്റലില്‍ പോയിവന്ന ശേഷവും കൈയിലെ മുറിവും വെച്ച് നമസ്സു വാധ്യാര്‍ ഫൈറ്റില്‍ പങ്കെടുത്തു. മിക്ക ഫൈറ്റേഴ്സും അങ്ങനെയൊക്കെയാണ് സിനിമയ്ക്കൊപ്പം സഞ്ചരിച്ചത്. മാറിനിന്നാല്‍ ആ ഒഴിവിലേക്ക് മറ്റാരെങ്കിലും കയറിവരും. പിന്നെയുള്ള അവസരങ്ങളെല്ലാം അവര്‍ കൊണ്ടുപോകും. അതുകൊണ്ടുതന്നെ ഷൂട്ടിങ്ങിനിടെ കൈയും കാലും തലയും പല തവണ മുറിഞ്ഞിട്ടും നമസ്സു വാധ്യാര്‍ വീണ്ടും വീണ്ടും ക്യാമറക്കു മുന്നിലേക്ക് വന്നു കൊണ്ടിരുന്നു. തന്റെ അന്നം മറ്റൊരാള്‍ കൊണ്ടുപോകുന്നത് അയാള്‍ക്ക് മരണത്തിനു തുല്യമായിരുന്നു.
എഴുപതുകളില്‍ തെന്നിന്ത്യയിലെ മിക്ക ആക്ഷന്‍ സിനിമകളിലും നമസ്സുവാധ്യാരുടെ സാന്നിധ്യമുണ്ടായിരുന്നു. അന്നത്തെ ഗ്ലാസ് ബ്രെയ്ക്കിങ് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യവും. സിനിമാ ലൊക്കേഷനില്‍ ത്യാഗരാജന്‍ ആവര്‍ത്തിച്ചുകേട്ട വാര്‍ത്തകളിലൊന്നാണ് 'നമസ്സുവാധ്യാര്‍ക്ക് ഷൂട്ടിങ്ങിനിടെ അപകടം പറ്റി'യെന്നത്. അഞ്ഞൂറിലധികം സിനിമകളിലാണ് നമസ്സു വാധ്യാര്‍ ഗ്ലാസ് ബ്രെയ്ക്കിങ് നടത്തിയത്.
'ഇതൊക്കെ നമ്മളെപ്പോലുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. സംവിധായകനും നിര്‍മ്മാതാവിനും അഭിനേതാക്കള്‍ക്കുമൊക്കെ അവാര്‍ഡ് കിട്ടുമ്പോള്‍ ചിലപ്പോഴെങ്കിലും നമ്മള്‍ ചിന്തിച്ചുപോവാറില്ലേ, സിനിമയ്ക്കുവേണ്ടി ശരീരം മുഴുവന്‍ മുറിവുകൾ ഏറ്റുവാങ്ങുന്ന നമ്മള്‍ക്കെന്താ ആരും അവാര്‍ഡ് തരാത്തതെന്ന്. ഷൂട്ടിങ്ങിനിടെ താരങ്ങള്‍ക്കുവേണ്ടി നമ്മളേറ്റു വാങ്ങുന്ന മുറിവുകളില്ലേ, അതൊക്കെയാണ് സിനിമ നമുക്ക് തരുന്ന അവാര്‍ഡുകള്‍'- ഗ്ലാസ് ബ്രെയ്ക്കിങ്ങിനിടെ ഗുരുതരമായി പരിക്കുപറ്റിയ ഒരവസരത്തില്‍ നമസ്സു വാധ്യാര്‍ ത്യാഗരാജനോടു പറഞ്ഞു.
സിനിമാലോകം എന്താണ് തന്നെപ്പോലുള്ളവരില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്ന കാലത്ത് ആരും തിരിഞ്ഞുനോക്കാതെ, എല്ലാവരില്‍നിന്നും അകറ്റപ്പെട്ട് ജീവിക്കേണ്ട ഗതികേടാണ് സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്കു നേരിടേണ്ടി വരികയെന്നത് നമസ്സു വാധ്യാര്‍ ഓരോ സിനിമയിലെ അനുഭവംകൊണ്ടും പഠിച്ചിരുന്നു. താന്‍ അഭിനയിച്ച സിനിമയുടെ പേരുപോലും ഓര്‍ത്തുവെക്കാത്ത അയാള്‍ എന്നിട്ടും സിനിമയ്ക്കുവേണ്ടി ജീവിച്ചു. ആ ജീവിതത്തില്‍ എത്രയോ വട്ടം മരണം അയാളെ മാടിവിളിച്ചിട്ടുണ്ടാവാം. അപ്പോഴൊക്കെ നമസ്സു വാധ്യാര്‍ എന്ന സാഹസികന്റെ മുന്നില്‍ മരണം തോറ്റുപോയതാകാം. പക്ഷേ, എം.ജി.ആറിന്റെ ഒരു സിനിമയിലെ ഗ്ലാസ് ബ്രെയ്ക്കിങ് നമസ്സു വാധ്യാരുടെ സാഹസികത എന്നന്നേക്കുമായി അവസാനിപ്പിച്ചു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സത്യാ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഷൂട്ടിങ്. വളരെ ക്ഷീണിതനായാണ് നമസ്സു വാധ്യാര്‍ സ്റ്റുഡിയോയില്‍ എത്തിയത്. ഉറക്കമിളച്ച്, തമിഴിലും തെലുങ്കിലുമായി പല ഫൈറ്റ് രംഗങ്ങളിലും ഡ്യൂപ്പായി നിന്നതിന്റെ ക്ഷീണം മുഴുവന്‍ ആ മുഖത്തുണ്ടായിരുന്നു. സെറ്റില്‍ വന്നിരുന്ന വാധ്യാര്‍ തന്റെ ഊഴവും കാത്തിരുന്നു.
'വാധ്യാര്‍ ബ്രെയ്ക്ക്ഫാസ്റ്റ് കഴിച്ചില്ലേ?' ആരോ ചോദിച്ചു. തമാശകലര്‍ന്നൊരു മറുപടിയാണ് വാധ്യാര്‍ നല്‍കിയത്.
'ഗ്ലാസ് ബ്രെയ്ക്ക് കഴിഞ്ഞ ശേഷം ബ്രെയ്ക്ക് ഫാസ്റ്റ് കഴിച്ചോളാം.'
നായകന്റെ കോസ്റ്റ്യൂമും ധരിച്ച് ഭക്ഷണം കഴിക്കാതെ ഒരു മണിക്കൂറിലധികം നമസ്സു വാധ്യാര്‍ സംവിധായകന്റെ വിളിക്കായി കാത്തിരുന്നു. വിശന്നു വയറുകത്താന്‍ തുടങ്ങിയപ്പോള്‍ വാധ്യാര്‍ സെറ്റിലെ പാചകക്കാരനോട് ഭക്ഷണം ചോദിച്ചു. കൈ കഴുകി ഇരിക്കാന്‍ നേരമാണ് സംവിധായകന്‍ വിളിച്ചത്. മുന്നിലെത്തിയ ഭക്ഷണം അവിടെത്തന്നെവെച്ച് ക്യാമറക്കു മുന്നിലേക്ക് അയാള്‍ ഓടിച്ചെന്നു. ഉറക്കമൊഴിച്ചും സമയത്ത് ഭക്ഷണം കഴിക്കാതെയും ശരീരം തളര്‍ന്ന അവസ്ഥയില്‍ ഗ്ലാസ് ബ്രെയ്ക്കിങ്ങിനായി അയാള്‍ ഒരുങ്ങിനിന്നു. സംവിധായകന്‍ ആക്ഷന്‍ പറയുന്ന വേഗത്തില്‍ നമസ്സു വാധ്യാര്‍ കൂറ്റന്‍ ഗ്ലാസ് ഡോര്‍ ലക്ഷ്യമാക്കി കുതിച്ചു. നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീഴുന്ന ഗ്ലാസിനൊപ്പം നമസ്സു വാധ്യാരുടെ നെഞ്ചിലും വയറ്റിലുമായി കൂര്‍ത്ത് നീണ്ട ഗ്ലാസു കഷണങ്ങള്‍ ആഴത്തില്‍ കുത്തിക്കയറി. ശരീരമാസകലം രക്തത്തില്‍ മുങ്ങിയ വാധ്യാര്‍ നിലത്തുകിടന്ന് പിടഞ്ഞു.
'വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകൂ...'
സംവിധായകന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. സ്റ്റണ്ട് ഗ്രൂപ്പിലുണ്ടായിരുന്നവര്‍ നമസ്സു വാധ്യാരെ ഹോസ്പിറ്റലിലേക്ക് എടുക്കുമ്പോള്‍ അടുത്ത സീന്‍ ഷൂട്ട് ചെയ്യാനുള്ള തിരക്കിലായിരുന്നു സംവിധായകന്‍.
ജീവന്‍ തിരിച്ചുകിട്ടി എന്നല്ലാതെ പഴയ നമസ്സു വാധ്യാരായി അയാള്‍ക്ക് സിനിമയിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞില്ല.
ആശുപത്രിക്കിടക്കയില്‍ വെച്ച് അയാള്‍ ത്യാഗരാജനോട് ചോദിച്ചു: 'എന്റെ ജീവിതം തകര്‍ത്ത ആ സിനിമയുടെ പേര് എനിക്കൊന്നു പറഞ്ഞു തരാമോ?'
'എന്തിനാണ്?'
'സിനിമ എനിക്ക് നല്‍കിയ അവസാനത്തെ അവാര്‍ഡ് ഏതെന്ന് ചോദിച്ചാല്‍ പറയാമല്ലോ.'
നമസ്സു വാധ്യാര്‍ അഭിനയിച്ച ആ ചിത്രം പുറത്തുവന്നില്ല. അതില്‍ അഭിനയിച്ചവരോ അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരോ ആ സിനിമയുടെ പേര് നമസ്സു വാധ്യാരോട് പറഞ്ഞതുമില്ല. ഡ്യൂപ്പിട്ടത് ആര്‍ക്കുവേണ്ടിയോ ആ നടന്‍ പോലും. നീണ്ട നാളത്തെ ആശുപത്രിവാസം നമസ്സു വാധ്യാരുടെ ആരോഗ്യം നഷ്ടപ്പെടുത്തി. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ വയറ്റിലെ ആഴത്തിലുള്ള മുറിവില്‍ അണുബാധ വന്നു. എം.ജി.ആര്‍. ചികിത്സയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തെങ്കിലും വാധ്യാര്‍ രക്ഷപ്പെട്ടില്ല. ഗ്ലാസ് ബ്രെയ്ക്കിങ്ങില്‍ പറ്റിയ നിരവധി മുറിവുകളുടെ ഉണങ്ങാത്ത പാടുകളും ആ ശരീരത്തിലുണ്ടായിരുന്നു. അവിടെയെല്ലാം ഗ്ലാസിന്റെ പൊടികളും അവശേഷിച്ചിരുന്നുവത്രേ. ശരീരത്തിനേറ്റ ഒരുപാട് മുറിവുകളും അതില്‍ നിന്നൊഴുകിയ ചോരയുമാണ് നമസ്സു വാധ്യാര്‍ക്ക് സിനിമ നല്‍കിയ അംഗീകാരങ്ങളും ബഹുമതികളും.
ഏകാംബരത്തിനും നമസ്സു വാധ്യാര്‍ക്കും മുമ്പും പിമ്പും ബൈക്ക് ജംപിങ്ങിലും ഗ്ലാസ് ബ്രെയ്ക്കിങ്ങിലുമായി ഒട്ടനവധി ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. വിദഗ്ധമായ പരിശീലനത്തിന്റെ പിന്‍ബലത്തിലല്ല ഇവരൊന്നും സിനിമയുടെ ലോകത്തേക്കു കടന്നുവന്നത്. ജീവിക്കാന്‍ മെച്ചപ്പെട്ട വരുമാനത്തിന് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടു മാത്രമാണ്. ധൈര്യം എന്ന രണ്ടക്ഷരത്തോടൊപ്പം അതിനായി അവര്‍ പണയംവെച്ചത് സ്വന്തം ജീവനും കൂടിയാണ്. പക്ഷേ, അവരെയൊന്നും സിനിമയുടെ ചരിത്രത്തിലെവിടെയും കാണാനാവില്ല. ആരാലും അറിയപ്പെടാതെ മരണം വരിച്ചവരുടെയും നരകതുല്യമായ ജീവിതം നയിക്കുന്നവരുടെയും ചരിത്രം ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഏകാംബരവും നമസ്സു വാധ്യാരും രണ്ടു പ്രതീകങ്ങള്‍ മാത്രമാണ്. ഇങ്ങനെ ഒട്ടേറെ സാഹസികര്‍ ജീവന്‍ ബലികൊടുത്ത കര്‍മ്മമണ്ഡലത്തിന്റെ പേരു കൂടിയാണ് സിനിമ.
(തുടരും)
Content Highlights: Tamil cinema stuntmen Ekaambaram Namassivaayam Rajinikanth M.G.R. Stunt artists down the scenes
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·