
വേദ സുനിൽ | ഫോട്ടോ: Instagram
യുവപ്രതിഭകള്‍ ഒരുപാടുള്ള മലയാള സിനിമയിലേക്ക് ഒരു നായികയും തിരക്കഥാകൃത്തുംകൂടി കടന്നുവരുന്നു. വേദ സുനില്‍ എന്ന പുതുമുഖമാണ് കേക്ക് സ്റ്റോറി എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ ചുവടുറപ്പിക്കാനെത്തുന്നത്. ചിത്രത്തിന്റെ സംവിധായകനായ സുനിലിന്റെ മകള്‍കൂടിയാണ് വേദ. കേക്ക് സ്റ്റോറി എന്ന ചിത്രത്തേക്കുറിച്ചും പുതിയ പ്രതീക്ഷകളെക്കുറിച്ചും വേദ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
നടിയെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലുമുള്ള പ്രതീക്ഷകള്‍
നടിയെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും നല്ല പ്രതീക്ഷയാണുള്ളത്. ഫൈനല്‍ ഔട്ട്പുട്ട് കണ്ടപ്പോള്‍ പ്രതീക്ഷ കൂടുകയാണ് ചെയ്തത്. നല്ല ആത്മവിശ്വാസത്തിലാണ്. സിനിമയെ സംബന്ധിച്ച് ഞാന്‍ ഹാപ്പിയാണ്. സിനിമ ജനങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസവും പ്രതീക്ഷയുമുണ്ട്.
കേക്കിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം
കേക്ക് സ്റ്റോറി എന്നത് പൂര്‍ണമായും ഒരു കേക്കിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ്. കൂടാതെ ഒരു പ്രണയകഥ കൂടിയാണ്. രണ്ട് കാലഘട്ടങ്ങളിലായി വരുന്ന കേക്ക് നിര്‍മാണവും പ്രണയവുമാണ് കേക്ക് സ്റ്റോറി എന്ന ചിത്രത്തിന്റെ തീം. പൂര്‍ണമായും ഒരു ഫീല്‍ഗുഡ്-ഫാമിലി മൂവിയാണ്. കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയി കാണാവുന്ന ചിത്രമായിരിക്കുമെന്ന ഉറപ്പ് നല്‍കാന്‍പറ്റും.

എഴുത്തും സംവിധാനവും താത്പര്യം
ചെറുപ്പത്തില്‍ത്തന്നെ കഥകളും കവിതകളും എഴുതാന്‍ തുടങ്ങിയിരുന്നു. താത്പര്യമുള്ള മേഖല എഴുത്തും സംവിധാനവുമാണ്. സ്വന്തമായി തിരക്കഥയെഴുതി സംവിധാനംചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. കേക്ക് സ്റ്റോറിയുടെ ആശയം മനസിലേക്ക് വന്നത് കോവിഡ് സമയത്താണ്. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ മുന്നോട്ടുപോവാനുള്ള പ്രോത്സാഹനം തന്നു. അങ്ങനെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ അടിസ്ഥാനമാക്കിയല്ല കേക്ക് സ്റ്റോറി ഒരുക്കിയത്. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് എവിടെയെങ്കിലുമൊക്കെ അവരുടെ ജീവിതവുമായി ചേര്‍ത്തുവെയ്ക്കാന്‍ കഴിയും എന്ന് തോന്നുന്നുണ്ട്.
അച്ഛന്‍ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്
സംവിധാനം ചെയ്യണം, അതിനേക്കുറിച്ചറിയണം എന്നുള്ളതുകൊണ്ടാണ് അച്ഛന്റെ അസിസ്റ്റന്റായി പ്രവര്‍ത്തനം തുടങ്ങിയത്. സിനിമ എന്നത് കുട്ടിക്കാലം മുതലേ അറിയുന്നതും കാണുന്നതുമാണ്. അച്ഛനിലൂടെയാണ് അതെല്ലാം സാധ്യമായത്. അതുകൊണ്ടുതന്നെ അച്ഛന്‍ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. സിനിമ എന്താണെന്ന് വ്യക്തമായ ധാരണ കിട്ടിയതും സംവിധാനംചെയ്യണമെന്ന ആഗ്രഹമുണ്ടായതും അച്ഛനെ കണ്ടാണ്.

യാദൃഛികമായി സിനിമയിലേക്ക്
ഞാന്‍ യാദൃഛികമായിട്ടാണ് തിരക്കഥാകൃത്തായി ഈ സിനിമയില്‍ എത്തിയത്. പിന്നീട് എല്ലാവരും ചേര്‍ന്ന് എന്നെ നായികയാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അഭിനയത്തിന്റെ മേഖല കുറച്ച് ആശങ്കയുള്ളതായിരുന്നു. സീനിയര്‍ താരങ്ങള്‍ക്കൊപ്പമുള്ള രംഗങ്ങള്‍ വരുമ്പോള്‍ എത്രത്തോളം ഭംഗിയാക്കാനാവുമെന്നും ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ എല്ലാവരും എന്നെ നല്ലപോലെ പിന്തുണച്ചു.
ബാബു ആന്റണി ഇതുവരെ ചെയ്യാത്ത വേഷം
രഘുറാം എന്ന കഥാപാത്രമായാണ് ബാബു ആന്റണി സാര്‍ ചിത്രത്തിലെത്തുന്നത്. അദ്ദേഹം ഇതുവരെ ചെയ്യാത്തതരം വേഷമായാണ് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. അദ്ദേഹം അത് നന്നായി ചെയ്തിട്ടുണ്ട്.

റെഡിന്‍ കിങ്സ്ലിയുടെ രാഘവന്‍ എന്ന കഥാപാത്രം
രാഘവന്‍ എന്ന കഥാപാത്രമായാണ് റെഡിന്‍ കിങ്സ്ലി ഈ ചിത്രത്തിലെത്തുന്നത്. സിനിമയിലെ മറ്റൊരു ഹീറോ എന്നുംപറയാം. കേക്ക് സ്റ്റോറി എന്ന ഈ കഥയിലുള്ള കേക്ക് ഉണ്ടാക്കുന്നത് രാഘവനെന്ന കഥാപാത്രമാണ്. ഈ കഥാപാത്രം ആരെക്കൊണ്ട് ചെയ്യിക്കുമെന്ന് ഒരുപാട് ആലോചിച്ചിരുന്നു. ഏറ്റവുമൊടുവിലാണ് റെഡിന്‍ കിങ്സ്ലിയിലേക്കെത്തിച്ചത്. അദ്ദേഹം അത് മനോഹരമായി ചെയ്തു. അദ്ദേഹം അവതരിപ്പിച്ച് കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വ്യത്യസ്തമായ കഥാപാത്രംകൂടിയാണിത്.
ഗുരുകുല വിദ്യാഭ്യാസം തന്ന ആത്മവിശ്വാസം
യഥാര്‍ത്ഥ ജീവിതത്തിലെ അനുഭവങ്ങളും യാത്രാനുഭവങ്ങളും ഒരുപാടുണ്ട്. ഗുരുകുലവിദ്യാഭ്യാസമാണ് എനിക്കിത്രയും ആത്മവിശ്വാസം ലഭിക്കാന്‍ കാരണമായത്. ഏത് ജീവിത സാഹചര്യങ്ങളുമായും ഇണങ്ങിച്ചേരാനുള്ള കഴിവ് ലഭിച്ചത് അതിലൂടെയാണ്.
വ്യത്യസ്തമായ സിനിമകള്‍ ചെയ്യണം
ഒരുപാട് പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. അവര്‍ ആരൊക്കെയാണെന്ന് പേരെടുത്ത് പറയാനാവില്ല. അഭിനയവും ഉണ്ടാകുമെങ്കിലും എഴുത്തിന് തന്നെയാണ് പ്രാധാന്യം കൊടുക്കുക. ഒരു പ്രത്യേക ജോണറിലുള്ള സിനിമ മാത്രം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം.
Content Highlights: Meet Vedha Sunil, debuting successful `Cake Story,` a caller Malayalam film





English (US) ·