പ്രേക്ഷകര്‍ സിനിമ തിരസ്‌കരിച്ചത് നായകനോടുള്ള വിരോധത്തിന്റെ പേരിലാണെന്ന 'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' സംവിധായകന്റെ ആരോപണത്തിന് മറുപടിയുമായി ചിത്രത്തിലെ നായകന്‍ അഖില്‍ മാരാര്‍. സംവിധായകന്റെ പരാജയം മറച്ചുവെച്ച് തന്നെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തിന്റെ ശബ്ദസന്ദേശങ്ങളും സ്‌ക്രീന്‍ഷോട്ടുകളും അഖില്‍ മാരാര്‍ പങ്കുവെച്ചു.
വിഷമത്തോടുകൂടിയാണ് വീഡിയോ ചെയ്യുന്നതെന്ന മുഖവുരയോടെയാണ് അഖില്‍ മാരാര്‍ മറുപടി ആരംഭിച്ചത്. 'ഇത്രയും നന്ദിയില്ലാത്ത വര്‍ഗത്തെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്. അത് 'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരാണ്. എന്നെ ഒരു സിനിമയിലേക്ക് പറ്റിച്ച് വിളിച്ച് അഭിനയിപ്പിച്ചതും പോരാഞ്ഞ്, സിനിമയ്ക്കുവേണ്ട എല്ലാസഹായങ്ങളുംചെയ്തുകൊടുത്തതിന് ശേഷം ശുദ്ധകള്ളത്തരങ്ങളും നെറികേടുകളും എഴുതിപ്പിടിപ്പിച്ചിരിക്കുകയാണ്'-അഖില്‍ മാരാര്‍ കുറ്റപ്പെടുത്തി.
ചിത്രത്തിന് ലഭിച്ചത് ഒരുകോടിയുടെ പ്രൊമോഷനാണെന്ന് സംവിധായകനോട് മറ്റാരോ അഭിപ്രായപ്പെട്ടതായി അഖില്‍ മാരാര്‍ പറഞ്ഞു. ഇതിനെ സാധൂകരിക്കുന്ന സംവിധായകന്‍ ബാബു ജോണുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ അഖില്‍ പുറത്തുവിട്ടു. 'ചിത്രം ഇറങ്ങുന്നതിന് രണ്ടുദിവസംമുമ്പ് എന്തുകൊണ്ട് ചിത്രം ലിസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ച് ഞാന്‍ വിളിച്ചതാണ്. ഇത്രയും വലിയ പ്രൊമോഷന്‍ കിട്ടിയിട്ട് ചിത്രം ഇറങ്ങുന്ന തീയേറ്ററുകളുടെ ലിസ്റ്റ് കിട്ടുന്നില്ല. ഏത് തീയേറ്ററുകളിലാണ് ചിത്രം ഇറങ്ങുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. അത് ഞാന്‍ ചോദിച്ചപ്പോഴുള്ള മറുപടിയാണിത്', ഫോണ്‍കോള്‍ റെക്കോഡിനെക്കുറിച്ച് അഖില്‍ പറഞ്ഞു.
'നാട്ടില്‍ നടക്കുന്ന വിഷയങ്ങള്‍ക്കൊക്കെ പ്രതികരിക്കുന്നതുകൊണ്ട് എന്നോട് ആളുകള്‍ക്ക് വിരോധമുണ്ടാവും, അതാണ് ചിത്രത്തിന് ലഭിക്കുന്ന സ്വീകരണത്തില്‍ പ്രതിഫലിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ മനസിലാക്കിയിടത്തോളം 3,000- 4,000 പേരാണ് ചിത്രം ആകെ കണ്ടിരിക്കുന്നത്. കണ്ടവര്‍ ആരും എന്റെ പ്രകടനത്തെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല. സംവിധായകന്റെ പേര് കേട്ടപ്പോള്‍ തന്നെ ഒരു കാരണവശാലും പ്രൊജക്ടിന്റെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞൊഴിഞ്ഞു. ഞാന്‍ ഒരു ഉദ്ഘാടനത്തിന് വാങ്ങുന്നത് തുക എത്രയാണെന്ന് അറിയിച്ചിരുന്നു. അഞ്ച് ലക്ഷം രൂപ തനിക്ക് നല്‍കിയ ശേഷം ബാക്കി പണം വയനാട്ടില്‍ വീട് വെച്ചുനല്‍കണമെന്ന് പറഞ്ഞുതന്നെയാണ് ഞാന്‍ ഈ ചിത്രത്തിലേക്ക് പോകുന്നത്', അഖില്‍ പറഞ്ഞു.
'ബിലോ ആവറേജ് ആണെന്ന് സിനിമയെക്കുറിച്ച് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ചിത്രം ഗംഭീരമാണെന്ന് ഇവര്‍ തന്നെ പറഞ്ഞ് എന്നെ ആശയക്കുഴപ്പത്തിലാക്കിയപ്പോള്‍, എന്റെ വിലയിരുത്തല്‍ തെറ്റിയോ എന്ന് എനിക്ക് സംശയം തോന്നി. ഒരുപക്ഷേ ഞാനും വിചാരിച്ചുകാണും ഇവര്‍ പറയുന്നതാണ് ശരി എന്ന്. അതിഗംഭീര സിനിമയെന്ന് ഇവര്‍ തന്നെ വിശേഷിപ്പിച്ചു. ഇത് പലയാവര്‍ത്തി പറഞ്ഞു. ഞാന്‍ വരാന്‍ പോകുന്ന സൂപ്പര്‍സ്റ്റാര്‍ ആണെന്ന് പറഞ്ഞുപുകഴ്ത്തി. നായകനായ അഭിഷേകിനെ മാറ്റി അഖില്‍ മാരാര്‍ ഇന്‍ എന്ന് പറഞ്ഞ് പോസ്റ്റര്‍ അടിച്ചിറക്കി. ബാബുജോണിനോട് ഞാന്‍ നേരിട്ട് ചോദിക്കുകയാണ്, ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ കട്ടുചെയ്തതുകൊണ്ടാണ് ചോദിക്കുന്നത്. അഭിഷേക് എന്ന ചെറുപ്പക്കാരനെ എന്ത് അടിസ്ഥാനത്തിലാണ് നായകസ്ഥാനത്തുനിന്ന് നിങ്ങള്‍ മാറ്റിയത്? അഖില്‍ മാരാര്‍ക്കെതിരേ രാഷ്ട്രീയവിരോധമുണ്ടെങ്കില്‍, അഖില്‍ മാരാര്‍ കേസുകളില്‍ പ്രതിയാണെന്നുണ്ടെങ്കില്‍ എന്തിനാണ് അഭിഷേക് ശ്രീകുമാറിനെ ഒഴിവാക്കി എന്റെ പേരുമാത്രംവെച്ചുകൊണ്ട് സിനിമയുടെ ആദ്യത്തെ പോസ്റ്റര്‍ ഇറക്കിയത്? ഇതിന്റെ പേരില്‍ അഭിഷേകും അണിയറപ്രവര്‍ത്തകരും തമ്മില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഭിഷേകിനെ ഒഴിവാക്കി ഇരിട്ടിയില്‍ ഫ്‌ളെക്‌സ് വെച്ചില്ലേ?', അഖില്‍ ചോദിച്ചു.
'അഭിഷേകിനെ തിരിച്ചുകൊണ്ടുവരണം, ദയവുചെയ്ത് ആ ചെറുപ്പക്കാരനെ നശിപ്പിക്കാന്‍ ശ്രമിക്കരുത് എന്ന് ഞാന്‍ എത്രപ്രാവശ്യം പറഞ്ഞു?. അവന്റെ ഒരു ചെറിയ സിനിമയാണ്, അവന്‍ നായകനായി വന്ന സിനിമയാണ്. അതില്‍ ചെറിയ വേഷം ചെയ്യാന്‍ വന്ന ഒരാള്‍ മാത്രമാണ് ഞാന്‍'- അഖില്‍ ഓര്‍മിപ്പിച്ചു.
ഓഗസ്റ്റിലാണ് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരേ കേസെടുത്തത്. ഒക്ടോബറിലാണ് ഷൂട്ടിങ് തുടങ്ങുന്നത്. ഷൂട്ട് തുടങ്ങി പത്തുദിവസം വരാതെ മാറിനിന്ന തന്നെ വയനാട്ടിലെ ദുരിതബാധിതരായ ഒരാള്‍ക്ക് വീടുവെച്ചുനല്‍കാമെന്ന് സമ്മതിപ്പിച്ചാണ് ചിത്രത്തിന്റെ ഭാഗമാക്കിയത്. സാമ്പത്തിക കാരണങ്ങളാല്‍ ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ നെറികേട് പറയരുതെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
'ഒരു ടെക്‌നീഷ്യനെക്കുറിച്ചുപോലും വിശ്വസിച്ചല്ല ഞാന്‍ വന്നത്. ഒപ്പം സിനിമയില്‍ പ്രവര്‍ത്തിച്ച ഫോര്‍മ്യൂസിക്‌സ് ആയിരിക്കും പശ്ചാത്തലസംഗീതം ചെയ്യുക എന്ന് പറഞ്ഞിരുന്നു. ഇങ്ങനെ പലകാര്യങ്ങളും പറഞ്ഞ്, ചിത്രം പുറത്തിറങ്ങിയപ്പോള്‍ എന്റെ തലയില്‍ക്കൊണ്ടുവെച്ചുകെട്ടി. ചിത്രത്തെക്കുറിച്ച് പല റിവ്യൂവര്‍മാരും അതിഭീകരമാംവിധം മോശം കാര്യങ്ങള്‍ പറയുകയും, എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തിനാണ് ഈ സിനിമയില്‍ പോയി തലവെച്ചതെന്ന് ആക്ഷേപിക്കുമ്പോഴും, സമൂഹം ഒന്നടങ്കം എന്നെ ആക്ഷേപിച്ച സമയത്തും മിണ്ടാതെ കേട്ടുകൊണ്ടിരുന്ന ആളാണ് ഞാന്‍'- അഖില്‍ പറഞ്ഞു.
'ഈ സിനിമ എന്ത് അടിസ്ഥാനത്തിലാണ് ഞാന്‍ കമ്മിറ്റി ചെയ്തതെന്ന് നിങ്ങള്‍ പറയണമെന്ന് ആ സമയത്തും ഞാന്‍ ആവശ്യപ്പെട്ടു. എത്രപ്രാവശ്യം ഞാന്‍ മെസേജ് അയച്ചു. അവസാനം ഒരു റിപ്ലൈ പോലും നിങ്ങള്‍ തരാതെയായി. തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും മാറി കണ്ണൂരില്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒന്നുരണ്ടു തീയേറ്ററിലായി ഒതുങ്ങിയ സമയത്താണ്, എനിക്കെതിരായ പരിഹാസങ്ങള്‍ പരിധിക്കപ്പുറത്തേക്ക് കടന്നപ്പോഴാണ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ യാഥാര്‍ഥ്യങ്ങള്‍ പറഞ്ഞുകൊണ്ട് പോസ്റ്റിടുന്നത്. നിങ്ങളെ ആരേയും ഞാന്‍ കുറ്റപ്പെടുത്തിയിരുന്നില്ല. പകരം, ഞാന്‍ സിനിമയിലേക്ക് വരാനുള്ള കാരണം മാത്രമാണ് പറഞ്ഞത്. ആ കാരണം യാഥാര്‍ഥ്യമായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാം'- അഖില്‍ ചൂണ്ടിക്കാട്ടി.
'ബാബു ജോണ്‍ അല്ല പലപ്പോഴും സംവിധാനംചെയ്തത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും പല ആളുകളും സംവിധാനംചെയ്ത പടമാണ്. ഇതിന്റെ എഡിറ്റിങ്ങനെക്കുറിച്ച് ഇദ്ദേഹത്തിന് യാതൊന്നും അറിയില്ല. എഡിറ്റിങ് സ്ഥലത്ത് കൃത്യമായി പോയി ഇരുന്നിട്ട് പോലുമില്ല. ആരാണ് എഡിറ്റ് ചെയ്തത്, ഡബ്ബിങ് സ്ഥലത്ത് എന്താണ് നടന്നത് എന്ന് എനിക്ക് അറിയാം. എനിക്ക് ഈ സിനിമയില്‍ അഭിനയിച്ചതുകൊണ്ട് ഒന്നും വരാന്‍ പോകുന്നില്ല. മലയാള സിനിമയില്‍ അഭിനയിച്ചുമുന്നോട്ടുപോകണം എന്ന് ആഗ്രഹിക്കുന്ന ഒരാളല്ല. എനിക്ക് സിനിമ എഴുതാന്‍ അറിയാം, സംവിധാനംചെയ്യാന്‍ അറിയാം. ആ മേഖലയില്‍ എനിക്ക് മുന്നോട്ടുപോയാല്‍ മതി. യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ഇടുന്ന വീഡിയോകളിലൂടെ മാത്രം എനിക്ക് അഞ്ചും ആറുംലക്ഷം രൂപ മാസമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ആരുടേയും സഹായമില്ലാതെ ജീവിക്കാന്‍ കഴിയും എന്ന് ഉറച്ചബോധ്യമുള്ള ഞാന്‍, സത്യംവിട്ട് ഇന്നുവരെ ജീവിച്ചിട്ടില്ല, നാളേയും ജീവിക്കില്ല. പറഞ്ഞകാര്യം വളച്ചൊടിക്കരുത്'- അഖില്‍ ആവശ്യപ്പെട്ടു.
'നിങ്ങളുടെ പരാജയം മറച്ചുവെച്ചുകൊണ്ട് എന്റെ തലയില്‍ക്കെട്ടാന്‍ ശ്രമിക്കുന്ന രീതി ശരിയല്ല. രാഷ്ട്രീയവിരോധം എന്നോട് ഉണ്ടെങ്കില്‍ എനിക്ക് അഭിമാനം മാത്രേമേയുള്ളൂ. നിങ്ങളുടെ പടം കമ്മിറ്റ് ചെയ്യുമ്പോഴും, വയനാട്ടില്‍ ഒരു പാവപ്പെട്ടവന് ഒരു വീട് കിട്ടുമെങ്കില്‍ കിട്ടട്ടെ എന്ന് കരുതിമാത്രമാണ്. എനിക്ക് ശമ്പളമായി തരേണ്ട തുകയില്‍നിന്ന് ബാക്കി കാശ് എടുത്ത് ചെയ്താല്‍ മതിയെന്നാണ് പറഞ്ഞത്. ഒരു മര്യാദയും മനസാക്ഷിയും ഉണ്ടാവുക എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു'- എന്നാണ് അഖില്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
ചിത്രത്തിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ അഖില്‍ മാരാരാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ആദ്യം രംഗത്തെത്തിയത്. മറ്റൊരാള്‍ നായകനായ ചിത്രത്തില്‍ തനിക്ക് വളരേ കുറച്ച് രംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മാര്‍ക്കറ്റിങ്ങിനുവേണ്ടിയാണ് തന്നെ ഉപയോഗിച്ചത് എന്നുമായിരുന്നു അഖില്‍ മാരാരുടെ പോസ്റ്റ്. മറുപടിയുമായി എത്തിയ സംവിധായകന്‍ ബാബു ജോണ്‍, അഖില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞു. സിനിമയ്ക്ക് ആളു കയറുന്നില്ല എന്നുകണ്ടപ്പോള്‍ പ്രൊഡക്ഷന്റെയും സംവിധായകന്റെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് അഖില്‍ മാരാരുടെ പ്രസ്താവനയെന്നും ബാബു ജോണ്‍ മറുപടിക്കുറിപ്പില്‍ പറഞ്ഞിരുന്നു.
Content Highlights: Akhil Marar refutes Midnight successful Mullankolli director`s claims, reveals audio & screenshots.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·