
ജി. ദേവരാജൻ, കെ.ടി. മുഹമ്മദ് | Photo: Mathrubhumi
കെ.ടി. മുഹമ്മദും ജി. ദേവരാജനും. അപൂര്‍വപ്രതിഭാശാലികള്‍; ചരിത്രത്തെ സ്വന്തം വഴിക്ക് തിരിച്ചുവിട്ടവര്‍. മനസില്‍ തോന്നുന്നതെന്തും ആരുടെ മുഖത്തുനോക്കിയും വെട്ടിത്തുറന്നു പറയാന്‍ മടി കാട്ടാത്തവര്‍. നിറഞ്ഞൊഴുകുന്ന അവരുടെ കണ്ണുകളാണ് എന്റെ ''സംഗീതയാത്ര''യിലെ ഏറ്റവും വികാരഭരിതമായ ഓര്‍മ്മചിത്രങ്ങളില്‍ ഒന്ന്.
കാല്‍നൂറ്റാണ്ടു മുന്‍പത്തെ കഥ. ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കി ചെന്നൈയിലേക്ക് തിരിച്ചുപോകും മുന്‍പ് ദേവരാജന്‍ മാസ്റ്റര്‍ക്ക് ഒരാഗ്രഹം. കോഴിക്കോട്ടെ ചില പഴയ സഹപ്രവര്‍ത്തകരെ കാണണം. കെപിഎസിയിലെ ആദ്യകാല വയലിനിസ്റ്റ് ആയ സുകുമാരന്‍ ആയിരുന്നു അവരിലൊരാള്‍. പിന്നെ കെടി മുഹമ്മദ്. നാടകജീവിതം സമ്മാനിച്ച ആദ്യകാല സുഹൃത്ത്. കടല്‍പ്പാലം ഉള്‍പ്പെടെ കെടിയുടെ പല ആദ്യകാല നാടകങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചത് മാസ്റ്ററാണ്. അന്ന, അച്ഛനും ബാപ്പയും, രാജഹംസം, ശരപഞ്ജരം, മയിലാടുംകുന്ന് തുടങ്ങി കെടിയുടെ തൂലികാസാന്നിധ്യമുള്ള സിനിമകളുമായുള്ള സംഗീതബന്ധം വേറെ. ഉജ്ജയിനിയിലെ ഗായിക, കസ്തൂരിത്തൈലമിട്ട്, മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മോഹത്തിന്റെ മുഖം ഞാന്‍ കണ്ടു, സന്യാസിനി, സന്ധ്യ മയങ്ങും നേരം തുടങ്ങി എത്രയെത്ര ക്ലാസിക് പാട്ടുകള്‍.
സുഹൃത്തും ഗായകനും മാസ്റ്ററുടെ വലിയൊരു ആരാധകനുമായ സലാമിന്റെ കാറിലായിരുന്നു കെടിയുടെ പുതിയങ്ങാടിയിലെ വീട്ടിലേക്കുള്ള യാത്ര. പ്രദീപം വേണുവേട്ടനുമുണ്ട് ഞങ്ങള്‍ക്കൊപ്പം. ചെല്ലുന്ന കാര്യം കെടിയോട് വിളിച്ചുപറഞ്ഞിരുന്നില്ല. ആഹ്‌ളാദകരമായ ഒരു അത്ഭുതമായിക്കോട്ടെ കെടിക്ക് ഈ സന്ദര്‍ശനം എന്ന് മാസ്റ്റര്‍.
യാത്രക്കിടെ കെടിയെ കുറിച്ചും അദ്ദേഹത്തിന്റെ ശിശുസഹജമായ വാശികളെക്കുറിച്ചും രസകരമായി സംസാരിച്ചുകൊണ്ടിരുന്നു മാസ്റ്റര്‍. വയലാര്‍ വഴിയാണ് മാസ്റ്റര്‍ക്ക് കെടിയെ പരിചയം. പരസ്പരമുള്ള ആദരവില്‍ അധിഷ്ഠിതമായിരുന്നു അവരുടെ ബന്ധം. ജാതിമതഭേദങ്ങള്‍ക്കെല്ലാം അതീതമായി കലയെ നോക്കിക്കണ്ട പുരോഗനമവാദികളാണ് ഇരുവരും. നിലപാടുകളുടെ കാര്യത്തിലാകട്ടെ കര്‍ക്കശക്കാരും. 'സിനിമയുടെ രീതികളുമായി ഒത്തുപോകാന്‍ പ്രയാസമായിരുന്നു കെടിയ്ക്ക്. എന്റെ കാര്യവും ഏതാണ്ട് അതുപോലെ തന്നെ. പക്ഷേ എന്നേക്കാള്‍ വികാരാധീനനാണ് അദ്ദേഹം. ആരോടും എളുപ്പം പിണങ്ങും. ഇണങ്ങുകയും ചെയ്യും. ശുദ്ധപാവം''-- മാസ്റ്റര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ ഏറെയായിരുന്നു ഇരുവരും തമ്മില്‍ കണ്ടിട്ട്. സിനിമയോട് കെടി വിടവാങ്ങിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. സ്വകാര്യ ജീവിതത്തിലെ ചില അപ്രതീക്ഷിത താളപ്പിഴകള്‍ ഏല്‍പ്പിച്ച ആഘാതത്തിലാണ് കെടി. കടുത്ത ആസ്തമ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വേറെ. പൊതുവേദികളില്‍ ഒട്ടും സജീവമല്ല. ആള്‍ക്കൂട്ടത്തില്‍നിന്ന് ബോധപൂര്‍വമുള്ള ഒരു അകല്‍ച്ച. എഴുത്തും കുറവ്. ജീവിതം മിക്കപ്പോഴും ഏകാന്തതയുടെ തുരുത്തില്‍ തന്നെ. പഴയ പ്രസാദാത്മകതയും വാചാലതയും എങ്ങോ പോയി മറഞ്ഞപോലെ.
കാറില്‍ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറന്ന് ഞങ്ങളുടെ കൈപിടിച്ച് അകത്തേക്ക് നടന്നുവരുന്ന മനുഷ്യനെ പൂമുഖത്തിരുന്ന് സൂക്ഷിച്ചു നോക്കി കെടി. ആളെ പിടികിട്ടിയില്ല എന്ന് വ്യക്തം. പിന്നെ പതുക്കെ വീടിന്റെ പടിയിറങ്ങി മുറ്റത്തേക്ക് ഇറങ്ങിവന്നു അദ്ദേഹം. കിതച്ചുകൊണ്ടാണ് നടപ്പ്. അടുത്തുവരുംതോറും മുഖത്തെ വിഷാദഭാവം തെളിഞ്ഞുവന്നു. തൊട്ടുമുന്നിലെത്തിയപ്പോഴാണ് കെടിക്ക് സന്ദര്‍ശകനെ മനസ്സിലായത്.... പൊടുന്നനെ മുഖത്തെ ഭാവം മാറുന്നു. അവിശ്വസനീയതയോടെ ദേവരാജന്‍ മാസ്റ്ററുടെ മുഖത്ത് നോക്കി തരിച്ചുനില്‍ക്കുന്നു അദ്ദേഹം -- ഏതോ സ്വപ്നലോകത്ത് ചെന്നുപെട്ടപോലെ.
ദേവാ എന്ന് വിളിച്ചുകൊണ്ട് പൊട്ടിക്കരയുന്ന കെടിയെ ആണ് അടുത്ത നിമിഷം ഞങ്ങള്‍ കണ്ടത്. നിലക്കാത്ത കരച്ചില്‍. കരച്ചിലിനിടെ കൈകള്‍ രണ്ടും നീട്ടി മാസ്റ്ററെ ഗാഢമായി ആശ്ലേഷിക്കുന്നു അദ്ദേഹം. മാസ്റ്ററുടെ മുഖത്തെ ഭാവപ്പകര്‍ച്ച ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. അപ്രതീക്ഷിതമായ ആ സ്‌നേഹപ്രകടനത്തിന്റെ തീവ്രത ഉള്‍ക്കൊള്ളാനാകാതെ നിറഞ്ഞ കണ്ണുകളോടെ കെടിയുടെ ശോഷിച്ച കൈകള്‍ക്കുള്ളില്‍ കൊച്ചുകുഞ്ഞിനെപ്പോലെ ഒതുങ്ങിനില്‍ക്കുന്നു അദ്ദേഹം. പതിറ്റാണ്ടുകള്‍ അവര്‍ക്ക് ചുറ്റും കൊഴിഞ്ഞുവീഴുന്ന പോലെ. കാലം പിന്നിലേക്ക് ഓടിമറയുന്നുവോ?
'മരിക്കും മുന്‍പ് തമ്മില്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിട്ടില്ല'' -- വിതുമ്പലിനിടയിലൂടെ കെടി പറഞ്ഞു. പിന്നെ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞ് കിതപ്പോടെ ഇത്രകൂടി: 'അറിയുമോ? ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിഞ്ഞവരാണ് ഞാനും ദേവനും വയലാറുമൊക്കെ. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം. ഇന്ന് ഞാന്‍ മനസ്സറിഞ്ഞു സന്തോഷിക്കും; സുഖമായി ഉറങ്ങും, കുറേക്കാലത്തിന് ശേഷം..... '' - ഉള്ളിന്റെയുള്ളില്‍നിന്ന് ഒഴുകിവന്ന വാക്കുകള്‍ ഇടക്ക് വെച്ച് മുറിയുന്നു.
ഒന്നും പറയാനാകാതെ കണ്ണു തുടച്ചുനിന്നു ദേവരാജന്‍ മാസ്റ്റര്‍. പോയി മറഞ്ഞ ഒരു കാലത്തിന്റെ ആര്‍ദ്രമായ ഓര്‍മ്മകള്‍ ആ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു ഞങ്ങള്‍ക്ക്. 'ഇവര് തമ്മിലുള്ള ബന്ധത്തിന്റെ ആഴമൊന്നും നമുക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പറ്റില്ല. ഇങ്ങനെയുള്ള ബന്ധങ്ങളൊന്നും ഇനി ഉണ്ടാവുകയുമില്ല.'' -- പ്രദീപം വേണുവേട്ടന്‍ എന്റെ കാതില്‍ മന്ത്രിക്കുന്നു. ഞങ്ങളുടെ കണ്ണുകളും നിറഞ്ഞിരുന്നു അപ്പോള്‍....
2006 മാര്‍ച്ച് 14-ന് ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മ്മയായി; രണ്ടു വര്‍ഷം കഴിഞ്ഞൊരു മാര്‍ച്ച് 25 ന് പ്രിയപ്പെട്ട കെടിയും.
Content Highlights: erstwhile g devarajan met kt muhammed
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·