'ദുല്‍ഖറില്‍ നിന്ന് നല്ല വാക്കുകള്‍ കേട്ട ആ നിമിഷം എന്നും ഹൃദയത്തിലുണ്ടാകും'-ശാന്തി ബാലചന്ദ്രന്‍

4 months ago 6

കോടിത്തിളക്കവുമായി 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര' ദേശങ്ങള്‍ കടന്ന് വിജയയാത്ര തുടരുകയാണ്. നായികാപ്രാധാന്യമുള്ള ഒരു തെന്നിന്ത്യന്‍ സിനിമ ബോക്‌സോഫീസില്‍ കോടികള്‍ കൊയ്യുന്ന അപൂര്‍വകാഴ്ച. മലയാളസിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഈ സൂപ്പര്‍ വുമണ്‍ ചിത്രത്തിന്റെ എഴുത്തില്‍ കരുത്തുപകര്‍ന്ന വണ്ടര്‍ വുമണാണ് ശാന്തി ബാലചന്ദ്രന്‍. സംവിധായകന്‍ ഡൊമിനിക് അരുണും നടി ശാന്തി ബാലചന്ദ്രനും ചേര്‍ന്നാണ് ലോകയ്ക്ക് തിരക്കഥയൊരുക്കിയത്.

2017-ല്‍ ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത് ടൊവിനോ നായകനായ 'തരംഗം' എന്ന ചിത്രത്തിലൂടെയാണ് ശാന്തി മലയാളത്തിലേക്കെത്തുന്നത്. ജല്ലിക്കെട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, രണ്ടുപേര്‍, ഗുല്‍മോഹര്‍, എന്നെന്നും, സ്വീറ്റ് കാരം കോഫി, ദി ക്രോണിക്കിള്‍സ് ഓഫ് ദി 4.5 ഗ്യാങ്...തുടങ്ങി വ്യത്യസ്തമായ സിനിമകളിലും സീരീസുകളിലും ശാന്തി മികച്ചുനിന്നു. തിരക്കഥാകൃത്തായും സഹസംവിധായകയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും തിയേറ്റര്‍ ആര്‍ട്ടിസ്റ്റായുമൊക്കെ കലാജീവിതം ആഘോഷിക്കുന്ന തിരക്കിലാണവര്‍. ലോകയുടെ അപ്രതീക്ഷിതമായ വിജയത്തിന്റെ നിറവില്‍ ശാന്തി ബാലചന്ദ്രന്‍ സംസാരിക്കുന്നു.

മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംനേടുന്ന നാലാമത്തെ ചിത്രമാണ് ലോക, നേട്ടത്തെക്കുറിച്ച്

പ്രേക്ഷകര്‍ക്ക് നന്ദി. ഈ വിജയം തീര്‍ത്തും അപ്രതീക്ഷിതമാണ്. ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെടണേ, നിര്‍മാതാവിന് നഷ്ടമുണ്ടാകരുതേ എന്നായിരുന്നു പ്രാര്‍ഥന. സംവിധായകന്‍ ഡൊമിനിക് മനസ്സില്‍ കണ്ട നല്ലൊരു സിനിമ ഉണ്ടാക്കണമെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനായി എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിച്ചു. കഠിനാധ്വാനം ചെയ്തു. ഞങ്ങളുടെ സ്വപ്നം നിറവേറി. ഇന്നിതാ, പ്രേക്ഷകര്‍ ലോകയെ ആഘോഷിക്കുന്നു. വീണ്ടും വീണ്ടും സിനിമ കാണുന്നു. സന്തോഷമുണ്ട്. അമൂല്‍ ബ്രാന്‍ഡിന്റെ പരസ്യബോര്‍ഡില്‍ ചന്ദ്ര വന്നപ്പോഴാണ് ശരിക്കും ഞാന്‍ ഞെട്ടിപ്പോയത്. ആ നിമിഷം അവിസ്മരണീയമാണ്.

ഹൃദയസ്പര്‍ശിയായ പ്രതികരണം ആരുടേതായിരുന്നു

ആദ്യ ഷോ കഴിഞ്ഞ് മാധ്യമങ്ങളോടു പ്രതികരിക്കവേ പെട്ടെന്ന് കല്യാണി ക്യാമറയ്ക്കുമുന്നിലേക്കു വന്ന് സിനിമയിലെ എന്റെ സംഭാവനയെപ്പറ്റിയും പങ്കിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. അത് മറക്കാന്‍ പറ്റില്ല. അതുപോലെ ഹൈദരാബാദില്‍ പ്രൊമോഷന് പോയപ്പോള്‍ അവിടത്തെ വേദിയില്‍വെച്ച് ദുല്‍ഖര്‍ പ്രസംഗിച്ചതും മറക്കാനാവില്ല. സ്ത്രീപക്ഷത്തുനിന്നുകൊണ്ട് പുതുമയോടെ കഥയൊരുക്കിയതിന് ദുല്‍ഖര്‍ അഭിനന്ദനമറിയിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും അവരുടെ കഴിവുകളില്‍ വിശ്വാസമര്‍പ്പിക്കുന്നതുമൊക്കെ വലിയ കാര്യമാണ്. ദുല്‍ഖറില്‍നിന്ന് നല്ല വാക്കുകള്‍ കേട്ട ആ നിമിഷം എന്നും ഹൃദയത്തിലുണ്ടാവും.

അദ്ദേഹം നല്ലൊരു നിര്‍മാതാവാണ്. ഞങ്ങളില്‍ അദ്ദേഹത്തിന് പൂര്‍ണവിശ്വാസമുണ്ടായിരുന്നു. സിനിമയുടെ റിലീസിന്റെ അന്ന് അദ്ദേഹത്തിന് ഞാന്‍ മെസേജ് അയച്ചിരുന്നു. 'ഞാന്‍ അഭിനയിച്ച സിനിമകള്‍ റിലീസാകുമ്പോള്‍പ്പോലും തോന്നാതിരുന്ന ഉത്കണ്ഠയും പിരിമുറുക്കവുമാണ് ലോക റിലീസാകുമ്പോള്‍ തോന്നുന്നത്. ഇന്ന് താങ്കള്‍ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ഉറങ്ങാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു' എന്നാണ് ഞാനയച്ചത്. ഈ സന്ദേശത്തിന് അദ്ദേഹം മനോഹരമായൊരു മറുപടിയും നല്‍കി.

'പതിവിനു വിപരീതമായി ഇന്ന് ഈ സിനിമയെക്കുറിച്ച് എനിക്ക് ഉത്കണ്ഠയില്ല. കാരണം, എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. പ്രേക്ഷകര്‍ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്നോ, ഇനിയെന്തു സംഭവിക്കുമെന്നോ അറിയില്ല. എന്നാല്‍, ലോക നമ്മളെല്ലാവരും സത്യസന്ധമായി ചെയ്ത സിനിമയാണ്.' -ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ വാക്കുകള്‍ വലിയ ആശ്വാസമാണ് പകര്‍ന്നത്. സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും അധ്വാനം എത്രത്തോളമെന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്നാണ് എന്റെ സഹോദരന്‍ പറഞ്ഞത്. ഈ വാക്കുകളെല്ലാം ഏറെ പ്രിയപ്പെട്ടതാണ്.

കള്ളിയങ്കാട്ട് നീലി ഐതിഹ്യകഥയുടെ പുനര്‍വായനപോലെയാണ് ലോക എന്ന സിനിമ. ഈ ആശയത്തിലേക്കെത്തിയത് എങ്ങനെയാണ്

ഒരു വാംപയര്‍ കഥ നമ്മുടെ നാടോടിക്കഥയുമായി ബന്ധപ്പെടുത്തി കള്ളിയങ്കാട്ട് നീലിയിലേക്ക് എത്തിച്ചത് ഡൊമിനിക്കിന്റെ ഐഡിയയായിരുന്നു. കത്തനാര്‍ വന്ന് നീലിയെ തളയ്ക്കുന്നതാണ് നമ്മളൊക്കെ കേട്ട കഥ. ദുഷ്ടശക്തിയായിട്ടാണ് നീലിയെ പൊതുവേ ചിത്രീകരിച്ചിരിക്കുന്നതും. കേട്ട കഥകളില്‍നിന്നെല്ലാം വ്യത്യസ്തമായി ഒരു പുനര്‍വ്യാഖ്യാനത്തിന് ഇവിടെയും സാധ്യതയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. എന്നാല്‍, കത്തനാര്‍ വന്ന് നീലിയെ പരിവര്‍ത്തനംചെയ്ത് സൂപ്പര്‍ഹീറോ ആക്കുന്ന വിവരണത്തോട് എനിക്ക് എതിര്‍പ്പുതോന്നി. കത്തനാര്‍ നീലിയുടെ സഹായംതേടിയാണ് വരേണ്ടത്. അല്ലാതെ തളയ്ക്കാനല്ല.

അങ്ങനെയാണ് അമ്മയില്‍നിന്ന് ധാര്‍മികമൂല്യങ്ങള്‍ സ്വീകരിക്കുന്ന നീലിയെ പുനരവതരിപ്പിച്ചത്. എന്റെ ആശയം വ്യക്തമാക്കിയപ്പോള്‍ സംവാദങ്ങളുണ്ടായിരുന്നു. പക്ഷേ, ഡൊമിനിക് എന്റെ വാദം അംഗീകരിച്ചു. ആ സീനുകള്‍ പ്രേക്ഷകരിലും വൈകാരികമായി കണക്ട് ചെയ്യപ്പെട്ടു. ഇതുപോലെ കഥയിലെ വ്യത്യസ്തമായ ഏടുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഡൊമിനിക് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഡൊമിനിക്കും ഞാനും വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍നിന്ന് വന്നവരാണ്. നാടിന്റെ സംസ്‌കാരവും ആളുകളുടെ മനോഭാവവും എന്താണെന്ന് ഡൊമിനിക്കിന് നന്നായറിയാം.

ഞാന്‍ ജനിച്ചത് കോട്ടയത്താണെങ്കിലും വളര്‍ന്നതും പഠിച്ചതുമൊക്കെ പല സ്ഥലങ്ങളിലാണ്. സൈക്കോളജി, ആന്ത്രപ്പോളജി ഒക്കെയാണ് ഞാന്‍ പഠിച്ചത്. വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവരാണെങ്കിലും ഞങ്ങള്‍ക്കിടയില്‍ പരസ്പരബഹുമാനവും ഐക്യവുമുണ്ടായിരുന്നു. രണ്ടുപേരുടെയും കഴിവുകളും കരുത്തും എന്താണെന്ന് പരസ്പരം അറിയാമായിരുന്നു. അഭിപ്രായവ്യത്യാസമുണ്ടാകുമ്പോള്‍പ്പോലും അര്‍ഥവത്തായ കാര്യമാണ് പറയുന്നതെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.

ചിത്രത്തില്‍ 'കിളിയേ കിളിയേ' എന്ന പാട്ട് ഉള്‍പ്പെടുത്തിയത് ശാന്തിയുടെ ആശയമാണെന്ന് കേട്ടിരുന്നു. സമാനമായ ആശയങ്ങള്‍ വേറെയും നല്‍കിയിരുന്നോ

കഥാഗതിക്ക് ഇണങ്ങുന്ന പാട്ടായിരുന്നു അത്. 'ഉയരങ്ങളിലൂടെ പലനാടുകള്‍ തേടി' എന്ന വരികളൊക്കെ ചന്ദ്രയുടെ കഥാപാത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതുപോലെ തോന്നി. ഓരോ സീനുകളും ഞങ്ങള്‍ക്ക് സ്‌പെഷ്യലായിരുന്നു. ഡൊമിനിക്കാണ് സാന്റി മാസ്റ്ററിന്റെ കഥാപാത്രമായ നാച്ചിയപ്പ പോലീസ് ഓഫീസറായിരിക്കണമെന്ന് നിര്‍ദേശിച്ചത്. നാച്ചിയപ്പ നല്ല ശീലങ്ങളുള്ള ആരോഗ്യവാനായ ചെറുപ്പക്കാരനാണ്. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സ് ശുദ്ധമല്ല. അത് അദ്ദേഹം വളര്‍ന്ന ചുറ്റുപാടിന്റെ പ്രതിഫലനമാണ്.

നമ്മള്‍ വളര്‍ന്നുവരുന്ന സാമൂഹികപശ്ചാത്തലം നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണല്ലോ. അങ്ങനെയുള്ള ലെയേഴ്‌സ് വികസിപ്പിച്ചെടുക്കാനൊക്കെ ഡൊമിനിക് എനിക്ക് സ്‌പെയ്‌സ് തന്നു. അതുപോലെ സണ്ണി ചന്ദ്രയാരാണെന്ന് തിരിച്ചറിയുന്നിടത്തും അവര്‍ തമ്മിലുള്ള സംഭാഷണങ്ങളിലുമൊക്കെ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണ ആളുകള്‍ സംസാരിക്കുന്നതുപോലെ തമാശ കലര്‍ത്തിയാണ് ഡൊമിനിക് സംഭാഷണം എഴുതിയിരിക്കുന്നത്. ചന്ദ്രയുടെ ചെറുചിരിയും മനുഷ്യവശവുമൊക്കെ പ്രേക്ഷകര്‍ മനസ്സിലാക്കുന്നത് അപ്പോഴാണ്. ഡൊമിനിക്കിന്റെ കൂടെ തിരക്കഥയൊരുക്കുമ്പോള്‍ സര്‍ഗാത്മകമായ സംതൃപ്തിയാണ് എനിക്ക് ലഭിച്ചത്. തീര്‍ത്തും പ്രേക്ഷകര്‍ക്ക് ആസ്വദിച്ച് കാണാവുന്ന ചിത്രമാണിത്.

മികച്ച കാസ്റ്റിങ്ങാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കാസ്റ്റിങ്ങില്‍ നടത്തിയ ഇടപെടലുകള്‍

വിവേക് അനിരുദ്ധാണ് കാസ്റ്റിങ് ഡയറക്ടര്‍. കൃത്യമായ ഓഡിഷനിലൂടെയും മറ്റുമാണ് കാസ്റ്റിങ് തീരുമാനിച്ചത്. സാന്റി മാസ്റ്റര്‍, ദുര്‍ഗ എന്നിവരെയൊക്കെ വിവേകാണ് കൊണ്ടുവന്നത്. ചന്ദ്രയായി കല്യാണിയെയല്ലാതെ മറ്റാരെപ്പറ്റിയും ചിന്തിച്ചിരുന്നില്ല. കല്യാണി-നസ്ലിന്‍ കോമ്പിനേഷനെപ്പറ്റി ആദ്യം ചര്‍ച്ചകളുണ്ടായിരുന്നു. പ്രായവ്യത്യാസമായിരുന്നു വിഷയം. എന്നാല്‍, സിനിമയില്‍ കല്യാണിയുടെ കഥാപാത്രം നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ജീവിച്ചിരുന്നതാണ്. പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ത്തന്നെയാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും. അല്ലെങ്കിലും പുരുഷനെക്കാളും സ്ത്രീക്ക് പ്രായക്കൂടുതലുണ്ടെങ്കില്‍ എന്താണ് പ്രശ്‌നം?

ലോക എന്ന സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമാണിത്. അടുത്ത ഭാഗങ്ങളെപ്പറ്റി വെളിപ്പെടുത്താറായോ

ഒന്നും പറയാന്‍ പറ്റില്ല. മമ്മൂക്കയാണ് മൂത്തോന്‍ എന്നതുതന്നെ വലിയ വെളിപ്പെടുത്തലായിരുന്നല്ലോ. അദ്ദേഹത്തിന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് അത് പുറത്തുവിട്ടത്. പിന്നെ സിനിമ കണ്ടിട്ടുള്ളവര്‍ക്കും അദ്ദേഹത്തിന്റെ ശബ്ദം മനസ്സിലായിക്കാണും. സിനിമയില്‍ ഒരൊറ്റ വാക്കുമാത്രമേ അദ്ദേഹം ഡബ് ചെയ്തിരുന്നുള്ളൂ.

നടി, തിരക്കഥാകൃത്ത്, സഹസംവിധായക, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്... ഒരേസമയം എല്ലാ മേഖലയിലും സജീവമാണല്ലോ

ഇതെല്ലാം ഒന്നിച്ച് കൈകാര്യംചെയ്യാന്‍ ഇത്തിരി പാടാണ്. എന്നാലും പോസിറ്റീവ് ഊര്‍ജം കിട്ടുമ്പോള്‍ അത്യാഗ്രഹിയായിപ്പോകും. എല്ലാം ചെയ്യണമെന്നുതോന്നും. എഴുത്തും അഭിനയവും എല്ലാം ഇഷ്ടമാണ്.

ലോക റിലീസ് ചെയ്ത തൊട്ടടുത്ത ദിവസംതന്നെയാണ് സോണി ലിവില്‍ കൃഷാന്ത് സംവിധാനംചെയ്ത 'സംഭവവിവരണം നാലരസംഘം ദ ക്രോണിക്ക്ള്‍സ് ഓഫ് 4.5 ഗ്യാങ്' എന്ന സീരീസും റിലീസായത്. അതില്‍ കിങ്ങിണി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. കൃഷാന്ത് എന്ന ഫിലിംമേക്കറിന്റെ സിനിമാലോകത്ത് ഒരു ഭാഗമാവുകയെന്നത് ആവേശം നല്‍കുന്നതാണ്. കൃഷാന്തിന്റെതന്നെ സിനിമയായ മസ്തിഷ്‌കമരണം, മുരളിഗോപിയുടെ തിരക്കഥയിലൊരുങ്ങുന്ന അനന്തന്‍ കാട്, പടയുടെ സംവിധായകനായ കമല്‍ കെ. എമ്മിന്റെ സിനിമ... അങ്ങനെ കുറച്ച് പ്രോജക്ടുകള്‍ വരാനിരിക്കുന്നുണ്ട്.

Content Highlights: histrion and lokah movie publication writer santhy balachandran interview

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article