09 July 2025, 09:21 AM IST

1. ആലിയ ഭട്ട് 2. വേദിക പ്രകാശ് ഷെട്ടി | Photo - AFP, X
നടി ആലിയ ഭട്ടില്‍നിന്ന് 77 ലക്ഷം രൂപ അപഹരിച്ചുവെന്ന കേസില്‍ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് അറസ്റ്റില്‍. വേദിക പ്രകാശ് ഷെട്ടി (32) ആണ് അറസ്റ്റിലായത്. ആലിയയുടെ പ്രൊഡക്ഷന്‍ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിലും നടിയുടെ വ്യക്തിഗത അക്കൗണ്ടുകളിലും 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടത്തിയതായാണ് ആരോപണം. ആലിയയുടെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാന്‍ ജനുവരി 23-ന് ജുഹു പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇതേത്തുടര്‍ന്ന് വിശ്വാസവഞ്ചന, വഞ്ചന കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് വേദിക ഷെട്ടിക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. 2022 മെയ് മാസത്തിനും 2024 ഓഗസ്റ്റിനും ഇടയിലാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. 2021 -2024 കാലത്താണ് ആലിയ ഭട്ടിന്റെ പേഴ്സണല്‍ അസിസ്റ്റന്റായി വേദിക ഷെട്ടി പ്രവര്‍ത്തിച്ചിരുന്നത്.
ഈ കാലയളവില്‍ നടിയുടെ സാമ്പത്തിക രേഖകളും പണമിടപാടുകളും കൈകാര്യം ചെയ്തിരുന്നത് അവരായിരുന്നു. അവരുടെ ഷെഡ്യൂളുകളടക്കം തയ്യാറാക്കുകയും ചെയ്തിരുന്നു. വേദിക ഷെട്ടി വ്യാജ ബില്ലുകള്‍ തയ്യാറാക്കി ഭട്ടിനെക്കൊണ്ട് അവ ഒപ്പിടുവിച്ച് പണം തട്ടിയെടുത്തു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറയുന്നു. നടിയുടെ യാത്രകള്‍ക്കും മീറ്റിങ്ങുകള്‍ക്കും മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കും വേണ്ടി ചെലവായ തുക എന്നാണ് അവര്‍ നടിയോട് പറഞ്ഞിരുന്നത്. വ്യാജ ബില്ലുകള്‍ യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കാന്‍ വേദിക ഷെട്ടി പ്രൊഫഷണല്‍ ടൂളുകള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നടി ബില്‍ ഒപ്പിട്ട ശേഷം തുക വേദിക അവരുടെ ഒരു സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു, ആ സുഹൃത്ത് പിന്നീട് ഈ പണം വേദിക ഷെട്ടിക്ക് തിരികെ കൈമാറുകയായിരുന്നു ചെയ്തിരുന്നത്. റസ്ദാന്‍ പോലീസ് പരാതി നല്‍കിയതിനു ശേഷം വേദിക ഷെട്ടി ഒളിവില്‍ പോയി. ഒളിത്താവളങ്ങള്‍ അവര്‍ മാറ്റിക്കൊണ്ടിരുന്നു. ആദ്യം രാജസ്ഥാനിലേക്കും പിന്നീട് കര്‍ണാടകയിലേക്കും പിന്നീട് പുണെയിലേക്കും അതിനുശേഷം ബെംഗളൂരുവിലേക്കും അവര്‍ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഒടുവില്‍ ജുഹു പോലീസ് ബെംഗളൂരുവില്‍ നിന്നാണ് അവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ട്രാന്‍സിറ്റ് റിമാന്‍ഡില്‍ മുംബൈയില്‍ എത്തിച്ചിട്ടുണ്ട്.
Content Highlights: Alia Bhatt`s erstwhile idiosyncratic assistant, Vedika Prakash Shetty, arrested for fraud case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·