
ജേഴ്സിയിൽ 'ഡിയർ ലാലേട്ടാ' എന്നെഴുതി ഒപ്പുവെക്കുന്ന ലയണൽ മെസി, മെസി ഒപ്പുവെച്ച ജേഴ്സിയുമായി മോഹൻലാൽ | Photos: Screen grabs from facebook.com/ActorMohanlal
ഫുട്‌ബോള്‍ ഇതിഹാസമായ ലയണല്‍ മെസിക്ക് ഒട്ടേറെ ആരാധകരാണ് കേരളത്തിലുള്ളത്. ഖത്തര്‍ ലോകകപ്പില്‍ മെസിയും കൂട്ടരും കപ്പുയര്‍ത്തിയപ്പോള്‍ വലിയ ആരവമാണ് കേരളത്തിലുണ്ടായിരുന്നത്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പടുകൂറ്റന്‍ കട്ടൗട്ട് പുഴയുടെ നടുവില്‍ സ്ഥാപിച്ചതും അന്ന് നാം കണ്ടതാണ്.
കേരളത്തിലെ ലക്ഷക്കണക്കിന് മെസി ആരാധകരില്‍ നമ്മുടെ സ്വന്തം മോഹന്‍ലാലും ഉണ്ടെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. മെസിയെ ഏറെയിഷ്ടപ്പെടുന്ന മോഹന്‍ലാലിന് ഇന്നൊരു സമ്മാനം ലഭിച്ചു. മെസിയെയും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്ന ഏതൊരാളും കൊതിക്കുന്നൊരു സ്വപ്‌ന സമ്മാനം. സാക്ഷാല്‍ ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്‌സി.
മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജേഴ്‌സിയില്‍ 'ഡിയര്‍ ലാലേട്ടാ' എന്നെഴുതി മെസി ഒപ്പുവെക്കുന്നതിന്റെ വീഡിയോയും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്. ജേഴ്‌സിയുമായി നില്‍ക്കുന്ന മോഹന്‍ലാലിനേയും വീഡിയോയില്‍ കാണാം. ഡോ. രാജീവ് മാങ്കോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവരാണ് ഇത്തരത്തില്‍ ഒരപൂര്‍വമായ സമ്മാനം മോഹന്‍ലാലിനായി ഒരുക്കിയത്. സാമൂഹികമാധ്യമ പോസ്റ്റില്‍ ഇരുവര്‍ക്കും മോഹന്‍ലാല്‍ നന്ദി പറഞ്ഞു.
'ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. അവ എന്നെന്നേക്കും നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഇന്ന് ഞാന്‍ അങ്ങനെയൊരു നിമിഷത്തിലൂടെ കടന്നുപോയി. എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാന്‍ തുറന്നു. എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസതാരം ലയണല്‍ മെസി ഒപ്പുവെച്ച ജേഴ്‌സി. അതില്‍ എന്റെ പേരും എഴുതിയിട്ടുണ്ടായിരുന്നു.' -മോഹന്‍ലാല്‍ കുറിച്ചു.
'മെസിയുടെ മൈതാനത്തെ മിടുക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ദയയും വിനയവുമെല്ലാം കണ്ട് ഏറെക്കാലമായി അദ്ദേഹത്തെ ആരാധിക്കുന്ന ഒരാള്‍ക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്. എന്റെ സുഹൃത്തുക്കളായ ഡോ, രാജീവ് മാങ്കോട്ടിലും രാജേഷ് ഫിലിപ്പും ഇല്ലായിരുന്നെങ്കില്‍ ഈ അവിശ്വസിനീയമായ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദിയറിയിക്കുന്നു. എല്ലാത്തിനുമുപരിയായി, മറക്കാനാകാത്ത ഈ സമ്മാനത്തിന് ദൈവത്തോട് നന്ദി പറയുന്നു.' -മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
Content Highlights: Mohanlal gets jersey signed by shot fable Lionel Messi arsenic gift





English (US) ·