
'ലൂസിഫറി'ൽ മോഹൻലാൽ | ഫോട്ടോ: സ്ക്രീൻഗ്രാബ് | youtu.be/FkK2tvChKys
എമ്പുരാന് വിജയാശംസകള്‍ നേര്‍ന്ന മമ്മൂട്ടിക്ക് നന്ദിയറിയിച്ച് മോഹന്‍ലാല്‍. ഫേസ്ബുക്കിലാണ് മമ്മുട്ടിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ നന്ദിയറിയിച്ചത്. ചില നിമിഷങ്ങള്‍ വ്യത്യസ്തമാണെന്നും അത് തന്റെ സഹോദരനില്‍ നിന്ന് തന്നെയാവുമ്പോള്‍ അമൂല്യമായി മാറുന്നുവെന്നും ഇച്ചാക്കയ്ക്ക് നന്ദിയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ചരിത്ര വിജയം സൃഷ്ടിക്കാനൊരുങ്ങുന്ന എമ്പുരാന്‍ സിനിമയിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. ലോകത്തിലെ എല്ലാ അതിര്‍ത്തികളും ഭേദിച്ച് മലയാള സിനിമാ വ്യവസായത്തിന് ആകമാനം അഭിമാനമാകുന്ന ചിത്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനും എല്ലാ പിന്തുണയും ആശംസയും അറിയിക്കുന്നുവെന്നുമായിരുന്നു മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ആശംസാ സന്ദേശം.
മാര്‍ച്ച് 27-ന് ആഗോള റിലീസായി എത്തുന്ന ചിത്രം റിലീസിന് മുമ്പേ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനോടകം ബുക്ക് മൈ ഷോയില്‍നിന്ന് മാത്രം 10 ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ് പോയ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഓപ്പണിങ് റെക്കോര്‍ഡുകളും അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ തകര്‍ത്തു. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാര്‍ച്ച് 27-നു ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ആഗോള പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. ഇതിനോടകം 60 കോടി രൂപക്ക് മുകളില്‍ ചിത്രം പ്രീ സെയില്‍സ് ആയി ആഗോള തലത്തില്‍ നേടിക്കഴിഞ്ഞു.
മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlights: Mohanlal expressed gratitude to Mammootty for his wishes for the upcoming movie Empuraan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·