.jpg?%24p=e86b11d&f=16x10&w=852&q=0.8)
ആസിഫ് അലി | Photo: Mathrubhumi Archives
ദുബായ്: തന്റെ പുതിയ ചിത്രങ്ങളൊന്നും മക്കള്‍ തിയേറ്ററില്‍ പോയി കണ്ടിട്ടില്ലെന്ന് നടന്‍ ആസിഫ് അലി. 2024-25 വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ തന്റെ ചിത്രങ്ങളൊന്നും മക്കള്‍ക്ക് ഇഷ്ടമായിട്ടില്ല. ലോകയിലെന്താണ് അഭിനയിക്കാത്തത് എന്നായിരുന്നു അവരുടെ ചോദ്യം. പുതിയ തലമുറയുടെ ഇഷ്ടങ്ങള്‍ വേറെയാണെന്നും ആസിഫ് അലി പറഞ്ഞു. തന്റെ പുതിയ ചിത്രമായ മിറാഷിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
പ്രേക്ഷകര്‍ക്ക് മാത്രം ഇഷ്ടപ്പെടുന്ന ചിത്രമെടുക്കാന്‍ ആര്‍ക്കുമാവില്ല. ഹിറ്റുകളൊന്നും നല്‍കാതെ നില്‍ക്കുമ്പോഴാണ് ജീത്തു ജോസഫ് കൂമന്‍ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. സിനിമാജീവിതത്തില്‍ ഗിയര്‍ ഷിഫ്റ്റ് തന്ന ചിത്രമായിരുന്നു കൂമന്‍. പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ജീത്തു ജോസഫിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്. ഏതൊരു ഭാഷയിലെ സിനിമകളോടും മത്സരിക്കാവുന്ന മികച്ച ചിത്രങ്ങളാണ് മലയാളത്തിലുണ്ടാകുന്നത്. അതോടൊപ്പം പ്രേക്ഷകരുടെ ആസ്വാദന രീതി മാറി. അതുകൊണ്ടാണ് തിയേറ്ററില്‍ വിജയിക്കാത്ത ചിത്രങ്ങള്‍ ഒടിടിയില്‍ സ്വീകരിക്കുന്നത്. ഇന്‍സ്റ്റഗ്രാമും യുട്യൂബുമെല്ലാം കാണുന്നവര്‍ തിയേറ്ററില്‍ സിനിമയിലെ ഇഴച്ചില്‍ ഇഷ്ടപ്പെടുന്നില്ലെന്നും ആസിഫ് അലി പറഞ്ഞു.
അതേസമയം മമ്മൂട്ടിയെ കൊതിപ്പിക്കുന്ന ഒരു കഥക്കായി കാത്തിരിക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. നേരത്തെ ചില ചിത്രങ്ങളുടെ കഥകള്‍ മമ്മൂട്ടിയോട് പറഞ്ഞിരുന്നു. ദൃശ്യം അദ്ദേഹത്തിന് ഇഷ്ടമായിരുന്നെങ്കിലും ആ സമയം കുറേയേറെ അച്ഛന്‍ കഥാപാത്രങ്ങള്‍ ചെയ്തതിനാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് നോക്കാമെന്ന് പറഞ്ഞു. പിന്നീട് ഡേറ്റ് പ്രശ്നത്തില്‍ ഒഴിവായി. എങ്കിലും എന്നോട് അദ്ദേഹത്തിന് വാത്സല്യമാണ്. കാണുമ്പോഴെല്ലാം പുതിയ ചിത്രത്തെകുറിച്ച് അന്വേഷിക്കും. അദ്ദേഹത്തോടൊപ്പം ഒരു ചിത്രമെടുക്കണമെന്നുണ്ട്. അതിനായുള്ള ശ്രമവും നടക്കുന്നുണ്ട്. സിനിമയിലെ കോടിക്കണക്കുകളുടെ മത്സരത്തില്‍ താത്പര്യമില്ല.

100 കോടിയൊക്കെ ലഭിച്ചാല്‍ സന്തോഷമാണ്. നേരത്തെ ബോളിവുഡില്‍ മാത്രം കേട്ടിരുന്ന കണക്കാണ് കോടികളുടേത്. ദൃശ്യം 50 കോടി ക്ലബ്ബിലെത്തിയെന്ന് കേട്ടപ്പോള്‍ പേടിയായിരുന്നു. കോടികള്‍ ഉദ്ദേശിച്ച് ചെയ്യുന്ന പടങ്ങള്‍ തിയേറ്റര്‍ എക്സ്പീരിയന്‍സ് തരുന്നതായിരിക്കും. പക്ഷെ ഒടിടിയില്‍ വരുമ്പോള്‍ സ്വീകാര്യതയുണ്ടാകണമെന്നില്ല. സര്‍കീട്ട്, ലെവല്‍ ക്രോസ് എന്നിവ നല്ല സിനിമകളായിരുന്നു. എന്നാര്‍ ഇവ ഭൂരിപക്ഷം പ്രേക്ഷകരും തിയേറ്ററില്‍ കാണാന്‍ താത്പര്യം കാണിച്ചില്ല. ചില തമാശ ചിത്രങ്ങളും തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം കാണുമ്പോഴേ ആസ്വദിക്കാനാവു. തന്റെ തന്നെ ത്രില്ലറുകള്‍ പരസ്പരം രൂപം മാറ്റി പുതിയ കഥകളാക്കിയും വരാറുണ്ടെന്നും ജീത്തു ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഭിനയിക്കാന്‍ ആഗ്രഹിച്ച സംവിധായകന്റെ ചിത്രമാണ് മിറാഷ് എന്ന് ഏറെ പ്രതീക്ഷയുണ്ടെന്നും നടന്‍ ഹക്കിം ഷാജഹാന്‍ പറഞ്ഞു. വളരെ മികച്ച കഥാപാത്രമാണ് മിറാഷിലേതെന്ന് നടി ഹന്ന റെജി കോശിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിര്‍മ്മാതാവ് മുകേഷ് ആര്‍ മെഹ്ത, കണ്ണന്‍ രവി എന്നിവരും പങ്കെടുത്തു. ഈ മാസം 19-നാണ് കേരളത്തിനൊപ്പം ഗള്‍ഫിലും ചിത്രം റിലീസ് ചെയ്യുന്നത്
Content Highlights: asif ali and jeethu joseph mirage movie promotion
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·