
ഉണ്ണി മുകുന്ദൻ | ഫോട്ടോ: അരുൺ പയ്യടിമീത്തൽ |മാതൃഭൂമി
ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL) നവംബറിൽ ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി എന്നീ എട്ടു ഭാഷാ സിനിമാ ലോകത്തെ താരങ്ങളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ സ്ഥാനം നേടി. 2014-ലും 2017-ലും കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സ്-അപ്പായിരുന്നു.
ഈ തവണ പഴയ താരങ്ങളോടൊപ്പം പുതിയ മുഖങ്ങളെയും ഉൾപ്പെടുത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക.
പ്രശസ്ത നടനും ക്രിക്കറ്റ് കളിക്കാരനുമായ ഉണ്ണിമുകുന്ദനെയാണ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. കേരള സ്ട്രൈക്കേഴ്സിന്റെ കോ-ഓണറായ രാജ്കുമാർ സേതുപതി അറിയിച്ചു.
ഉണ്ണിമുകുന്ദനെ ക്യാപ്റ്റനാക്കാൻ കാരണം, ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ പാഷൻ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതൽ കേരള സ്ട്രൈക്കേഴ്സിനൊപ്പം കളിക്കുന്ന താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ടൂർണമെന്റുകളിലും വിവിധ ക്ലബുകളിലുമുള്ള കളിക്കുള്ള അനുഭവവും ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവും അദ്ദേഹത്തിനുണ്ട്.
ഉണ്ണിമുകുന്ദന്റെ ജന്മദിനമായ സെപ്റ്റംബർ 22-ന്, പിറന്നാൾ സമ്മാനമായി ഏറെ സന്തോഷത്തോടെയാണ് ടീം മാനേജ്മെന്റ് ഔദ്യോഗികമായി അദ്ദേഹത്തെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്. കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ പരിശീലന ക്യാമ്പ് ഒക്ടോബർ പകുതിയോടെ ആരംഭിക്കും. അതോടൊപ്പം മറ്റ് താരങ്ങളെയും ടീം മാനേജ്മെന്റ് പ്രഖ്യാപിക്കും.
Content Highlights: Celebrity Cricket League Returns: Unni Mukundan Captains Kerala Strikers
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·