19 September 2025, 09:10 AM IST

അന്തരിച്ച നടൻ റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജയെ ആസ്വസിപ്പിക്കുന്ന നടൻ ധനുഷ് | സ്ക്രീൻഗ്രാബ്
നടൻ റോബോ ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് തമിഴ് സിനിമാ ലോകം. വ്യാഴാഴ്ച ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കർ രാത്രി ആശുപത്രിയിലാണ് മരിച്ചത്. മരണവാർത്തയറിഞ്ഞതുമുതൽ ചലച്ചിത്രരംഗത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് റോബോ ശങ്കറിന്റെ വീട്ടിലേക്കെത്തിയത്.
നടനും സംവിധായകനുമായ ധനുഷ് കരച്ചിലടക്കാൻ ബുദ്ധിമുട്ടിയാണ് സുഹൃത്തിനെ അവസാനമായി കാണാനെത്തിയത്. താരത്തിന്റെ മരണവാർത്തയറിഞ്ഞ ഉടനേ തന്നെ ധനുഷ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇവിടെനിന്നുള്ള വികാരഭരിതമായ രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ധനുഷിനെ കെട്ടിപ്പിടിച്ച് കരയുന്ന റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജയെയാണ് വീഡിയോയിൽ കാണാനാവുക. കരച്ചിലടക്കി, ഒരക്ഷരം ഉരിയാടാനാവാതെ ഇന്ദ്രജയെ ചേർത്തുപിടിക്കുകയാണ് ധനുഷ്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം താരം മടങ്ങുകയും ചെയ്തു.
ധനുഷ് നായകനായ മാരി എന്ന ചിത്രത്തിൽ സനിക്കിഴമൈ എന്ന ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് റോബോ ശങ്കറെത്തിയത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഇതേ കഥാപാത്രത്തെയാണ് റോബോ ശങ്കർ അവതരിപ്പിച്ചത്.
ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കർ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. ടെലിവിഷൻ താരം പ്രിയങ്കയാണ് ഭാര്യ.
Content Highlights: Tamil Cinema Mourns the Sudden Demise of Actor Robo Shankar
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·