'തുടരും' സിനിമയിലെ ജോർജ് സാറിനേക്കാൾ ക്രൂരൻ; ഡിവൈഎസ്പി മധുബാബുവിനെതിരേ നിർമാതാവ് ഷീല കുര്യൻ

4 months ago 5

madhubabu sheela kurain

ഷീലാ കുര്യൻ, മധുബാബു | ഫോട്ടോ: സ്‌പെഷ്യൽ അറേഞ്ച്‌മെന്റ്‌

കോഴിക്കോട്: ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരേ നിര്‍മാതാവ് ഷീല കുര്യന്‍ രംഗത്ത്. സാമ്പത്തിക തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട്‌ പോലീസ് സ്‌റ്റേഷനിലെത്തിയ തന്നോട് ഡിവൈഎസ്പി മോശമായി പെരുമാറിയെന്ന് ഷീല കുര്യന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. കുറ്റാരോപിതന്റെ മുന്നില്‍വെച്ച് തന്നെ അപമാനിക്കുന്ന തരത്തില്‍ ഡിവൈഎസ്പി പെരുമാറിയെന്നും നിര്‍മാതാവ് പറഞ്ഞു.

'നാലു വര്‍ഷം മുമ്പ് നിര്‍മാതാവു കൂടിയായ സുഹൃത്ത് നൗഷാദിന് പണം കടം നല്‍കിയിരുന്നു. കൈയിലുണ്ടായിരുന്ന അറുപത് പവനോളം സ്വര്‍ണം പണയംവെച്ചാണ് തുക കണ്ടെത്തിയത്. പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കാതിരിക്കുകയും പിന്നീട് മറുപടിയും ഇല്ലാതായതോടെ എറണാകുളം എസിപിക്ക് പരാതി നല്‍കി. തുടര്‍ന്ന് അക്കൗണ്ടുള്ള ബാങ്ക് സ്ഥിതി ചെയ്യുന്ന ആലപ്പുഴയിലേക്ക് മാറ്റിയ കേസ് ഡിവൈഎസ്പിക്ക് കൈമാറി.' ഷീല കുര്യന്‍ പറഞ്ഞു.

'പണം തിരികെ ലഭിക്കാന്‍ നൗഷാദിന്റെ ബന്ധുവഴി ശ്രമം നടത്തിയിരുന്നു. ഇതില്‍ പ്രകോപിതയായ നൗഷാദിന്റെ ഭാര്യ കഴിഞ്ഞ ഫെബ്രുവരി 23-ന് രാത്രി 7.53-ന് വാട്‌സാപ്പ് കോളില്‍ വിളിച്ച് അസഭ്യ സംബോധനയോടെ മോശമായി സംസാരിച്ചു. മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന ഫോണ്‍കോളില്‍ പത്തോ പതിനഞ്ചോ തവണ 'പിഴച്ചവളേ' എന്ന് വിളിച്ചു. ഇതിനെതിരേ പരാതിപ്പെട്ടപ്പോള്‍ ഡിവൈഎസ്പി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഫോണിലൂടെ അധിക്ഷേപിച്ച ആള്‍ക്ക് പകരം അവരുടെ ഭര്‍ത്താവായ നൗഷാദ് ആണ് സ്റ്റേഷനിലെത്തിയത്. ഇയാളുടെ മുമ്പില്‍വെച്ച് എന്നെ അപമാനിക്കുന്ന തരത്തിലായിരുന്നു ഡിവൈഎസ്പി മധുബാബുവിന്റെ പെരുമാറ്റം.' അവര്‍ ആരോപിച്ചു.

'ശരിക്കും സിനിമയിലെ വില്ലനെ തന്നെയാണ് ഞാന്‍ അവിടെ കണ്ടത്. താന്‍ കുറ്റാരോപിതന്റെ കൂടെയാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ അവിടെവെച്ചു തന്നെ അവര്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ടെഴുതി. പ്രതികളില്‍നിന്ന് എന്തോ നേട്ടമുണ്ടായിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്. നീതിപൂര്‍വ്വമല്ലാത്ത, എന്നെ അധിക്ഷേപിക്കുന്ന പെരുമാറ്റമാണ് ഡിവൈഎസ്പിയില്‍നിന്ന് ഉണ്ടായത്. സ്‌റ്റേഷനില്‍ ബഹളംവെച്ചാണ് എനിക്ക് ഇറങ്ങിപ്പോരേണ്ടി വന്നത്. 'തുടരും' സിനിമയിലെ ജോര്‍ജ് സാറിനെക്കാള്‍ ക്രൂരനായ പോലീസുകാരനെയാണ് മധുബാബുവില്‍ കണ്ടത്.' അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഇത് തുറന്നുപറയാന്‍ എനിക്ക് യാതൊരു ഭയവുമില്ല. ഞാന്‍ അനുഭവിച്ച ജീവിതമാണിത്. അയാള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായിക്കാണും. നേട്ടമൊന്നുമില്ലാതെ ഇങ്ങനെ പെരുമാറില്ല. അല്ലെങ്കില്‍ ഒരു സ്ത്രീയായ എന്നോട് ഇത്രയും മോശമായി പെരുമാറില്ലല്ലോ? എന്നപ്പോലെ സിംഗിള്‍ മദറായ ഒരു സ്ത്രീ, ഒരു പോലീസ് സ്‌റ്റേഷനിലേക്ക് കയറി ചെല്ലുന്നതുപോലും നൂറുവട്ടം ആലോചിച്ച ശേഷമായിരിക്കും. നിര്‍മാതാവുകൂടിയായ ഞാന്‍ സ്‌റ്റേഷനില്‍ പോവാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. അത്രയും ഗതികെട്ടതുകൊണ്ടാണ് പോലീസ് സ്‌റ്റേഷനില്‍ കയറിവന്നത് എന്ന് മനസിലാക്കാനുള്ള ബോധം അവര്‍ക്കുണ്ടാവണമല്ലോ?' ഷീല കുര്യന്‍ പറഞ്ഞു.

'മധുബാബുവില്‍നിന്ന് ആര്‍ക്കെങ്കിലും നീതി കിട്ടിയതായി എന്റെ അറിവിലില്ല. ഒരു സ്ത്രീ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അടിച്ചുകൊണ്ടുപോയിട്ട് അതിനെതിരേ പരാതിപ്പെടുമ്പോള്‍ പ്രതിക്കൊപ്പം നില്‍ക്കുന്ന ഒരാളെക്കുറിച്ച് എന്താണ് പറയുക. പോലീസില്‍നിന്ന് നീതി കിട്ടിയില്ലെങ്കില്‍ ഞാന്‍ ആരെയാണ് ആശ്രയിക്കേണ്ടത്. സംഭവത്തിന് പിന്നാലെ ഞാന്‍ ഡിപ്രഷനിലായി. പാനിക് അറ്റാക് വന്നു. അന്നത്തെ കണ്ണുനീര്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. ഇപ്പോഴും ഞാന്‍ കരയുകയാണ്. സംഭവത്തിന് ശേഷം എനിക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. കൂടുതല്‍ വെളിപ്പെടുത്തലുകൾ വന്ന സ്ഥിതിക്ക് ഇനി മധുബാബുവിനെതിരേ നിയമനടപടി സ്വീകരിക്കും', ഷീല കുര്യന്‍ വ്യക്തമാക്കി.

Content Highlights: Sheela Kurian accused DySP Madhu Babu of misconduct and bias

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article