'തുടരും' ചെയ്തത് 'ദൃശ്യം' പോലെ ഒരു സിനിമയുണ്ടാക്കാനല്ല; ഫീല്‍ ഗുഡുമല്ല- തരുണ്‍ മൂര്‍ത്തി

9 months ago 7

10 April 2025, 07:54 PM IST

mohanlal tharun moorthy

തരുൺ മൂർത്തി മോഹൻലാലിനൊപ്പം | Photo: Facebook/ Tharun Moorthy,

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തുടരും'. ഏറെക്കാലങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രം സംവിധാനംചെയ്തിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തരുണിന്റെ മൂന്നാമത്തെ ചിത്രമാണിത്. നേരത്തെ, ഒരു അഭിമുഖത്തില്‍ ചിത്രവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെ 'തുടരും' മറ്റൊരു 'ദൃശ്യം' മാതൃകയിലുള്ള ചിത്രമായിരിക്കുമെന്നായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍, ചിത്രം ഏത് ജോണറിലുള്ളതാവുമെന്ന കാര്യത്തില്‍ വിശദീകരണം നല്‍കുകയാണ് സംവിധായകന്‍ തരുണ്‍ മുര്‍ത്തി. തുടരും ഒരു ഫീല്‍ ഗുഡ് സിനിമയല്ലെന്നും താനതിനെ ഉള്‍ക്കൊണ്ടതും യാഥാര്‍ഥ്യമാക്കിയതും ഫാമിലി ഡ്രാമ എന്ന രീതിയിലാണെന്നും തരുണ്‍ പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ മനസുതുറന്നത്.

'തുടരും ഫീല്‍ ഗുഡ് അല്ല. ഞാനതിനെ ഉള്‍ക്കൊണ്ടതും സംവിധാനംചെയ്തതും ഫാമിലി ഡ്രാമ എന്ന രീതിയിലാണ്. ആ സിനിമയില്‍ നടക്കുന്ന പലകാര്യങ്ങള്‍ക്കും കൃത്യമായ ഡ്രാമകളുണ്ട്. എല്ലാവരും അതിനെ 'ദൃശ്യം' എന്ന സിനിമയുമായി വല്ലാതെ ഉപമിക്കുന്നുണ്ട്. ഓരോ പോസ്റ്റര്‍ കാണുമ്പോഴും 'ദൃശ്യം' പോലെയുള്ള സിനിമയാണ്, രണ്ടാംപകുതിയില്‍ 'ദൃശ്യം'പോലെ എന്തൊക്കെയോ സംഭവിക്കാന്‍ പോവുകയാണ് എന്നൊക്കെ പറയുന്നുണ്ട്. 'ദൃശ്യം' മലയാളത്തിന്റെ കള്‍ട്ട് ക്ലാസിക് അല്ലെങ്കില്‍ ട്രെന്‍ഡ് സെറ്റര്‍ എന്ന് പറയാവുന്ന സിനിമയാണ്. ഞാനൊരിക്കലും ആ ട്രെന്‍ഡിനെ പിന്തുടരില്ല. ദൃശ്യം പോലെയൊരു സിനിമയുണ്ടാക്കാനല്ല തുടരും ചെയ്യുന്നത്', തരുണ്‍ പറഞ്ഞു.

'ഒരാളുടെ ജീവിതമാണ് സിനിമ പറയുന്നത്. ഒരാളുടെ ജീവിതത്തിലെ കുറച്ചു ദിവസങ്ങളില്‍ നടക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. അതില്‍ തമാശയും സങ്കടവും ഞെട്ടിക്കുന്ന കാര്യങ്ങളും ചില ത്രില്ലുകളുണ്ട്. ഇതെല്ലാം വന്നുപോകുന്ന, എന്നാല്‍ ഇതെല്ലാം ചേര്‍ത്ത് ഇന്‍വസ്റ്റിഗേഷന്‍ ഡ്രാമയെന്നോ മിസ്റ്ററി ത്രില്ലറെന്നോ വിളിക്കാന്‍ പറ്റാത്ത.., അങ്ങനെയൊരു എലമെന്റേ ഈ സിനിമയിലില്ല. എന്നെ സംബന്ധിച്ച് ആളുകള്‍ ഞാന്‍ കൊടുക്കുന്ന പ്രമോഷന്‍ വെച്ച് മാത്രമേ ഈ സിനിമ കാണാന്‍ വരാവൂ. അതിനപ്പുറത്തേക്കുള്ള എന്ത് റീഡിങ്ങും സിനിമയ്ക്കും കാണാന്‍ വരുന്നവര്‍ക്കും നല്ലതല്ല', തരുണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Tharun Moorthy clarifies connected Thudarum examination with Drishyam

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article