തെന്നിന്ത്യയിൽ നിന്ന് ബോളിവുഡ് സിനിമാലോകത്തെത്തി സൂപ്പർ താരപരദവി നേടിയെടുത്ത താരമാണ് ഹേമമാലിനി. ആരാധകർക്കിടയിൽ ഡ്രീംഗേൾ എന്നവിശേഷമായിരുന്നു ഹേമമാലിനിക്ക്. സിനിമപോലെ തന്നെ ഹേമമാലിനിയുടെ സ്വകാര്യജീവിതവും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ധർമേന്ദ്രയുമായുള്ള പ്രണയവും വിവാഹവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സ്വന്തം ബയോഗ്രാഫിയിലൂടെ ആ പ്രണയകാലത്തേക്കുറിച്ച് വീണ്ടും പങ്കുവെച്ചിരിക്കുകയാണ് നടി.
പ്രകാശ് കൗറുമായി വിവാഹബന്ധത്തിലിരിക്കെയാണ് ധർമേന്ദ്ര ഹേമമാലിനിയുമായി പ്രണയത്തിലാവുന്നത്. പ്രകാശ് കൗറിൽ നാലുമക്കളും ഉണ്ടായിരുന്നു. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താതെ ഹേമമാലിനിയെ വിവാഹം കഴിച്ച തീരുമാനത്തിന് ധർമേന്ദ്ര ഏറെ വിമർശനം നേരിട്ടിരുന്നു. ധർമേന്ദ്രയുമായി വിവാഹം കഴിക്കുന്നതിന് മുമ്പ് വല്ലപ്പോഴും ചില പരിപാടികൾക്കിടയിൽ പ്രകാശ് കൗറിനെ കണ്ടിരുന്നതല്ലാതെ വിവാഹശേഷം തീരെ കണ്ടുമുട്ടിയില്ലെന്ന് പറയുകയാണ് ഹേമമാലിനി. ധർമേന്ദ്രയുടെ ജുഹുവിലെ ബംഗ്ലാവിൽ നിന്ന് അധികം ദൂരെയല്ലാതെയാണ് താനും താമസിച്ചിരുന്നത്. എന്നിട്ടും അവരെ കണ്ടിട്ടില്ലെന്നും തന്റെ ജീവിതം ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുകയാണ് ചെയ്തതെന്നും ഹേമമാലിനി പറയുന്നു.
ആരെയും ബുദ്ധിമുട്ടിക്കണമെന്ന് എനിക്കില്ലായിരുന്നു. ധരംജി എനിക്കും മക്കൾക്കുംവേണ്ടി ചെയ്ത കാര്യങ്ങളിൽ ഞാൻ സന്തുഷ്ടയും സംതൃപ്തയുമായിരുന്നു- ഹേമമാലിനി പറയുന്നു.
വിവാഹിതനായ പുരുഷനെ പ്രണയിച്ചത് വേണ്ടിയിരുന്നില്ല എന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും ഹേമമാലിനി പറയുന്നു. എനിക്ക് രണ്ട് മക്കളുണ്ട്. അവരെ ഞാൻ നന്നായാണ് വളർത്തിയത്. ധർമേന്ദ്ര തീർച്ചയായും എനിക്കൊപ്പം ഉണ്ടായിരുന്നു. ഒരു ഭർത്താവിനും ഭാര്യക്കും വേർപിരിഞ്ഞിരിക്കാൻ ഇഷ്ടമുണ്ടാവില്ല. പക്ഷേ ചിലഘട്ടങ്ങളിൽ സാഹചര്യങ്ങൾ അത്തരത്തിലുള്ളതായിരിക്കും- ഹേമമാലിനി പറഞ്ഞു.
പ്രകാശ് കൗറിനോട് തനിക്കും കുടുംബത്തിനും ഏറെ ബഹുമാനം ഉണ്ടായിരുന്നുവെന്നും ഹേമമാലിനി പറയുന്നുണ്ട്. താനൊരിക്കലും പ്രകാശ് കൗറിനേക്കുറിച്ച് മോശമായി പറഞ്ഞിട്ടില്ല, അവരെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. എന്റെ പെൺമക്കളും ധരംജിയുടെ കുടുംബത്തെ ബഹുമാനിക്കുന്നുണ്ട്.- ഹേമമാലിനി കൂട്ടിച്ചേർക്കുന്നു.
ഹേമമാലിനി-ധർമേന്ദ്ര പ്രണയകഥ
സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്ന കാലത്താണ് ഹേമമാലിനിയുടെ ഹൃദയം ധര്‍മേന്ദ്ര കവരുന്നത്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് പത്തൊന്‍പതാം വയസ്സില്‍ പ്രകാശ് കൗറുമായിട്ടായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. ഈ വിവാഹത്തിലെ മക്കളാണ് പിന്നീട് ഹിന്ദി സിനിമയില്‍ പ്രശസ്ത നടന്‍മാരായി തീര്‍ന്ന സണ്ണി ഡിയോളും ബോബി ഡിയോളും.
നടന്‍ ജിതേന്ദ്രയെ ഹേമമാലിനിയുടെ കുടുംബത്തിന് പ്രത്യേകിച്ച് അമ്മ ജയക്ക് വളരെ ഇഷ്ടമായിരുന്നു. അതൊരു അവസരമായി കണ്ട് ഹേമമാലിനിയും ജിതേന്ദ്രയും തമ്മിലുള്ള വിവാഹം നടത്താന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. വളരെ രഹസ്യമായി ചെന്നൈയില്‍വച്ച് വിവാഹം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഹേമമാലിനിയുടെ ജീവിതത്തെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകന്‍ രാം കമാല്‍ മുഖര്‍ജി രചിച്ച ഹേമമാലിനി; ബിയോണ്ട് ഡ്രീം ഗേള്‍ എന്ന പുസ്തകത്തില്‍ അതെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. വിവാഹം തീരുമാനിച്ചതിന് പിന്നാലെ ജിതേന്ദ്ര ഒരു സുഹൃത്തിനോട് പറഞ്ഞു, എനിക്ക് ഹേമയെ വിവാഹം ചെയ്യേണ്ട, ഞാന്‍ അവരുമായി പ്രണയത്തിലല്ല. അവര്‍ക്കും എന്നോട് പ്രണയമില്ല. പക്ഷേ, എന്റെയും അവരുടെയും കുടുംബങ്ങള്‍ എല്ലാം തീരുമാനിച്ചിരിക്കുന്നു. ഹേമ നല്ലൊരു പെണ്‍കുട്ടിയാണ്.
വളരെ രഹസ്യമായി വച്ചിട്ടും ഒരു മാസികയില്‍ ഹേമമാലിനിയുടെയും ജിതേന്ദ്രയുടെയും വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത വന്നു. ഇതറിഞ്ഞ ധര്‍മേന്ദ്രയും ജിതേന്ദ്രയുടെ കാമുകിയായിരുന്ന ശോഭ സിപ്പിയും ചെന്നൈയിലേക്ക് തിരിച്ചു. വിവാഹചടങ്ങുകള്‍ നടക്കേണ്ടിയിരുന്ന വീടിന് മുന്നില്‍ ധര്‍മേന്ദ്ര നില്‍ക്കുന്നത് കണ്ട് ഹേമമാലിനിയുടെ പിതാവ് വി.എസ്. രാമാനുജം ചക്രവര്‍ത്തി ക്ഷുഭിതനായി. നിങ്ങള്‍ എന്തുകൊണ്ട് എന്റെ മകളുടെ ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നില്ല, നിങ്ങള്‍ വിവാഹിതനല്ലേ എന്ന് അദ്ദേഹം ചോദിച്ചു. പക്ഷേ, ഇതൊന്നും ധര്‍മേന്ദ്രയെ പിന്തിരിപ്പിച്ചില്ല. ഹേമമാലിനിയുടെ മുറിയില്‍ കയറിയ ധര്‍മേന്ദ്ര ജിതേന്ദ്രയെ വിവാഹം ചെയ്യരുതെന്ന് കേണപേക്ഷിച്ചു.
മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഹേമമാലിനി ജിതേന്ദ്രയുടെ കുടുംബത്തോട് തനിക്ക് കുറച്ചുകൂടി സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ അതിന് കൂട്ടാക്കാതെ ഹേമമാലിനിയുടെ വീട് വിട്ടു പോയി. അതോടെ വിവാഹം മുടങ്ങി. എന്നിരുന്നാലും ധര്‍മേന്ദ്രയുമായുള്ള ഹേമമാലിനിയുടെ വിവാഹം അന്ന് നടന്നില്ല.
പ്രണയബന്ധത്തില്‍ അരക്ഷിതാവസ്ഥ തോന്നിയ ധര്‍മേന്ദ്ര ഹേമമാലിനിയുടെ കാര്യത്തില്‍ സ്വാര്‍ഥനായെന്ന് ഹേമമാലിനി; ബിയോണ്ട് ഡ്രീം ഗേളില്‍ പറയുന്നു. അതില്‍ അസ്വസ്ഥയായ ഹേമമാലിനി മുംബൈയില്‍ തിരിച്ചെത്തുകയും ജിതേന്ദ്രയ്‌ക്കൊപ്പം അഭിനയിക്കുകയും ചെയ്തു. താനൊരിക്കലും ഇനി സ്വാര്‍ഥനാകില്ലെന്ന് ഹേമമാലിനിയ്ക്ക് ധര്‍മേന്ദ്ര പിന്നീട് വാക്ക് നല്‍കി. 1980 മെയ് രണ്ടിന് ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളാണ് പിറന്നത്. മൂത്ത മകള്‍ ഇഷാ ഡിയോള്‍ നടിയാണ്. രണ്ടാമത്തെ മകള്‍ അഹാന നര്‍ത്തകിയും.
Content Highlights: Hema Malini shares insights into her narration with Dharmendra
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·