'നന്മയും തിന്മയും തമ്മിലുള്ള കളി'; മാസ് ലുക്കില്‍ മമ്മൂട്ടി, ബസൂക്ക ട്രെയിലര്‍ പുറത്ത് 

9 months ago 8

mammootty bazooka trailer

മമ്മൂട്ടി ബസൂക്ക ട്രെയിലറിൽ

മ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ട്രെയിലർ പുറത്ത്. മമ്മൂട്ടിയുടെ ആക്ഷൻ രം​ഗങ്ങളും മാസ് ഡയലോ​ഗുകളും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്നാണ് ഈ ചിത്രത്തിൽ ഗൗതം മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 2025, ഏപ്രില്‍ 10 നാണു ചിത്രത്തിന്റെ റിലീസ്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ലുക്കും ഇതിന്റെ ഗംഭീര പോസ്റ്ററുകളും സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിരുന്നു. ടീസറിനും സാമൂഹികമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ട്രെയിലറിലും മാസ് ലുക്കിലാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ പഞ്ച് ഡയലോ​ഗുകൾ തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്.

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. 90 ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബസൂക്ക, കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്. വൈശാഖ് ചിത്രം ടർബോയുടെ വൻ വിജയത്തിന് ശേഷം റിലീസ് ചെയ്യാനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം - മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ - ശബരി.

Content Highlights: mammootty caller movie bazooka trailer out

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article