
ഡോൾബി സിനിമാ തിയേറ്റർ - പ്രതീകാത്മക ചിത്രം | Photo: Dolby
പ്രേക്ഷകരുടെ സിനിമാ അനുഭവത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്ന ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു. തിരഞ്ഞെടുക്കപ്പെട്ട ആറിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡോള്‍ബി സിനിമ എത്തുകയെന്ന് ഡോള്‍ബി ലബോറട്ടറീസ് അറിയിച്ചു. ഇതിൽ രണ്ടെണ്ണം കേരളത്തിലാണെന്നത് മലയാളി സിനിമാസ്വാദകർക്ക് ആവേശം പകരുന്ന വാർത്തയാണ്. ഈ ആറ് തിയേറ്ററുകളിലും 2025-ല്‍ തന്നെ ഡോള്‍ബി സിനിമ പ്രവര്‍ത്തനം ആരംഭിക്കും.
പുണെ, ഹൈദരാബാദ്, ട്രിച്ചി, ബെംഗളൂരു, കൊച്ചി, കണ്ണൂര്‍ എന്നീ നഗരങ്ങളിലാണ് ഡോള്‍ബി സിനിമ ഈ വര്‍ഷമെത്തുക. കൊച്ചിയിലെ ഇവിഎം സിനിമാസും കണ്ണൂരിലെ ഉളിക്കലിലുള്ള ജി സിനിപ്ലക്‌സുമാണ് ഡോള്‍ബി സിനിമാനുഭവം മലയാളികള്‍ക്ക് സമ്മാനിക്കുക. പുണെ ഒഴികെ ഡോള്‍ബി സിനിമ വരുന്ന ബാക്കി എല്ലാ സ്ഥലങ്ങളും ദക്ഷിണേന്ത്യയിലാണെന്ന പ്രത്യേകതയുമുണ്ട്.
കേരളത്തിലെ ഇവിഎം സിനിമാസിനും ജി സിനിപ്ലക്‌സിനും പുറമെ പുണെയിലെ സിറ്റി പ്രൈഡ്, ഹൈദരാബാദിലെ അല്ലു സിനിപ്ലക്‌സ്, ട്രിച്ചിയിലെ എല്‍എ സിനിമ, ബെംഗളൂരുവിലെ എഎംബി സിനിമാസ് എന്നീ തിയേറ്ററുകളിലാണ് ഇന്ത്യയില്‍ ഡോള്‍ബി സിനിമ എത്തുക. നേരത്തേ ഈ വര്‍ഷം ആദ്യം ഡോള്‍ബിയുടെ അംഗീകാരമുള്ള സിനിമാ പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധാനം ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഡോള്‍ബി സിനിമ
ഡോള്‍ബി അറ്റ്‌മോസും ഡോള്‍ബി വിഷനും ഒത്തുചേര്‍ന്ന് പ്രേക്ഷകര്‍ക്ക് ദൃശ്യ-ശബ്ദ മികവ് സമ്മാനിക്കുന്ന പ്രീമിയം സിനിമാ അനുഭവം സാധ്യമാകുന്ന തിയേറ്ററുകളാണ് ലളിതമായി പറഞ്ഞാല്‍ ഡോള്‍ബി സിനിമ. ഡോള്‍ബി ലബോറട്ടറി അവതരിപ്പിച്ച സുപ്രധാനമായ രണ്ട് സാങ്കേതികവിദ്യകളാണ് അറ്റ്‌മോസും വിഷനും.
പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത തിയേറ്ററുകളും കൂടിയാകുമ്പോഴാണ് ഡോള്‍ബി സിനിമ പൂര്‍ണ്ണതയിലെത്തുന്നത്. ഇവിടെ പ്രത്യേകം ക്രമീകരിച്ച ഇരിപ്പിടങ്ങള്‍ തിയേറ്ററിലെ ഓരോ സീറ്റിനേയും 'മികച്ച സീറ്റാ'ക്കുമെന്നും ഡോള്‍ബി അവകാശപ്പെടുന്നു.
ഡോള്‍ബി വിഷന്‍
ഹൈ ഡയനാമിക് റെയ്ഞ്ച് (എച്ച്ഡിആര്‍) വീഡിയോകള്‍ക്കായി ഡോള്‍ബി അവതരിപ്പിച്ച സാങ്കേതികവിദ്യയാണ് ഡോള്‍ബി വിഷന്‍. ചലച്ചിത്രനിര്‍മ്മാണം വിതരണം എന്നിവയ്‌ക്കൊപ്പം പ്ലേബാക്കും ഉള്‍പ്പെടുന്നതാണ് ഇത്. ഡൈനാമിക് മെറ്റാഡാറ്റ ഉള്ളതിനാല്‍ ഓരോ സ്‌ക്രീനിന്റേയും ശേഷി അനുസരിച്ച് ആസ്പക്റ്റ് റേഷ്യോ സ്വയം ക്രമീകരിക്കും. 2014-ലാണ് ഈ സാങ്കേതികവിദ്യ ഡോള്‍ബി അവതരിപ്പിച്ചത്.
8കെ വരെ റെസല്യൂഷനാണ് ഡോള്‍ബി വിഷനില്‍ സാധ്യമാകുക. 12 ബിറ്റ് കളര്‍ ഡെപ്ത്, 10,000 നിറ്റ്‌സ് ബ്രൈറ്റ്‌നസ് എന്നിവയും വിഷന്റെ പ്രത്യേകതകളാണ്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍, ആപ്പിള്‍ ടിവി തുടങ്ങിയ മുന്‍നിര സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെല്ലാം ഡോള്‍ബി വിഷനിലുള്ള ചലച്ചിത്രങ്ങളും ടിവി ഷോകളും ലഭ്യമാക്കുന്നുണ്ട്.
രണ്ട് ക്രിസ്റ്റി 4കെ 6പി ലേസര്‍ പ്രൊജക്ടറുകളാണ് ഡോള്‍ബി സിനിമയിലെ ഡോള്‍ബി വിഷന്‍ പ്രൊജക്ഷനില്‍ ഉപയോഗിക്കുന്നത്. ഇതുവഴി കൂടുതല്‍ മിഴിവുള്ള നിറങ്ങളും ഡീപ്പ് ബ്ലാക്കും പ്രേക്ഷകര്‍ക്ക് സ്‌ക്രീനില്‍ ആസ്വദിക്കാന്‍ കഴിയും. സാധാരണ പ്രൊജക്ടറുകളേക്കാള്‍ ഉയര്‍ന്ന ബ്രൈറ്റ്‌നസും ഡോള്‍ബി വിഷന്റെ മികവ് കൂട്ടുന്നു.
ഡോള്‍ബി അറ്റ്‌മോസ്
2012-ല്‍ ഡോള്‍ബി ലബോറട്ടറീസ് അവതരിപ്പിച്ച നൂതനമായ സറൗണ്ട് സൗണ്ട് സാങ്കേതികവിദ്യയാണ് ഡോള്‍ബി അറ്റ്‌മോസ്. അന്ന് നിലവിലുണ്ടായിരുന്ന സറൗണ്ട് സൗണ്ട് സംവിധാനത്തെ വിപുലീകരിക്കുകയാണ് അറ്റ്‌മോസിലൂടെ ഡോള്‍ബി ചെയ്തത്. പ്രേക്ഷകരുടെ തലയ്ക്ക് മുകളിലും സൗണ്ട് ചാനലുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് 3ഡി സറൗണ്ട് ശബ്ദാനുഭവം സാധ്യമാക്കാന്‍ അറ്റ്‌മോസിന് സാധിച്ചു.
ആദ്യഘട്ടത്തില്‍ മേല്‍ക്കൂരയില്‍ ഘടിപ്പിച്ച ഓവര്‍ഹെഡ് സ്പീക്കറുകളാണ് ഡോള്‍ബി അറ്റ്‌മോസില്‍ ഉപയോഗിച്ചത്. എന്നാല്‍ പിന്നീട് സൗണ്ട് ബാറുകള്‍ പോലുള്ള അപ്‌വേഡ് ഫയറിങ് സ്പീക്കറുകള്‍ ഉപയോഗിച്ചും അറ്റ്‌മോസ് ശബ്ദാനുഭവം സാധ്യമാക്കി. ഇതോടെ തിയേറ്ററുകള്‍ക്കൊപ്പം വീടുകളിലും അറ്റ്‌മോസ് എത്തി. ആവശ്യമായ ശബ്ദത്തെ മുകളിലേക്ക് വിടുകയും അത് മേല്‍ക്കൂരയില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ട് പ്രേക്ഷകര്‍ക്ക് 'ഡോള്‍ബി അറ്റ്‌മോസ് ഇഫക്റ്റ്' സമ്മാനിക്കുകയുമാണ് അപ്‌വേഡ് ഫയറിങ് സ്പീക്കറുകളുടെ പ്രവര്‍ത്തനരീതി. ഹൈറ്റ് ചാനലുകളില്ലാത്ത ഹെഡ് ഫോണുകള്‍, ടിവികള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലെറ്റുകള്‍ തുടങ്ങിയ ഉപകരണങ്ങളിലും അറ്റ്‌മോസ് ഇന്ന് ലഭ്യമാണ്.
Content Highlights: Dolby Laboratories to Launch Dolby Cinema successful Six Indian Cities successful 2025
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ വാട്സാപ്പിലൂടെ അറിയാം. ഗ്രൂപ്പില്‍ അംഗമാവൂ.. ക്ലിക്ക് ചെയ്യൂ... https://mbi.page.link/Tech
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·