'ധീരനി'ലെ അനിയൻ കഥാപാത്രം വ്യത്യസ്തമാണ്, അത്തരം വേഷങ്ങൾ ഇപ്പോൾ ആസ്വദിക്കുന്നുണ്ട് | സുധീഷ് അഭിമുഖം

6 months ago 8

നായകന്റെ കൂട്ടുകാരന്‍, കോളേജ് കുമാരന്‍, മണിച്ചിത്രത്താഴിലെ 'കിണ്ടി'... സുധീഷ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാള സിനിമാ പ്രേക്ഷകര്‍ക്ക് അടുത്തകാലംവരെ മനസിലേക്ക് ഓടിവന്നിരുന്ന ചിത്രങ്ങളാണിത്. 'അനന്തര'ത്തിലെ കൗമാരക്കാരനായ അജയകുമാറില്‍ തുടങ്ങിയ സുധീഷ് അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് മുന്നോട്ടുപോയി. അഭിനയജീവിതത്തിന്റെ രണ്ടാംപാതിയില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ദേവദത്ത് ഷാജിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ധീരന്‍' എന്ന ചിത്രത്തിലെ ജോപ്പന്‍ എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ഇപ്പോള്‍ തീയേറ്ററില്‍ ലഭിക്കുന്നത്. 'വല്യേട്ടനി'ല്‍ മമ്മൂട്ടിയുടേയും 'ബാലേട്ട'നില്‍ മോഹന്‍ലാലിന്റേയും അനിയന്‍ വേഷങ്ങള്‍ അവതരിപ്പിച്ച സുധീഷ്, 'ധീരനി'ലും ഒരു അനിയന്‍ കഥാപാത്രമായാണ് എത്തുന്നത്. വ്യത്യസ്തതകളുള്ള ഈ അനിയന്‍ കഥാപാത്രത്തിന്റെ പശ്ചാത്തലത്തില്‍ സുധീഷ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു...

വന്ന വേഷങ്ങളെല്ലാം സ്വീകരിക്കുക എന്നതായിരുന്നല്ലോ രീതി. അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടോ?
കുറ്റബോധം ഒരിക്കലും തോന്നിയിട്ടില്ല. ഇഷ്ടപ്പെട്ട തൊഴിലാണ് അഭിനയം. കോഴിക്കോട്ടുനിന്നൊരാള്‍ക്ക് സിനിമയുടെ മായാലോകത്തിലേക്ക് എത്താന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അച്ഛന്‍ എല്ലാ സിനിമകളും കാണിച്ചുതരുമായിരുന്നു. അച്ഛന്റെ നാടകങ്ങള്‍ കണ്ട് എനിക്കും അഭിനയത്തോട് താത്പര്യം വന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. നാടകങ്ങളും മോണോ ആക്ടുകളും ചെയ്തു. അത് വലിയ സംതൃപ്തി നല്‍കിയിരുന്നു. ഓരോ തവണ അവതരണം കഴിഞ്ഞ് സ്‌റ്റേജില്‍നിന്ന് ഇറങ്ങുമ്പോഴും ആളുകള്‍ അടുത്തുവരും, നല്ലവാക്കുകള്‍ പറയും. അടുത്ത വേദിയില്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കും. അഭിനയജീവിതത്തിലെ വലിയ പാഠങ്ങളായിരുന്നു അവ.

സിനിമാ മേഖലയിലേക്ക് എത്തിച്ചേരാന്‍ കഴിയും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പത്രപ്പരസ്യം കണ്ട് ആദ്യസിനിമയ്ക്കുവേണ്ടി അപേക്ഷ അയച്ചപ്പോള്‍ അച്ഛനും കാര്യമായി പ്രോത്സാഹിപ്പിച്ചിരുന്നില്ല. ശ്രമിച്ചിട്ട് കിട്ടാതിരുന്നാല്‍ എനിക്ക് വിഷമം തോന്നേണ്ടെന്ന് കരുതിയാവും അന്ന് അച്ഛന്‍ അങ്ങനെ ചെയ്തത്‌. എന്നാല്‍, അച്ഛന്റെ സഹോദരിമാരും മറ്റ് ബന്ധുക്കളും പ്രോത്സാഹിപ്പിച്ചു.

സിനിമാമേഖലയില്‍ എത്തിച്ചേര്‍ന്നത് തന്നെ വലിയഭാഗ്യമാണെന്ന് ഞാന്‍ അന്ന് ചിന്തിച്ചിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട, അഭിനയം തന്നെ ജീവിതമാര്‍ഗമായി സ്വീകരിച്ചു. അതുകൊണ്ടുതന്നെ, കഥാപാത്രങ്ങളില്‍ എത്ര ആവര്‍ത്തനം വന്നാലും അതില്‍ കുറ്റബോധം തോന്നിയിരുന്നില്ല. സിനിമയില്‍ വേഷങ്ങള്‍ എത്ര ആവര്‍ത്തിച്ചാലും അതില്‍ എന്തെങ്കിലും ഒരു വ്യത്യസ്തതയുണ്ടാവും. അതുകൊണ്ട് ഒരിക്കലും മടുപ്പ് തോന്നിയിരുന്നില്ല.

വേണ്ടെന്ന് വെച്ച വേഷങ്ങള്‍ ഉണ്ടായിട്ടുണ്ടോ? അത്തരം വേഷങ്ങള്‍ മറ്റുള്ളവര്‍ ചെയ്തുകാണുമ്പോള്‍ കൈവിട്ടുപോയതില്‍ വിഷമം തോന്നിയിരുന്നോ?
ബോധപൂര്‍വം അവസരങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടില്ല. ഡേറ്റ് ക്ലാഷുകാരണം വന്ന വേഷങ്ങള്‍ എന്നില്‍നിന്ന് മാറിപ്പോയിട്ടുണ്ട്. ഷൂട്ടിങ് ആരംഭിച്ച് പിന്നീട് കഥാപാത്രത്തിന് മാറ്റം വന്നപ്പോള്‍ അത് മറ്റൊരാള്‍ ചെയ്യുന്ന സാഹചര്യവും വന്നിട്ടുണ്ട്. അതില്‍ ഒന്ന് രണ്ട് സിനിമകള്‍ എനിക്ക് വളരേ പ്രധാനപ്പെട്ടതായിരുന്നു. കഥാപാത്രത്തിന്റെ വലിപ്പത്തേക്കാള്‍, ആ ചിത്രത്തിന്റെ ഭാഗമാവുക എന്നതായിരുന്നു എനിക്ക് പ്രധാനം.

സ്ഥിരം അനിയന്‍ വേഷങ്ങളില്‍നിന്ന് 'ധീരനി'ല്‍ അശോകന്റെ അനിയനായ ജോപ്പനിലേക്ക് വന്ന വഴി
'ധീരനി'ലേക്ക് സംവിധായകന്‍ ദേവദത്ത് ഷാജി നേരിട്ട് വിളിക്കുകയായിരുന്നു. എന്നോട് കഥപറയുമ്പോള്‍ മറ്റ് പ്രധാനവേഷങ്ങളില്‍ തീരുമാനമായിരുന്നില്ല. പിന്നീടാണ് അശോകേട്ടന്റെ അനിയന്‍ വേഷമാണെന്ന് അറിഞ്ഞത്.

തമ്മില്‍ 'ചേട്ടാ', 'അനിയാ' എന്ന് വിളിക്കുന്ന അനിയന്‍ വേഷമായിരുന്നില്ല 'ധീരനി'ലേത്. മുമ്പ് ചെയ്തിട്ടുള്ള അനിയന്‍ വേഷത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു 'ധീരനി'ലെ ജോപ്പന്‍. ചിത്രത്തിന്റെ തുടക്കത്തിലെ ചില സംഭാഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കഥയുടെ ഒരുഘട്ടം വരെ അശോകേട്ടനും ഞാനും സഹോദരങ്ങളാണെന്ന് മനസിലാവില്ല. കഥയുടെ തുടക്കത്തില്‍തന്നെ ഇവരുടെ ബന്ധം സൂചിപ്പിക്കുന്നുണ്ടെങ്കിലും, പലപ്പോഴും സുഹൃത്തുക്കളോ നാട്ടുകാരോ എന്ന നിലയിലാണ് ഇരുവരുടേയും ബന്ധം സിനിമയില്‍ മുന്നോട്ടുപോവുന്നത്. 'നിങ്ങള്‍ ചേട്ടനും അനിയനുമാണെന്ന് പിന്നീടാണ് മനസിലായത്', എന്ന് ചിത്രം കണ്ട എന്റെ സുഹൃത്തുക്കള്‍ തന്നെ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ഒരുഘട്ടത്തില്‍ മാത്രമാണ് 'ചേട്ടായീ' എന്നുപോലും വിളിക്കുന്നത്. അപ്പോള്‍ മാത്രമേ ഞാനും 'ഒറിജിനല്‍' അനിയനായി മാറുന്നുള്ളൂ. ആ ഘട്ടത്തിലാണ് ജോപ്പന്‍ എന്ന എന്റെ കഥാപാത്രം സ്വയം വെളിപ്പെടുത്തുന്നത്. അതുവരെ, ജോപ്പന്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന, ചേട്ടനെ കണ്ടാല്‍തന്നെ കാര്യമാക്കാത്ത ഒരു അനിയനാണ്.

അല്പം പിശകാണല്ലോ ജോപ്പന്‍. തയ്യാറെടുപ്പുകള്‍?
എല്ലാതരം കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ താത്പര്യമുണ്ട്. ഓരോ സിനിമയിലും കഥാപാത്രത്തിന്റെ ഭാഷയിലേക്കും ശരീരഭാഷയിലേക്കും മാറുന്നത് എളുപ്പമല്ല. സംവിധായകന്റെ ആത്മവിശ്വാസംകൊണ്ടുകൂടിയാണ് ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത്. എന്നെക്കൊണ്ട് അത്തരം വേഷങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് സംവിധായകന് കൂടെ തോന്നണം. നല്ല സംവിധായകര്‍ വരുമ്പോഴാണ് ജോപ്പനെപ്പോലുള്ള കഥാപാത്രമായി എളുപ്പത്തില്‍ മാറാന്‍ കഴിയുന്നത്.

ഞാന്‍ എന്റെ ജീവിതത്തില്‍ ശീലിച്ച കഥാപാത്രമേ ആയിരുന്നില്ല ജോപ്പന്‍. എപ്പോഴെങ്കിലും അത്തരം ഒരാളെ എവിടെവെച്ചെങ്കിലും കണ്ടിട്ടുണ്ടാവാം. ജോപ്പന്റെ സ്വഭാവസവിശേഷതകളുള്ള ചില കഥാപാത്രങ്ങളെ ഏതെങ്കിലും സിനിമയില്‍ കണ്ട ഓര്‍മയുമുണ്ടാവാം. സ്‌ക്രിപ്റ്റ് മുഴുവനായി വായിക്കാന്‍ തന്നിരുന്നു. ചിത്രത്തിന് വേണ്ടി പ്രധാനവേഷങ്ങള്‍ ചെയ്യുന്നവര്‍ ഉള്‍പ്പെട്ട ഒരു റീഡിങ് സെഷനും ഉണ്ടായിരുന്നു. സംവിധായകന്‍ പറഞ്ഞുതരുമ്പോള്‍ തന്നെ കഥാപാത്രം ഏറെക്കുറെ വ്യക്തമാവും. പിന്നീട് ഇതെല്ലാം മനസില്‍വെച്ച് അഭിനയിക്കുക എന്നേയുള്ളൂ.

ദേഹത്ത് എണ്ണ തേക്കുന്ന സീനിലെ ജോപ്പന്റെ റിയാക്ഷന്‍?
ആ സമയത്തുതോന്നിയപ്പോള്‍ സ്വന്തമായി ചെയ്തതാണ്. മറ്റുള്ളവരെ അസ്വസ്ഥതപ്പെടുത്തുന്നതില്‍നിന്ന് ആനന്ദം കണ്ടെത്തുന്ന ചില ആളുകളുണ്ട്. ശിഷ്യന്റെ കണ്ണിലേക്കാണ് ജോപ്പന്‍ എണ്ണത്തുള്ളികള്‍ തെറിപ്പിക്കുന്നത്. ശിഷ്യനോട് അങ്ങനെയൊക്കെ ചെയ്യാം എന്ന തോന്നലില്‍നിന്ന് ആ കഥാപാത്രം അങ്ങനെ ചെയ്യുന്നതാവാം. കള്ളനാവാനുള്ള പരിശീലനമാണല്ലോ, അപ്പോള്‍ കുറച്ച് പീഡനമൊക്കെയാവാം എന്ന് ആ കഥാപാത്രത്തിന് തോന്നുമല്ലോ എന്ന് ആലോചിച്ച് ചെയ്തതാണ്.

സുധീഷ് 'ധീരന്‍' ട്രെയ്‌ലറില്‍

'എല്ലാരും ചൊല്ലണ്' എന്ന ചിത്രത്തിലെ മാമുക്കോയയെ ഓര്‍മിപ്പിക്കുന്ന സീന്‍?
'എന്താ അരുവി പ്രശ്‌നം', എന്ന് ചോദിച്ച് ഗുണ്ടകളെ ചവിട്ടി നിലത്തിടുന്ന സീന്‍ ചെയ്യുമ്പോള്‍, അങ്ങനെയൊരു സാമ്യത ശരിക്കും ഞാന്‍ ഓര്‍ത്തിരുന്നില്ല. പിന്നീട് പലരും ചൂണ്ടിക്കാണിച്ചപ്പോഴാണ് ഞാനും അതിനെക്കുറിച്ച് ആലോചിക്കുന്നത് തന്നെ.

ദങ്കിണിക്കോട്ടയിലെ ഏറ്റുമുട്ടല്‍ സീനിനിടെ തലയ്ക്ക് വില്ലന്‍മാരുടെ അടിയേറ്റപ്പോള്‍, നല്ല തലവേദന ഞാന്‍ കുറച്ച് കിടക്കട്ടെ എന്ന് പറയുന്ന സീനുണ്ട്. 'മനസിനക്കരേ'യില്‍ ജയറാമിന്റെ സംഭാഷണത്തെ ഓര്‍മിപ്പിക്കുന്ന ആ സീന്‍ ബോധപൂര്‍വം ചെയ്തതാണ്. അടുത്തകാലത്തായി ട്രോളുകളിലൂടെ വളരേയേറെ ശ്രദ്ധിക്കപ്പെട്ട സീനാണത്. അത് അപ്പോള്‍ തന്നെ ദേവദത്ത് സൂചിപ്പിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ സ്‌പോട്ടില്‍ ഇംപ്രവൈസ് ചെയ്തതാണ്. 'മനസിനക്കരേ'യിലെ സീനിനെ അനുകരിക്കാതെ, എന്നാല്‍ അത് ഓര്‍മിപ്പിക്കുന്ന പോലെ ചെയ്യാം എന്നായിരുന്നു പറഞ്ഞത്.

മലയാറ്റൂര്‍ പനിച്ചയംകാരനാണ് ജോപ്പന്‍. ഭാഷ ബുദ്ധിമുട്ടായിരുന്നോ?
വേഷത്തെ സംബന്ധിച്ച് ചെറിയ വെല്ലുവിളിയായി തോന്നിയത് മലയാറ്റൂരിലെ ഗ്രാമത്തിലെ ആളുകള്‍ സംസാരിക്കുന്ന ഭാഷ ശ്രമിച്ചു എന്നുള്ളതാണ്. സംവിധായകന്‍ സ്‌ക്രിപ്റ്റ് വായിച്ചുതരുമ്പോള്‍ തന്നെ ആ ഭാഷയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. അതിനുവേണ്ടി കുത്തിയിരുന്ന് പഠിക്കുക എന്ന രീതിയൊന്നുമുണ്ടായിരുന്നില്ല. പൊതുവേ എല്ലാതരം ഭാഷകളും പെട്ടെന്ന് തന്നെ മനസിലാക്കാന്‍ സാധിക്കാറുണ്ട്. പൂര്‍ണ്ണതയില്‍ ഒന്നുമല്ലെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ അത്തരം സംഭാഷണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാറുമുണ്ട്. 'ധീരനി'ലും കഥാപാത്രത്തിന് ആവശ്യമള്ളത് ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം.

ഭാഷയില്‍ പരീക്ഷണം നടത്തുന്ന കഥാപാത്രങ്ങള്‍ ഇഷ്ടമാണ്. അഭിനയിക്കുന്ന സമയത്തേക്കാള്‍ പലപ്പോഴും ഡബ്ബിങ്ങിന്റെ ഘട്ടത്തിലാണ് അതിന്റെ ബുദ്ധിമുട്ട് പലപ്പോഴും തോന്നുക. മനഃപൂര്‍വം പറയുന്നതുപോലെ തോന്നാതിരിക്കുക എന്നാണ് വെല്ലുവിളി. ബോധപൂര്‍വമായി ചെയ്യാതെ, ഉള്ളില്‍നിന്ന് വന്നാല്‍ തന്നയേ അത് നന്നായി ചെയ്യാന്‍ കഴിയുകയുള്ളൂ.

വിന്റേജ് യൂത്തിന്റെ റീയൂണിയന്‍. സെറ്റിലെ വൈബ്?
ജഗദീഷേട്ടനും വിനീതേട്ടനും മനോജേട്ടനും അശോകേട്ടനും ഒരുപാട് നായകവേഷങ്ങള്‍ ചെയ്തവരാണ്. കൂട്ടത്തില്‍ താരതമ്യേന കുറച്ച് നായകവേഷങ്ങള്‍ ചെയ്ത ആളാണ് ഞാന്‍. നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നെങ്കിലും ശരീരപ്രകൃതികാരണം നായകവേഷങ്ങള്‍ കിട്ടിയിരുന്നില്ല. എന്നാലും അവരുടെതിന് സമാനമായി പ്രാധാന്യമുള്ള വേഷങ്ങള്‍, അവരുടെ അതേ കാലത്ത് എനിക്ക് ചെയ്യാന്‍ സാധിച്ചിരുന്നു. അതുകൊണ്ടാവാം എന്നെ ആ ടീമില്‍ പരിഗണിച്ചത്.

ചെറുപ്പക്കാരായ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമൊപ്പം ഇന്നത്തെ കാലത്ത് അഭിനയിക്കാന്‍ കഴിയുന്നത് ഞങ്ങള്‍ക്കും സന്തോഷമാണ്. എല്ലാവര്‍ക്കും കാലത്തിനൊപ്പം അപ്‌ഡേറ്റഡായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയുന്നു എന്നതാണ് ശ്രദ്ധേയം. അന്നത്തെ കാലത്തെ അഭിനയരീതിയില്‍നിന്ന് ഇന്ന് ഒരുപാട് മാറ്റങ്ങളുണ്ട്. 'ഇന്‍ ഹരിഹരന്‍ നഗറി'ലെ അപ്പുക്കുട്ടനെ ചെയ്ത ജഗദീഷേട്ടന്‍, ഇന്നും അതുപോലുള്ള വേഷം ചെയ്താല്‍ സ്വീകരിക്കപ്പെടണമെന്നില്ല. അപ്പുക്കുട്ടനെ ഇന്നത്തെ ആളുകളും ആഘോഷിക്കുന്നുണ്ടെങ്കിലും അതുതന്നെ ഇനി ആവര്‍ത്തിക്കാന്‍ കഴിയില്ല. വളരെ സീരിയസായ, സൂക്ഷ്മാഭിനയത്തിന് പ്രാധാന്യമുള്ള വേഷങ്ങളാണ് ജഗദീഷേട്ടന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 'ധീരനി'ലും അത്തരമൊരു വേഷമാണ് അദ്ദേഹത്തിന്. മറ്റുള്ളവരാണെങ്കിലും അങ്ങനെതന്നെയാണ്. സ്വയം അപ്‌ഡേറ്റായിക്കൊണ്ടിരിക്കുന്നു.

പഴയ സെറ്റുകളിലുണ്ടായിരുന്ന എന്തെങ്കിലും ഇന്ന് പുതുതലമുറയ്ക്ക് നഷ്ടമാവുന്നുണ്ടോ?
ഞങ്ങള്‍ സിനിമയിലേക്ക് വരുമ്പോള്‍ പലരും സത്യന്‍ മാഷിന്റേയും പ്രേം നസീര്‍ സാറിന്റേയും കഥകള്‍ പറഞ്ഞുതരുമായിരുന്നു. എന്നുകരുതി ഞങ്ങള്‍ വന്നപ്പോള്‍ എന്തെങ്കിലും നഷ്ടമായി എന്ന തോന്നലില്ല. അതുപോലെ, പഴയതുമായി താരതമ്യംചെയ്യുമ്പോള്‍ പുതിയ തലമുറയ്ക്കും എന്തെങ്കിലും നഷ്ടമായെന്ന തോന്നലില്ല.

പുതിയ തലമുറ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് തലപുണ്ണാക്കുന്നവരല്ല. പുതിയ ആളുകള്‍ക്ക് അവരുടേതായ രീതികളുണ്ട്. പുതുതലമുറയ്ക്ക് ഈഗോ വളരേ കുറവാണ്. പരസ്പരം സഹായിക്കാനും പിന്തുണയ്ക്കാനും മനസുള്ളവരാണ്. പുതിയ പല സിനിമകളും ഒരുകൂട്ടമായാണ് അവര്‍ ചര്‍ച്ചചെയ്യുന്നതും പ്രാവര്‍ത്തികമാക്കുന്നതും.

മലയാള സിനിമയ്ക്കുണ്ടായ മാറ്റം?
സിനിമയില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. മുമ്പ് നമ്മള്‍ ആലോചിക്കാത്ത പല പ്രമേയങ്ങളും ഇന്ന് മലയാള സിനിമയില്‍ വന്നു. അത്തരം സിനിമകളുടെ കുത്തൊഴുക്ക് തന്നെ മലയാളത്തിലുണ്ടായി. വ്യത്യസ്തയുടെ അങ്ങേയറ്റംവരെ പല ചിത്രങ്ങളിലും ശ്രമിച്ചു.

നേരത്തെ, ഒരു സിനിമ ഹിറ്റായാല്‍ അതിന്റെ ചുവടുപിടിച്ച് ഒരുപാട് സിനിമകള്‍ വരുമായിരുന്നു. ഉദാഹരണത്തിന്, 'ഇന്‍ ഹരിഹരന്‍ നഗര്‍' ഹിറ്റായപ്പോള്‍ അതിനെ അനുകരിച്ച് രണ്ടോ മൂന്നോ ചിത്രങ്ങള്‍ ആ സമയത്തുണ്ടായി. ഒരേ കഥകള്‍ പലരീതിയില്‍ അവതരിപ്പിച്ച് സിനിമകള്‍ നിര്‍മിക്കപ്പെട്ടു. എന്നാല്‍, ഇന്ന് അങ്ങനെയല്ല. തീയേറ്ററില്‍ ഒരു വെള്ളിയാഴ്ച തന്നെ പല ഴോണറിലുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്യും. ഇത്തരം മാറ്റങ്ങള്‍ പ്രേക്ഷകരിലേക്ക് സിനിമയെ കൂടുതലായി എത്തിച്ചു. ഒടിടി വ്യാപകമായതും ആളുകള്‍ കൂടുതലായി സിനിമ കാണുന്നതിന് ഇടയാക്കി. ഇതിനിടയിലും വ്യത്യസ്തമായ കഥ അവതരിപ്പിച്ച് മലയാളികളെ തൃപ്തിപ്പെടുത്താന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല.

തീവണ്ടി, 2018, ധീരന്‍... രണ്ടാംവരവിലെ വേഷങ്ങള്‍?
'തീവണ്ടി'ക്കുശേഷം വ്യത്യസ്തമായ വേഷങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'കല്‍ക്കി'യിലാണ് ഞാന്‍ ആദ്യമായി പോലീസ് വേഷം ചെയ്യുന്നത്. സംസ്ഥാന അവാര്‍ഡ് കിട്ടിയ 'എന്നിവരി'ലെ വേഷം വളരേ വ്യത്യസ്തമായിരുന്നു. അത്തരം വേഷങ്ങള്‍ ചെയ്യുന്നത് ഇപ്പോള്‍ ആസ്വദിക്കുന്നുണ്ട്. നടന്‍ എന്ന നിലയില്‍ നമുക്ക് സ്വന്തമായി കഥാപാത്രങ്ങളുണ്ടാക്കാന്‍ കഴിയില്ല. കഴിവുള്ളവര്‍ അത്തരം അവസരങ്ങളുമായി വരുമ്പോള്‍, ഭംഗിയായി അത് അവതരിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുക.

സംവിധാനം പരീക്ഷിക്കണമെന്ന് തോന്നിയിട്ടുണ്ടോ?
സംവിധാനവും എഴുത്തും ഇഷ്ടമാണ്. എന്നാല്‍, ആ ആഗ്രഹം പൂര്‍ണ്ണതയില്‍ എത്തിക്കാനുള്ള കഴിവുണ്ടോ എന്ന് സംശയമാണ്. ഏറ്റെടുക്കാന്‍ പേടിയുള്ള ഉത്തരവാദിത്തമാണത്. സിനിമ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. മാറ്റത്തിന് വേഗം കൂടുതലായതിനാല്‍ അതിനൊപ്പം ചലിച്ചുകൊണ്ടിരിക്കണം. ഇപ്പോള്‍ കൂടുതല്‍ താത്പര്യം അഭിനയിക്കാനാണ്. പെട്ടെന്ന് അത്തരം ഉത്തരവാദിത്തങ്ങളിലേക്ക് കൈവെക്കാന്‍ താത്പര്യമില്ല.

വരാനിരിക്കുന്ന ചിത്രങ്ങള്‍?
'വാഴ 2'-ല്‍ ഒരുവേഷം ചെയ്യുന്നുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനംചെയ്ത കുഞ്ചാക്കോ ബോബന്റെ 'ഒരു ദുരൂഹ സാഹചര്യത്തില്‍' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സലിം അഹമ്മദിന്റെ ചിത്രത്തില്‍ ഒരു വേഷമുണ്ട്. രഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനംചെയ്യുന്ന 'ഹാഫ്' എന്ന ചിത്രത്തിന്റെ ഭാഗമാണ്. രാജസ്ഥാനിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്.

Content Highlights: Sudheesh, known for his enactment roles, shines successful Dheeran arsenic Joppan- Exclusive interview

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article