'ദുഃഖിക്കുകയല്ല വേണ്ടത്'; ശ്രീനിവാസ റാവുവിന്റെ മരണത്തിൽ വൈകാരികമായി പ്രതികരിച്ച് ജൂനിയർ എൻടിആർ

6 months ago 7

Kota Srinivasa Rao and Jr NTR

അന്തരിച്ച നടൻ കോട്ട ശ്രീനിവാസ റാവു, ജൂനിയർ എൻടിആർ | സ്ക്രീൻ​ഗ്രാബ്

ന്തരിച്ച നടൻ കോട്ട ശ്രീനിവാസ റാവുവിന്റെ വീട്ടിലെത്തി കുടുംബാം​ഗങ്ങളെ അനുശോചനം അറിയിച്ച് ജൂനിയർ എൻടിആർ. ശ്രീനിവാസ റാവുവിന്റെ വസതിയിലെത്തിയ താരം വികാരാധീനനായാണ് പെരുമാറിയത്. റാവുവിന്റെ മരണം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് താരം വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖിക്കുകയല്ല വേണ്ടത്. പകരം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തെ ആഘോഷിക്കുകയാണ് വേണ്ടതെന്നും ജൂനിയർ എൻടിആർ പറഞ്ഞു.

കോട്ട ശ്രീനിവാസ റാവു എന്ന യു​ഗം അവസാനിച്ചിരിക്കുന്നെന്ന് ജൂനിയർ എൻടിആർ പറഞ്ഞു. തങ്ങളിരുവരും പങ്കിട്ട സുന്ദരമായ ബന്ധത്തേക്കുറിച്ച് പല സന്ദർഭങ്ങളിലും താൻ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഇത്രയധികം സിനിമകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായും അനുഗ്രഹമായും ഞാൻ കരുതുന്നു. ഇന്ന് അദ്ദേഹത്തിന്റെ അഭാവം തെലുങ്ക് സിനിമാ വ്യവസായത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും ജൂനിയർ എൻടിആർ വ്യക്തമാക്കി.

"അദ്ദേഹം എവിടെയാണെങ്കിലും, അദ്ദേഹത്തിന്റെ അനുഗ്രഹം നമ്മോടൊപ്പം നിലനിൽക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കോട്ട ശ്രീനിവാസ റാവു അഭിനയത്തിന്റെ സാക്ഷാൽ രൂപമായിരുന്നു. അദ്ദേഹത്തെപ്പോലെ അദ്ദേഹം മാത്രമേയുള്ളൂ. മറ്റാർക്കും അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ല. അതിനാൽ എല്ലാ മാധ്യമങ്ങളോടും ആരാധകരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ദുഃഖിക്കാതെ, കോട്ട ശ്രീനിവാസ റാവു ഗാരുവിനെ അദ്ദേഹത്തിന്റെ കാലാതീതമായ, ബഹുമുഖമായ പ്രകടനങ്ങളിലൂടെ അനുസ്മരിക്കാം. ആരാധകർ 'ജയ് എൻ.ടി.ആർ' എന്ന് ആർപ്പുവിളിക്കാൻ തുടങ്ങിയപ്പോൾ, പകരം 'ജയ് കോട്ട ശ്രീനിവാസ റാവു' എന്ന് പറയാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. അത്തരത്തിലുള്ള ബഹുമാനമാണ് അദ്ദേഹം അർഹിക്കുന്നത്," ജൂനിയർ എൻടിആർ കൂട്ടിച്ചേർത്തു.

നേരത്തെ, ശ്രീനിവാസ റാവുവിന്റെ മരണത്തിൽ സോഷ്യൽ മീഡിയ വഴി ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ജൂനിയർ എൻടിആർ എഴുതിയതിങ്ങനെയായിരുന്നു. “കോട്ട ശ്രീനിവാസ റാവു ഗാരു, ആ പേര് തന്നെ ധാരാളം. സമാനതകളില്ലാത്ത അഭിനയ പാടവം. തനതായ ശൈലിയിലൂടെ ഓരോ കഥാപാത്രത്തിനും ജീവൻ നൽകിയ മഹാനടൻ. എന്റെ സിനിമാ യാത്രയിൽ അദ്ദേഹത്തോടൊപ്പം പങ്കിട്ടതും അഭിനയിച്ചതുമായ നിമിഷങ്ങൾ എന്നെന്നേക്കും മറക്കാനാവാത്തവയായിരിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിക്കായി ഞാൻ പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു."

ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടില്‍ ഞായറാഴ്ച രാവിലെയായിരുന്നു കോട്ട ശ്രീനിവാസ റാവുവിന്റെ അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. വിവിധ ഭാഷകളിലായി 750-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം തന്റെ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ചിത്രങ്ങളിലും ശ്രീനിവാസ റാവു അഭിനയിച്ചു. ഗായകന്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും കോട്ട ശ്രീനിവാസ റാവു മികവ് തെളിയിച്ചിരുന്നു.

Content Highlights: Jr NTR Pays Emotional Tribute to Legendary Telugu Actor Kota Srinivasa Rao

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article