തനിക്ക് വേണ്ടി അഭിനയിച്ച് ജീവന്‍ അപകടത്തിലായവരെ നസീര്‍ കൈവിട്ടില്ല; ചേര്‍ത്ത് നിര്‍ത്തി സഹായിച്ചു

6 months ago 6

അപകടകരമായ സാഹസികരംഗങ്ങളുടെ ചിത്രീകരണവേളയില്‍ ത്യാഗരാജന്റെ മനസ്സില്‍ ആദ്യം തെളിയുന്ന മുഖം പ്രേംനസീറിന്റേതാണ്. അങ്ങനെയൊരു ഓര്‍മ ത്യാഗരാജന്റെ മനസ്സില്‍ ഇടംപിടിച്ചു തുടങ്ങിയത് മുപ്പത്തിയഞ്ച് വര്‍ഷംമുന്‍പുള്ള ഒരു ജനുവരി പതിനാറിനിപ്പുറമാണ്. ചോരയുടെയും വേര്‍പാടിന്റെയും ദുരിതങ്ങളുടെയും നീണ്ടകഥകളാണ് അതെല്ലാം. ഒരു പക്ഷേ, പ്രേനസീര്‍ എന്ന മനുഷ്യനെക്കുറിച്ചുള്ള എണ്ണിയാലൊടുങ്ങാത്ത കഥപറച്ചിലുകള്‍ക്കിടയില്‍ അധികമാരും പറയാത്ത, എവിടെയും രേഖപ്പെടുത്താതെ പോയ നന്മയുടെ അവസാനിക്കാത്ത കഥകള്‍.

ത്യാഗരാജന്‍ ഉള്‍പ്പെടെയുള്ള സ്റ്റണ്ട് മാസ്റ്റര്‍മാരൊരുക്കിയ ആക്ഷന്‍സീനുകളില്‍ പരമാവധി ഡ്യൂപ്പിന്റെ സഹായം തേടിയ നടനായിരുന്നു നസീര്‍. പക്ഷേ, തനിക്ക് വേണ്ടി ഡ്യൂപ്പിടുന്ന സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെ അദ്ദേഹം ഒരിക്കലും മറന്നില്ല. തിയേറ്ററില്‍ കയ്യടിനേടുന്ന തന്റെ സ്റ്റണ്ട് രംഗങ്ങള്‍ക്ക് മിഴിവേകുന്നത് ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകളാണെന്ന യാഥാര്‍ഥ്യം നസീര്‍ ഒരിക്കലും മറന്നതുമില്ല. ഇരുനൂറിലേറെ സിനിമകളില്‍ നസീറിന് വേണ്ടി ഡ്യൂപ്പായി പ്രവര്‍ത്തിച്ച അനുഭവം ത്യാഗരാജനുണ്ട്.

ആ ഓര്‍മകളില്‍ ചോരയും കണ്ണീരും നിറഞ്ഞ ചില ജീവിതങ്ങളുടെ ഏടുകള്‍കൂടി കാണാനാകും. മികച്ച ഫൈറ്റര്‍മാരായിരുന്ന മണിവര്‍ണ്ണന്റെയും ജീവയുടെയും ഭാസ്‌കറിന്റെയും ജീവിതത്തില്‍ ഇടിത്തീപോലെ വീണ ദുരിതങ്ങളുടെ കഥ. ആ കഥകളില്‍ പലപ്പോഴും ഒരു രക്ഷകനുണ്ടായിരുന്നു. പെരുമഴയത്തും പൊരിവെയിലത്തും ചേര്‍ത്തുപിടിച്ച ഒരു വലിയമനുഷ്യന്‍. ക്യാമറയ്ക്ക് മുന്നില്‍ മാത്രം നടനാവുകയും അല്ലാത്തപ്പോള്‍ അടിമുടി മനുഷ്യനായി ജീവിക്കുകയും ചെയ്തൊരാള്‍. അയാളുടെ പേര് പ്രേംനസീര്‍ എന്നാണെങ്കിലും എല്ലാവര്‍ക്കും അയാള്‍ നസീര്‍ സാര്‍ ആയിരുന്നു. ജാതിയുടെയോ മതത്തിന്റെയോ വര്‍ണത്തിന്റെയോ ഭാഷയുടെയോ വേര്‍തിരുവുകളില്ലാതെ മനുഷ്യനെ ഒപ്പംനിര്‍ത്തിയൊരാള്‍!

ത്യാഗരാജനൊപ്പം ദീര്‍ഘകാലം ഫൈറ്ററായി ജോലി ചെയ്ത മണിവര്‍ണ്ണന്റെ ജീവിതത്തില്‍ നിന്നും ഇനിയും അറിയപ്പെടാതെ കിടക്കുന്ന പ്രേംനസീറിന്റെ നന്മയുടെ കഥകള്‍ തുടങ്ങാം.
വടക്കന്‍പാട്ട് കഥകളെ അധികരിച്ചെടുത്ത മിക്ക ചിത്രങ്ങളിലും നസീറിന്റെ ഫൈറ്റ് സീനുകളില്‍ മണിവര്‍ണനുണ്ടായിരുന്നു. ഉദയായുടെയും നവോദയായുടെയും ചിത്രങ്ങളിലെ വാള്‍പ്പയറ്റുരംഗങ്ങളില്‍ മണിവര്‍ണന്‍ നിറഞ്ഞുനിന്നു. ഉദ്വേഗജനകമായ സംഘട്ടങ്ങള്‍ക്കൊടുവില്‍ നായകനായ നസീറിന്റെ വാള്‍മുനയില്‍ അവസാനിക്കുന്ന കഥാപാത്രമാണ് മിക്കപ്പോഴും മണിവര്‍ണന് ലഭിച്ചത്.'കണ്ണപ്പനുണ്ണി'യിലെ ക്ലൈമാക്‌സ് ഫൈറ്റില്‍ നസീറിന് വേണ്ടി ഡ്യൂപ്പിട്ട ആര്‍ട്ടിസ്റ്റില്‍ നിന്നാണ് മണിവര്‍ണ്ണന്റെ കൈയ്ക്ക് വാളുകൊണ്ട് ആഴത്തില്‍ മുറിവേറ്റത്. നസീര്‍ സെറ്റിലുണ്ടായിരുന്ന നേരമായിരുന്നു അത്.

നിലത്തുവീണ മണിവര്‍ണന്റെ ശരീരം മുഴുവനായും രക്തത്തില്‍ മുങ്ങി. ത്യാഗരാജനും ശിഷ്യന്‍മാരും ചേര്‍ന്ന് മുറിവില്‍ തുണിവെച്ച് കെട്ടിയെങ്കിലും രക്തം വാര്‍ന്നുപോകുന്നത് തടയാനായില്ല. അപ്പോഴേക്കും ഷൂട്ടിങ് നിര്‍ത്തി. ചുറ്റും കൂടിയവരാരും തന്നെ ഒന്നും പറയുന്നില്ല. പെട്ടന്നാണ് നസീര്‍ അങ്ങോട്ട് കടന്നുവന്നത്. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുന്ന മണിവര്‍ണനെ കണ്ടപാടെ നസീര്‍ പറഞ്ഞു: 'ത്യാഗരാജന്‍ എത്രയും പെട്ടെന്ന് ഇയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകൂ.'

നസീറിന്റെ ആ വാക്കുകളാണ് മണിവര്‍ണനെ ഉടനെത്തന്നെ ആശുപത്രിയിലെത്തിക്കാന്‍ കാരണമായത്. രണ്ടാഴ്ചയിലെ ആശുപത്രിവാസത്തിന് വന്ന ചെലവുകളെല്ലാം വഹിച്ചത് നസീര്‍ ആയിരുന്നുവെന്ന കാര്യം ത്യാഗരാജന് മാത്രമേ അറിയാമായിരുന്നുള്ളൂ. മണിവര്‍ണന്റെ വീട്ടിലെ കാര്യങ്ങളെല്ലാം അന്വേഷിക്കണം. അവിടേക്ക് വേണ്ട ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും മറക്കരുത്.' ഓരോ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കി നസീര്‍ ത്യാഗരാജനോട് പറഞ്ഞുകൊണ്ടിരുന്നു.

'യൂണിയന്‍ കുറച്ചു പൈസ പിരിച്ചിട്ടുണ്ട് സാര്‍. അത് വീട്ടിലെത്തിച്ചു കൊടുക്കുന്നുണ്ട്.' ത്യാഗരാജന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ 'കഴിയാവുന്ന സഹായം എല്ലാ ഭാഗത്തുനിന്നും ചെയ്തുകൊടുക്കണം. താന്‍ ഒറ്റപ്പെട്ടുപോയി എന്ന് മണിവര്‍ണന് ഒരിക്കലും തോന്നരുത്.'എന്നായിരുന്നു നസീറിന്റെ പ്രതികരണം. രു മാസം കഴിഞ്ഞ് വീണ്ടും സെറ്റില്‍ എത്തുന്നതുവരെ മണിവര്‍ണന്റെ ചികിത്സയ്ക്കും ജീവിതചെലവിനുമുള്ള പണം നസീറായിരുന്നു നല്‍കിയത്. ആ കാര്യം മറ്റാരെയും അറിയിക്കരുതെന്നും അദ്ദേഹം ത്യാഗരാജനോട് പ്രത്യേകം പറഞ്ഞിരുന്നു.

ഉദയായുടെ 'പാലാട്ട്കുഞ്ഞിക്കണ്ണന്റെ'ഷൂട്ടിങ് വേളയിലാണ് കുതിരപ്പുറത്ത് നിന്നും വീണ് ഡ്യൂപ്പ് ആര്‍ടിസ്റ്റ് ജീവയുടെ കയ്യും കാലും ഒടിയുന്നത്. വീണുകിടക്കുന്ന ജീവയുടെ തലയ്ക്ക് കുതിര ചവിട്ടുകയും ചെയ്തു. ആ അപകടം അയാളുടെ ജീവിതത്തെ ദുരിതക്കടലിലാക്കി. പിന്നീടൊരിക്കലും ജീവയ്ക്ക് സ്റ്റണ്ടുകാരനായി സിനിമയിലേക്ക് വരാനായില്ല. വിട്ടുമാറാത്ത തലവേദനയുമായി ജീവ നിരന്തരം ആശുപത്രിയില്‍ കയറിയിറങ്ങി. കേവലം മൂന്നോ നാലോ ചിത്രങ്ങളില്‍ മാത്രമേ ജീവ പ്രവര്‍ത്തിച്ചിട്ടുള്ളൂ. യൂണിയനില്‍ അംഗത്വമെടുത്തിട്ട് ഒരു വര്‍ഷംപോലുമായില്ല. അതിനിടയില്‍ ഇങ്ങനെയൊരു അപകടവും. പാലാട്ട് കുഞ്ഞിക്കണ്ണനില്‍ നസീറിന് വേണ്ടിയാണ് ജീവ ഡ്യൂപ്പിട്ടത്. ചികിത്സയ്ക്കായി യൂണിയന്‍ നല്‍കിയ തുക സ്വീകരിച്ചശേഷം ജീവയുടെ ഭാര്യ കമലം ത്യാഗരാജനോട് പറഞ്ഞു : 'സാര്‍.. എന്റെ ഭര്‍ത്താവ് ഇനി ആ ജോലിക്ക് വരുന്നില്ല.'

'പിന്നെ എങ്ങനെ ജീവിക്കും?''ദൈവം എന്തെങ്കിലുമൊരു വഴി കാണിച്ചുതരാതിരിക്കില്ല.' ത്യാഗരാജന്റെ ചോദ്യത്തിന് മറുപടിയായി കമലം ഇത്രമാത്രം പറഞ്ഞു.

'മാസ്റ്റര്‍... മൂന്നു പെണ്‍ മക്കളാണ് എനിക്ക്. ഇപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടി. ഇനിയും ഞാന്‍ ആ ജോലി തുടര്‍ന്നാല്‍ എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ആത്മഹത്യ ചെയ്യേണ്ടതായി വരും.' ജീവയുടെ വാക്കുകള്‍ കേട്ട് ത്യാഗരാജന്‍ അമ്പരന്നു. അയാള്‍ പറയുന്നത് നൂറുശതമാനവും സത്യമാണെന്ന് ത്യാഗരാജനറിയാമായിരുന്നു. അതുകൊണ്ട്തന്നെ ജീവയോട് വീണ്ടും ജോലിക്ക് വരണമെന്ന് പറയാനുള്ള മനസ്സുമുണ്ടായില്ല. ജീവയെ പിന്നീട് പലപ്പോഴും ത്യാഗരാജന്‍ കണ്ടുമുട്ടി. ഒരിക്കല്‍ ആശുപത്രി ഷൂട്ടിംഗിനിടയിലും. ഭാര്യയോടൊപ്പം ഡോക്ടറെ കാണാനെത്തിയതായിരുന്നു അയാള്‍. കൈയില്‍ അപ്പോഴുണ്ടായിരുന്ന കുറച്ചുപൈസ ത്യാഗരാജന്‍ ജീവയ്ക്ക് നല്‍കിയെങ്കിലും സ്‌നേഹപൂര്‍വം അയാള്‍ അത് നിരസിച്ചു.

'ജീവിക്കാനുള്ള പൈസ ഇപ്പോള്‍ ദൈവം തരുന്നുണ്ട് സാര്‍. അതില്ലാതാകുമ്പോള്‍ ഞാന്‍ പറയാം.' ജീവയുടെ വാക്കുകള്‍ ത്യാഗരാജന്റെ മനസ്സിനെ വല്ലാതെ നോവിച്ചു. മദിരാശിയില്‍ താംബരത്തായിരുന്നു ജീവയും കുടുംബവും താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംങ്ങുമായി ബന്ധപ്പെട്ട് അവിടെയെത്തിയ ത്യാഗരാജന്‍ ജീവയെ വീണ്ടും കാണാനിടയായി. നഗരത്തിരക്കുകളില്‍ നിന്നും മാറി ജീവ അപ്പോള്‍ ഒരു ചെറിയ ചായക്കട നടത്തുകയായിരുന്നു. സ്‌നേഹത്തോടെ ജീവ നല്‍കിയ ചായകുടിക്കുന്നതിനിടയില്‍ ജീവയുടെ വിശേഷങ്ങള്‍ ത്യാഗരാജന്‍ ചോദിച്ചു കൊണ്ടിരുന്നു.

ആ വര്‍ത്തമാനങ്ങള്‍ക്കിടയിലാണ് ചായക്കടയുടെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ ത്യാഗരാജന്റെ ശ്രദ്ധയില്‍പ്പെടുന്നത്. 'നസീര്‍ സാറിന്റെ ഫോട്ടോയാണല്ലോ?' ത്യാഗരാജന്‍ ചോദിച്ചു. 'അദ്ദേഹമാണ് സാര്‍ എന്റെ ദൈവം. നസീര്‍ സാറില്ലെങ്കില്‍ ഞാനും എന്റെ കുടുംബവും എന്നേ മണ്ണായിപ്പോവുമായിരുന്നു.' ഷൂട്ടിംഗിനിടയില്‍ അപകടം പറ്റിയ താന്‍ പിന്നീട് ചായക്കടക്കാരനായി മാറിയ കഥ ജീവപറഞ്ഞു തുടങ്ങി.

തനിക്ക് വേണ്ടി അഭിനയിച്ച് ജീവന്‍ അപകടത്തിലായ മനുഷ്യനെ നസീര്‍ കൈവിട്ടില്ല. ജീവയെ ചികില്‍സിച്ചിരുന്ന വിജയാ ഹോസ്പിറ്റലിലെ ഡോ. മാധവന്‍കുട്ടിയെ ഫോണില്‍ വിളിച്ച് കാര്യങ്ങളെല്ലാം യഥാസമയം നസീര്‍ അറിയുന്നുണ്ടായിരുന്നു. ചികിത്സകഴിഞ്ഞിറങ്ങുമ്പോള്‍ ജീവയോട് തന്നെ വന്നുകാണാന്‍ ഡോക്ടറോട് പറയാനും നസീര്‍ മറന്നില്ല. പിന്നീട് താംബരത്ത് ഒരു ചായക്കട തുടങ്ങാനും മക്കളെ പഠിപ്പിക്കാനുമൊക്കെ വലിയ സഹായമാണ് ജീവയ്ക്ക് വേണ്ടി നസീര്‍ ചെയ്തുകൊടുത്തത്.

ഇതെല്ലാം ജീവ പറയുമ്പോള്‍ മാത്രമാണ് ത്യാഗരാജന്‍ അറിയുന്നത്. 'മുന്‍പൊരിക്കല്‍ ഞാന്‍ മാസ്റ്ററോട് പറഞ്ഞില്ലേ, എന്നെ ദൈവം കൈവെടിയില്ലെന്ന്. എന്റെ ദൈവം നസീര്‍ സാറാണ്. അദ്ദേഹത്തിന്റെ മുഖം ഈ ചുവരിലല്ല എന്റെ ഹൃദയത്തിലാണ് ഞാന്‍ പതിച്ചുവെച്ചിരിക്കുന്നത്.' ജീവയുടെ വാക്കുകള്‍ ത്യാഗരാജന്റെ കണ്ണ് നനയിച്ചു. ജീവിതത്തില്‍ നിന്നും നസീര്‍ വിടവാങ്ങും മുന്‍പേ ജീവയുടെ മൂന്ന് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞിരുന്നു. ആ വിവാഹം നടത്താനും നസീര്‍ വലിയ സാമ്പത്തികസഹായം ചെയ്തു. അത് എത്രയാണെന്ന് പറയാന്‍ ജീവയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അല്ലെങ്കില്‍തന്നെ അതന്വേഷിക്കുന്നതെന്തിന്? ഒരു കൈകൊണ്ട് നല്‍കുന്ന സഹായം മറുകൈ അറിയരുതെന്ന് ആഗ്രഹിച്ച പ്രേംനസീര്‍ എന്ന മനുഷ്യന്‍ നല്‍കിയ സഹായങ്ങളുടെ കണക്കെടുക്കുന്നതുപോലും അദ്ദേഹത്തോട് കാണിക്കുന്ന നന്ദികേടാവുമെന്ന് ത്യാഗരാജന്‍ വിശ്വസിക്കുന്നു.

ശശികുമാറിന്റെ മിക്കസിനിമകളിലും ഫൈറ്റര്‍ ഭാസ്‌കറിനെ കാണാം. സ്റ്റണ്ട് രംഗങ്ങളില്‍ നിരവധി തവണ പരിക്കുപറ്റിയിട്ടും സിനിമവിടാന്‍ ഭാസ്‌കര്‍ ഒരുക്കമായിരുന്നില്ല. മൂവിക്യാമറയ്ക്ക് മുന്നിലുള്ള അടിപിടിയല്ലാതെ മറ്റൊരു ജോലിയും അറിയാത്ത ഭാസ്‌കര്‍ സെറ്റില്‍നിന്നും സെറ്റിലേക്ക് തെറിച്ചു വീണുകൊണ്ടിരുന്നു. എത്ര കഷ്ടപ്പെട്ടാലും പണം സമ്പാദിക്കുക എന്നതായിരുന്നു ഭാസ്‌കറിന്റെ ലക്ഷ്യം. അതിനപ്പുറം സ്വന്തം ശരീരത്തെപോലും അയാള്‍മറന്നു. ഭാര്യയും കുഞ്ഞുങ്ങളുമുണ്ടെങ്കിലും അവരെകാണാന്‍ പോലും നാലോ അഞ്ചോ മാസം കൂടുമ്പോഴേ ഭാസ്‌കര്‍ നാട്ടിലേക്ക് പോകാറുള്ളൂ. രാവും പകലും ജോലിചെയ്ത പൈസയ്ക്ക് ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി കുറെ വസ്ത്രങ്ങളും പലഹാരങ്ങളും മറ്റും വാങ്ങിയാണ് ഭാസ്‌കര്‍ നാട്ടിലേക്ക് പോകുക. ഒരാഴ്ചയക്കപ്പുറം നാട്ടില്‍ തങ്ങാതെ അയാള്‍ അടുത്ത ഷൂട്ടിങ് സെറ്റിലേക്ക് കുതിക്കും. അധികം വിശ്രമിക്കാതെയുള്ള ഭാസ്‌കറിന്റെ പ്രവൃത്തി പ്രേംനസീറുള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിച്ചിരുന്നു.

ശശികുമാറിന്റെ,'രണ്ടുലോകം'സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് ഒരു ദിവസം ഭാസ്‌കറിനെ കാണാതായി. സെറ്റില്‍ ആരോടും പറയാതെ അയാള്‍ എങ്ങോട്ടോ മുങ്ങി. നസീറിന് വേണ്ടി ഡ്യൂപ്പായി കണ്ടത് ഭാസ്‌കറിനെയായിരുന്നു. അയാള്‍ എവിടെപ്പോയെന്ന് സെറ്റിലുള്ളവര്‍ അന്വേഷിച്ചു. ഒടുവില്‍ പ്രേംനസീറിന് വിവരം ലഭിച്ചു. ആന്ധ്രയില്‍ രജനീകാന്ത് അഭിനയിക്കുന്ന സെറ്റില്‍ ഭാസ്‌കറുണ്ടെന്ന്. 'ഇനി അയാളെ തിരയേണ്ട ത്യാഗരാജന്‍. വിട്ടേക്കൂ.' നസീറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഭാസ്‌കര്‍ എവിടെയുണ്ടെന്ന് ചോദിക്കാന്‍പോലും ത്യാഗരാജന് തോന്നിയില്ല. മൂന്നാം ദിവസം ഷൂട്ടിംഗിനിടയില്‍ ഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തയാണ് ത്യാഗരാജന് കേള്‍ക്കേണ്ടി വന്നത്. വലതുകാല്‍ മുറിച്ചു മാറ്റിയ അവസ്ഥയില്‍ ഭാസ്‌കറിനെ കാണേണ്ടിവന്നു. മലയാളത്തില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടയിലധികം പ്രതിഫലം കിട്ടുമെന്നറിഞ്ഞപ്പോള്‍ മൂന്നുദിവസത്തേക്ക് ഭാസ്‌കര്‍ ആരോടും പറയാതെ ആന്ധ്രയിലേക്ക് മുങ്ങുകയായിരുന്നു. മൂന്നാംനാള്‍ രജനികാന്തിന് വേണ്ടി ഉയരത്തില്‍ നിന്നും ചാടുമ്പോള്‍ തൊട്ടടുത്തുള്ള പ്രൊപ്പല്ലറില്‍ തട്ടി ഭാസ്‌കറിന്റെ വലതു കാല്‍ മുറിയുകയാണുണ്ടായത്. അപ്പോള്‍ തന്നെ ആ വിവരം ത്യാഗരാജനെ അറിയിക്കാന്‍ പറഞ്ഞത് ഭാസ്‌കര്‍ തന്നെയായിരുന്നു.

'സാര്‍.. ഭാസ്‌കറിന് ഒരപകടം പറ്റി. വലതുകാല്‍ മുറിക്കേണ്ടി വന്നു.'ത്യാഗരാജന്‍ നസീറിനോട് പറഞ്ഞു. കാര്യങ്ങളന്വേഷിക്കാന്‍ നസീര്‍ ത്യാഗരാജനോട് പറഞ്ഞു. പിന്നീടൊരിക്കലും ഭാസ്‌കറിന് സിനിമയില്‍ പ്രവര്‍ത്തിക്കാനായില്ല. കൂടുതല്‍ പൈസ മോഹിച്ച് പറയാതെ മുങ്ങിയതല്ലേ, അനുഭവിക്കട്ടെ എന്ന് സെറ്റില്‍ പലരും പറയുന്നത് കേട്ട നസീര്‍ ഇങ്ങനെ പറഞ്ഞു.

'ഇനി അയാളെക്കുറിച്ച് ഒന്നും പറയരുത്. പറയാതെ പോയത് ശരിയായില്ല. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ അയാളെ പരിഹസിക്കരുത്.'

ത്യാഗരാജന്റെ കൈവശം കുറച്ചു പണം ഏല്‍പ്പിച്ച് നസീര്‍ പറഞ്ഞു :'ഇത് ഭാസ്‌കറിന്റെ കൈയില്‍ കൊടുക്കണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കേണ്ട എന്നും പറയണം.' പ്രേംനസീറിന്റെ നന്മയ്ക്ക് മുന്നില്‍ ത്യാഗരാജന്‍ ശിരസ്സ് നമിച്ചു. പിന്നീടൊരിക്കലും ഭാസ്‌കറിന് സിനിമയില്‍ പ്രവര്‍ത്തിക്കാനായില്ലെങ്കില്‍ നസീറിന്റെ സഹായം എല്ലാമാസവും മുടങ്ങാതെ മണി ഓര്‍ഡറായി ഭാസ്‌കറിന്റെ കൈകളില്‍ എത്തിക്കൊണ്ടിരുന്നു. ഇങ്ങനെ നേരിട്ടറിയുന്നതും അറിയാത്തതുമായ എത്രയെത്ര സഹായങ്ങളുടെ കഥകളാണ് പ്രേംനസീറിനെക്കുറിച്ച് ത്യാഗരാജന് പറയാനുള്ളത്. ഇന്നും പ്രത്യക്ഷത്തില്‍ തന്നെ അപകടം മണക്കുന്ന സ്റ്റണ്ട് രംഗങ്ങളുടെ ചിത്രീകരണത്തില്‍ അറിയാതെ പ്രേം നസീറിന്റെ മുഖം ത്യാഗരാജന്റെ മനസ്സില്‍ തെളിയും. ഒരു ഡ്യുപ്പ് അപകടത്തില്‍പ്പെട്ടാല്‍ സഹായിക്കാന്‍ അന്ന് നസീറുണ്ടായിരുന്നു. ഇന്ന്...?

Content Highlights: Discover the untold stories of Prem Nazir`s kindness towards his stunt doubles

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article