
സൽമാൻ ഖാൻ | ഫയൽചിത്രം | Photo: PTI
ദക്ഷിണേന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് പറയാനാകില്ലെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ആഴ്ചയില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ ദക്ഷിണേന്ത്യയില്‍ റിലീസ് ചെയ്യുന്നുണ്ടെന്നും എന്നാല്‍, അതെല്ലാം മികച്ച വിജയം നേടുന്നില്ലെന്നും നടന്‍ പറഞ്ഞു. നല്ല സിനിമകള്‍ ചെയ്താല്‍ വിജയിക്കുമെന്നതാണ് എല്ലായിടത്തെയും മന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 30-ന് തിയേറ്ററുകളിലെത്തുന്ന പുതിയ ചിത്രമായ 'സിക്കന്ദറി'ന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
മാര്‍ച്ച് 27-ന് തിയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ 'എമ്പുരാന്‍', ഏപ്രില്‍ പത്തിന് തിയേറ്ററുകളിലെത്തുന്ന സണ്ണി ഡിയോളിന്റെ 'ജാട്ട്' എന്നീ ചിത്രങ്ങളുമായിട്ടാണ് സല്‍മാന്‍ ഖാന്‍ നായകനായ സിക്കന്ദറിന്റെ മത്സരം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലും ഈ മത്സരത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. ഈ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്.
എമ്പുരാന്‍ റിലീസിനെക്കുറിച്ചും സിക്കന്ദറിന് പൃഥ്വിരാജ് ആശംസകളറിയിച്ചത് സംബന്ധിച്ചും സല്‍മാന്‍ ഖാനോട് ചോദ്യം ഉന്നയിച്ചിരുന്നു. ഒരു നടനെന്ന നിലയില്‍ പൃഥ്വിരാജിനെ ഏറെ ഇഷ്ടമാണെന്നും അദ്ദേഹം സംവിധാനം ചെയ്യുമ്പോള്‍ ആ ചിത്രം മികച്ചതാകുമെന്നുമായിരുന്നു സല്‍മാന്‍ ഖാന്റെ മറുപടി.
''ഒരു നടനെന്നനിലയില്‍ പൃഥ്വിരാജിനെ എനിക്ക് ഇഷ്ടമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുമ്പോള്‍ അത് മികച്ച ചിത്രമാകുമെന്ന് എനിക്കറിയാം. സിക്കന്ദറിന് ശേഷം ജാട്ടും വരുന്നുണ്ട്. എല്ലാവരും നല്ലരീതിയില്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. രാംചരണിനെയും ജൂനിയര്‍ എന്‍ടിആറിനെയും എനിക്കറിയാം. എന്റെ കണ്‍മുന്നിലായിരുന്നു അവരുടെ വളര്‍ച്ച. ഞാന്‍ നടനായി എത്തി ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷമാണ് അവരെല്ലാം സിനിമ ചെയ്തുതുടങ്ങിയത്. വെങ്കിടേഷിനെ എനിക്ക് അടുത്തറിയാം. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും 30-35 വര്‍ഷമായി സുഹൃത്തുക്കളുമാണ്. ചിരഞ്ജീവിയെയും എനിക്ക് പരിചയമുണ്ട്. അദ്ദേഹത്തിനൊപ്പമാണ് ഞാന്‍ തംപ്‌സ്അപ്പ് പരസ്യം ചെയ്തത്.
ഒട്ടേറെ ദക്ഷിണേന്ത്യന്‍ നടന്മാര്‍ക്കൊപ്പം ഞാന്‍ ജോലിചെയ്തിട്ടുണ്ട്. എന്റെ തലമുറയിലെ ഹിന്ദി നടന്മാരില്‍ ദക്ഷിണേന്ത്യന്‍ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആദ്യ നടനും ഞാനാണ്. ഒരുസമയത്ത് നാലോ അഞ്ചോ ദക്ഷിണേന്ത്യന്‍ സംവിധായകര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു'', സല്‍മാന്‍ ഖാന്‍ പറഞ്ഞു.
ഹിന്ദി സംവിധായകരില്‍നിന്ന് ദക്ഷിണേന്ത്യന്‍ സംവിധായകര്‍ക്കുള്ള വ്യത്യസ്തത എന്താണെന്ന ചോദ്യത്തിനും സല്‍മാന്‍ ഖാന്‍ മറുപടി നല്‍കി. ''ദക്ഷിണേന്ത്യന്‍ സിനിമ സാങ്കേതികമായി ഏറെ പുരോഗതി കൈവരിച്ചവരാണ്. വൈകാരികമായി വളരെ പരിണമിച്ചവരും. അവര്‍ മറ്റെവിടെനിന്നെങ്കിലും കഥകളോ ആശയങ്ങളോ സ്വീകരിക്കില്ല. അവര്‍ സ്വന്തം കഥകള്‍ സിനിമകളാക്കുന്നു. അങ്ങനെയാണെങ്കിലും ദക്ഷിണേന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതല്ല. ബോളിവുഡില്‍ ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രങ്ങള്‍ മാത്രമേ നിങ്ങള്‍ ഓര്‍ക്കുന്നുള്ളൂ. ദക്ഷിണേന്ത്യയിലും എല്ലാ ആഴ്ചയും രണ്ടോ മൂന്നോ സിനിമ പുറത്തിറങ്ങുന്നു. പക്ഷേ, അവയെല്ലാം വിജയിക്കുന്നില്ല. നിങ്ങള്‍ നല്ല സിനിമകള്‍ ചെയ്താല്‍ അത് വിജയിക്കും എന്നതാണ് എല്ലായിടത്തെയും മന്ത്രം'', സല്‍മാന്‍ ഖാന്‍ പറഞ്ഞു.
കുപ്രസിദ്ധ ഗുണ്ടാത്തലവനായ ലോറന്‍സ് ബിഷ്‌ണോയിയില്‍നിന്ന് വധഭീഷണിയുള്ളതിനാല്‍ സല്‍മാന്‍ ഖാന്റെ വാര്‍ത്താസമ്മേളനം ക്യാമറയില്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ക്യാമറകള്‍ അനുവദിക്കാതിരുന്നത്.
പ്രേക്ഷകര്‍ കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്‍ നായകനായ 'സിക്കന്ദര്‍' മാര്‍ച്ച് 30-നാണ് തിയേറ്ററുകളിലെത്തുന്നത്. ഈദ് റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 2023-ല്‍ റിലീസായ 'ടൈഗര്‍ 3'-യാണ് സല്‍മാന്‍ ഖാന്‍ നായകനായെത്തിയ അവസാനചിത്രം. എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്ത സിക്കന്ദറില്‍ സല്‍മാന്‍ ഖാനൊപ്പം രശ്മിക മന്ദാന, കാജല്‍ അഗര്‍വാള്‍, സത്യരാജ്, ഷര്‍മാന്‍ ജോഷി തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
Content Highlights: salman khan astir southbound amerind films
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·