തേരി പ്യാരി പ്യാരി സൂരത്; സരോജാദേവിയുടെ മരിക്കാത്ത ഓര്‍മ്മ 

6 months ago 7

മുഹമ്മദ് റഫിയെ ഏറ്റവും റൊമാന്റിക്ക് ആയി കണ്ട നിമിഷം ഗായിക ഉഷ തിമോത്തിയുടെ ഓര്‍മ്മയിലുണ്ട്. റഫിയുടെ പത്‌നി ബില്‍ക്കീസ് ആണ് ആ കഥയിലെ നായിക.

'ഗാനമേളകളില്‍ ഭാര്യക്ക് വേണ്ടി ഒരു പാട്ട് പാടാറുണ്ട് റഫി സാഹിബ്. പരിപാടിക്ക് മുന്‍പ് ആ പാട്ട് അദ്ദേഹം ചോദിച്ചു മനസ്സിലാക്കിയിരിക്കും.'ലോകമെങ്ങുമുള്ള വേദികളില്‍ റഫി സാഹിബിനൊപ്പം പാടിയ ചരിത്രമുള്ള ഗായിക പറയുന്നു. 'ഒരു തവണ മാത്രം ആ പതിവ് മുടങ്ങി. സദസ്സില്‍നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ ഡിമാന്‍ഡ് വന്നതുകൊണ്ടാണ്. ജനം ആവശ്യപ്പെട്ട ഗാനങ്ങള്‍ പാടിപ്പാടി തളര്‍ന്നുപോയി അദ്ദേഹം. അതിനിടെ ഭാര്യയുടെ ആവശ്യം മറന്നുപോകുകയും ചെയ്തു. പരിപാടി കഴിഞ്ഞു ഞങ്ങള്‍ ഗ്രീന്റൂമില്‍ എത്തിയപ്പോള്‍ അവിടെ തലകുനിച്ചിരിക്കുകയാണ് ബാജി എന്ന് ഞാന്‍ വിളിക്കുന്ന ബില്‍ക്കീസ് റഫി. ഉള്ളിലെ സങ്കടവും പരിഭവവും ആ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. എന്ത് പറഞ്ഞിട്ടും സംസാരിക്കാന്‍ കൂട്ടാക്കുന്നില്ല അവര്‍.

'ഒടുവില്‍ റഫി സാഹിബ് അവസാനത്തെ അടവും പുറത്തെടുത്തു. ചൂണ്ടുവിരല്‍ കൊണ്ട് ഭാര്യയുടെ താടി പിടിച്ചുയര്‍ത്തി, കണ്ണുകളില്‍ ഉറ്റുനോക്കിക്കൊണ്ട് അവര്‍ ആവശ്യപ്പെട്ട പാട്ട് നിന്നനില്‍പില്‍ പാടിക്കൊടുത്തു അദ്ദേഹം: 'തേരി പ്യാരി പ്യാരി സൂരത് കോ കിസികി നസര്‍ നാ ലഗേ ..'' അത്രയും റൊമാന്റിക്ക് ആയി ആ ഗാനം അതിനു മുന്‍പോ പിന്‍പോ പാടിക്കേട്ടിട്ടില്ല. റഫിയുടെ പാട്ടു കേട്ടാല്‍ ആര്‍ക്കാണ് സന്തോഷം വരാതിരിക്കുക? നിമിഷങ്ങള്‍ക്കുള്ളില്‍ ബാജിയുടെ മുഖത്ത് ചിരി വിടര്‍ന്നു. പിണക്കം അതോടെ അതിന്റെ പാട്ടിനു പോയി..''

സരോജാദേവിയുടെ വിയോഗവാര്‍ത്തക്കൊപ്പം ആദ്യം ഓര്‍മ്മയില്‍ വന്നുനിറഞ്ഞത് റഫി സാഹിബിന്റെ ആ ക്ലാസിക് ഗാനമാണ്. കാമുകിയായ സരോജാദേവിയുടെ പ്രണയപരിഭവം നിറഞ്ഞ കണ്ണുകളില്‍ നോക്കി രാജേന്ദ്ര കുമാര്‍ പാടുന്നു: 'തേരി പ്യാരി പ്യാരി സൂരത് കോ കിസി കി നസര്‍ നാ ലഗേ ചഷ്‌മേ ബദ്ദൂര്‍, മുഖഡേ കോ ചുപാലോ ആഞ്ചല്‍ മേ കഹീ മേരി നസര്‍ നാ ലഗേ..

'സസുരാലി'ലെ (1961) സൂപ്പര്‍ ഹിറ്റ് ഗാനം. ടി പ്രകാശ് റാവു സംവിധാനം ചെയ്ത ആ റീമേക്ക് ചിത്രം ഇന്ന് ഓര്‍ക്കപ്പെടുന്നത് പോലും ഈ പാട്ടിന്റെ പേരിലാവണം. ഹിന്ദിയില്‍ സരോജാദേവിയുടെ അരങ്ങേറ്റം അതിനും ഒരു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ 'ഒപേറ ഹൗസി'ലായിരുന്നു. അജിത് നായകനായി അഭിനയിച്ച ആ പടത്തിലുമുണ്ടായിരുന്നു ഹിറ്റ് ഗാനങ്ങള്‍. മുകേഷും ലതാ മങ്കേഷ്‌കറും പാടിയ 'ദേഖോ മൗസം ക്യാ ബഹാര്‍ ഹേ' മറക്കാനാവില്ല. ജിം റീവ്‌സിന്റെ 'ബിംബോ' എന്ന ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രഗുപ്ത ഒരുക്കിയ ഹൃദയഹാരിയായ ഈണം.

എന്നാല്‍, തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഓര്‍മ്മയില്‍ സരോജാദേവിക്ക് പി സുശീലയുടെ ശബ്ദമാണ്. 'പാലും പഴവും' എന്ന ചിത്രത്തിലെ ആലയമണിയിന്‍ ഓശൈ, തൊട്ടാല്‍ പൂ മലരും (പടഗോട്ടി), രാജാവിന്‍ പാര്‍വൈ റാണിയിന്‍ പക്കം (അന്‍പേ വാ), ചിട്ടുക്കുരുവീ മുത്തം കൊടുത്തു (പുതിയ പറവൈ), പാര്‍ത്താല്‍ പശി തീരും (പാര്‍ത്താല്‍ പശി തീരും)....അങ്ങനെ എത്രയെത്ര അനശ്വര ഗാനങ്ങള്‍, ഗാനരംഗങ്ങള്‍.

'എന്റെ പാട്ടുകള്‍ ഏറ്റവും നന്നായി സിനിമയില്‍ പാടി അഭിനയിച്ചവരില്‍ ഒരാളാണ് സരോജാദേവി,'സുശീലയുടെ വാക്കുകള്‍. 'പെരിയ ഇടത്ത് പെണ്‍' എന്ന ചിത്രത്തിലെ 'രഹസിയം പരമ രഹസിയം' ഉദാഹരണമായി എടുത്തുപറയുന്നു സുശീല. 'രഹസ്യസ്വഭാവം കൊണ്ടുവരണം ആലാപനത്തില്‍ എന്നാണ് സംഗീത സംവിധായകന്‍ എം എസ് വിശ്വനാഥന്‍ എനിക്ക് നല്‍കിയ നിര്‍ദ്ദേശം. കാതില്‍ മന്ത്രിക്കുന്നത് പോലെ വേണം പാടാന്‍. അത്യന്തം വൈകാരികമാകുകയും വേണം ആ മന്ത്രണം...'

ശാരദ സ്റ്റുഡിയോയിലാണ് റെക്കോര്‍ഡിംഗ്. ശബ്ദലേഖകന്‍ രംഗസ്വാമി. 'എം എസ് വി പറഞ്ഞപോലെ രഹസ്യസ്വഭാവത്തില്‍ തന്നെ പാടി ഞാന്‍. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് കണ്‍സോളില്‍ നിന്ന് എംഎസ്‌വി സാര്‍ സ്റ്റുഡിയോക്കകത്ത് കയറിവരുന്നു, ഇത്രയും സ്വരം താഴ്‌ത്തേണ്ട. കുറച്ചുകൂടി വോള്യം ആകാം എന്നായി അദ്ദേഹം.. ഇല്ലെങ്കില്‍ ആരും കേള്‍ക്കാതെ പോകും. അങ്ങനെയാണ് ആ പാട്ട് റെക്കോര്‍ഡ് ചെയ്യപ്പെട്ടത്.' സിനിമയില്‍ അതെങ്ങനെ ചിത്രീകരിക്കപ്പെടും എന്നറിയാന്‍ ജിജ്ഞാസ ഉണ്ടായിരുന്നെന്ന് സുശീല. 'പടം കണ്ടപ്പോള്‍ അത്ഭുതം തോന്നി. എത്ര തന്മയത്വത്തോടെയാണ് സരോജാദേവി രംഗത്ത് അഭിനയിച്ചിരിക്കുന്നത്. പാട്ടിന്റെ തുടക്കത്തിലെ രഹസിയം പരമ രഹസിയം എന്ന വരി സരോജാദേവി തന്നെയാണോ പാടിയത് എന്ന് തോന്നും.'

ഗായികയും നായികയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ സൗരഭ്യം കൂടിയുണ്ട് ആ ഗാനങ്ങളില്‍. അവരില്‍ ഒരാള്‍ ഓര്‍മ്മയായതോടെ, സിനിമാസംഗീതത്തിലെ മറ്റൊരു മധുരോദാരമായ യുഗത്തിന് കൂടി തിരശ്ശീല വീഴുന്നു. വിട, സരോജാദേവി.

Content Highlights: Explore the beingness and contributions of Saroja Devi, a renowned South Indian actress

ABOUT THE AUTHOR

ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article