%20(1).jpg?%24p=d9eab2e&f=16x10&w=852&q=0.8)
മോഹൻലാൽ, രാം ഗോപാൽ വർമ | ഫോട്ടോ: മാതൃഭൂമി, പിടിഐ
ഇന്ത്യന്‍ ചലച്ചിത്രകലയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡല്ല, മറിച്ച് ഫാല്‍ക്കെയ്ക്ക് മോഹന്‍ലാല്‍ അവാര്‍ഡ് നല്‍കണം എന്നാണ് രാംഗോപാല്‍ വര്‍മയുടെ അഭിപ്രായം. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് മോഹന്‍ലാലിന് പ്രശംസയുമായി ആര്‍ജിവി എത്തിയത്.
'ഇന്ത്യയിലെ ആദ്യത്തെ ചിത്രം നിര്‍മിച്ചു എന്നതിലുപരി എനിക്ക് ദാദാസാഹേബ് ഫാല്‍ക്കയേക്കുറിച്ച് കാര്യമായി ഒന്നുമറിയില്ല. ആ ചിത്രം ഞാന്‍ കാണുകയോ, അതുകണ്ട ആരെയെങ്കിലും കണ്ടുമുട്ടുകയോ ചെയ്തിട്ടില്ല. എന്നാല്‍, മോഹന്‍ലാലിനെ കണ്ടതില്‍നിന്നും അറിഞ്ഞതില്‍നിന്നും എനിക്ക് തോന്നുന്നത്, ദാദാസാഹേബ് ഫാല്‍ക്കെയ്ക്ക് മോഹന്‍ലാല്‍ അവാര്‍ഡ് കൊടുക്കണം എന്നാണ്', രാം ഗോപാല്‍ വര്‍മ കുറിച്ചു.
മണ്‍മറഞ്ഞുപോയവരില്‍ മാത്രമല്ല മഹാന്മാരുള്ളതെന്ന് മറ്റൊരു കുറിപ്പില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. 'ജീവിച്ചിരിക്കുന്നവര്‍ക്കിടയില്‍, മണ്‍മറഞ്ഞവരെക്കാള്‍ എത്രയോ വലിയ മഹാന്മാരുണ്ട്. മരണം ഒരു അധിക യോഗ്യതയോ നേട്ടമോ അല്ല. അതുകൊണ്ട്, ജീവിച്ചിരിക്കുന്ന മഹാന്മാരുടെ പേരിലുള്ള പുരസ്‌കാരങ്ങള്‍ നല്‍കി മണ്‍മറഞ്ഞ മഹാന്മാരെ നാം ആദരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അപ്പോള്‍ മാത്രമേ ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരും തമ്മിലുള്ള വിവേചനം യഥാര്‍ഥത്തില്‍ ഇല്ലാതാവുകയുള്ളൂ', ആര്‍ജിവി കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ ആദ്യ ബോളിവുഡ് സിനിമയായ 'കമ്പനി'യുടെ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. മോഹന്‍ലാലിന് പുറമേ അജയ് ദേവ്ഗണ്‍, വിവേക് ഒബ്‌റോയ്, മനീഷ കൊയ്‌രാള എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തി. 2002-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്.
ഇന്ത്യന്‍ ചലച്ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ സ്മരണയ്ക്കായി 1969-ലാണ് കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആദ്യപുരസ്‌കാരം ചലച്ചിത്രതാരം ദേവികാ റാണിക്കായിരുന്നു. ഇതുവരെ 54 പേര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. 55-ാമത് പുരസ്‌കാരമാണ് മോഹന്‍ലാലിന്.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ കൈപിടിച്ചാണ് ഫാല്‍ക്കെ പുരസ്‌കാരം ആദ്യമായി മലയാളമണ്ണിലെത്തിയത്. 2004-ലെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം 2005-ലാണ് അടൂരിനെത്തേടിയെത്തിയത്. 1969 മുതലുള്ള ഫാല്‍ക്കെ പുരസ്‌കാരചരിത്രത്തില്‍ അന്ന് ആദ്യമായാണ് ഒരു മലയാളി അര്‍ഹനായത്. 2023-ലെ പുരസ്‌കാരം മോഹന്‍ലാലിനെ തേടിയെത്തിയത്.
Content Highlights: Ram Gopal Varma praises Mohanlal`s Dadasaheb Phalke Award
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·