'താങ്കളില്ലാതെ ആ മാന്ത്രികനിമിഷങ്ങൾ പിറക്കുമായിരുന്നില്ല'; സ്റ്റണ്ട്മാൻ രാജുവിനെ അനുസ്മരിച്ച് പൃഥ്വി

6 months ago 6

prithviraj-sm-raju-stuntman

പൃഥ്വിരാജ്, മരിച്ച സ്റ്റണ്ട്മാൻ എസ്.എം. രാജു | ചിത്രങ്ങൾ: മാതൃഭൂമി, x.com/AnwarMuloor

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന്‍ എസ്.എം. രാജു ദാരുണമായി മരിച്ചതിന്റെ ആഘാതത്തിലാണ് സിനിമാലോകം. തമിഴ് നടന്‍ വിശാലും ആക്ഷന്‍ കൊറിയോഗ്രാഫര്‍ സില്‍വയും ഉള്‍പ്പെടെയുള്ളവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിക്കുകയും ദുഃഖം പങ്കുവെക്കുകയും ചെയ്തു. മലയാളി താരം പൃഥ്വിരാജും സാമൂഹികമാധ്യമത്തിലൂടെ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് പൃഥ്വി എസ്.എം. രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. രാജുവിന്റെ കഴിവും ധൈര്യവുമില്ലായിരുന്നെങ്കില്‍ പല മാന്ത്രിക നിമിഷങ്ങളും ഉണ്ടാകില്ലായിരുന്നുവെന്നും രാജുവിനെ എക്കാലത്തും മിസ്സ് ചെയ്യുമെന്നും പൃഥ്വിരാജ് കുറിച്ചു.

'നിത്യശാന്തി നേരുന്നു, രാജൂ. താങ്കളുടെ കഴിവും ധൈര്യവും ഇല്ലായിരുന്നെങ്കില്‍ ഒട്ടേറെ മാന്ത്രിക നിമിഷങ്ങള്‍ പിറവിയെടുക്കുമായിരുന്നില്ല. നിങ്ങളെ എക്കാലവും മിസ്സ് ചെയ്യും...' -പൃഥ്വിരാജ് പറഞ്ഞു.

പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു.

പൃഥ്വിരാജിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്ന് തമിഴ് നടന്‍ വിശാല്‍ പറഞ്ഞു. കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. രാജുവിനെ വര്‍ഷങ്ങളായി അറിയാമെന്നും തന്റെ ചിത്രങ്ങളില്‍ ഒട്ടേറെ സാഹസികരംഗങ്ങള്‍ ചെയ്ത ആളാണെന്നും പറഞ്ഞ വിശാല്‍ രാജു ധൈര്യശാലിയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ഏറ്റവും മികച്ച കാര്‍ ജമ്പിങ് സ്റ്റണ്ട് ആര്‍ട്ടിസ്റ്റായിരുന്നു രാജുവെന്ന് സ്റ്റണ്ട് സില്‍വ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സ്റ്റണ്ട് യൂണിയനും ഇന്ത്യന്‍ സിനിമാലോകവും രാജുവിനെ മിസ് ചെയ്യുമെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു. അതേസമയം പാ രഞ്ജിത്തും ആര്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Prithviraj pays tribute to stuntman SM Raju who died successful mishap portion Pa Ranjith movie shooting

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article