'നമ്മളെ ഓര്‍ത്ത് ലജ്ജിക്കുന്നു'; പാക് താരങ്ങള്‍ക്ക് ഹസ്തദാനം നിഷേധിച്ചതില്‍ ആനന്ദ് പട്‌വര്‍ധന്‍

4 months ago 4

15 September 2025, 05:58 PM IST

anand-patwardhan-asia-cup-pakistan

പാക് താരങ്ങൾ, ആനന്ദ് പട്‌വർധൻ | Photo: AP, Mathrubhumi

ഏഷ്യാ കപ്പിലെ മത്സരത്തില്‍ ഇന്ത്യന്‍ ടീം എതിരാളികളായ പാകിസ്താന്‍ താരങ്ങള്‍ക്ക്‌ ഹസ്തദാനം നല്‍കാതെ മടങ്ങിയതില്‍ വിമര്‍ശനവുമായി പ്രശസ്ത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. ക്രിക്കറ്റ് മാച്ചിന് ശേഷം ഹസ്തദാനംചെയ്യാതിരുന്നത് ബാലിശം മാത്രമല്ല, അപമാനകരമാണെന്നും പട്‌വര്‍ധന്‍ അഭിപ്രായപ്പെട്ടു. നമ്മളെയോര്‍ത്ത് ലജ്ജിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലെ കുറിപ്പിലെഴുതി.

ആനന്ദ് പട്‌വര്‍ധന്റെ പ്രസ്താവനയോട് യോജിച്ചും വിയോജിച്ചും നിരവധിപ്പേര്‍ കമന്റുകള്‍ പങ്കുവെച്ചു. പാകിസ്താനെതിരേ കളിച്ചതിനുതന്നെ താരങ്ങള്‍ക്കുനേരെ ആക്രമണം നടക്കുകയായാണെന്നും ഹസ്തദാനം കൂടെ നല്‍കിയിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളായേനെയെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. കളിക്കാരെ കുറ്റപ്പെടുത്തേണ്ടതില്ല, അവര്‍ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ചിലര്‍ കുറിച്ചു. മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു ചെയ്യേണ്ടതെന്നാണ് എതിര്‍ക്കുന്നവരുടെ അഭിപ്രായം.

മത്സരം പൂര്‍ത്തിയായപ്പോള്‍ ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും പാക് താരങ്ങള്‍ക്കുനേരെ നോക്കുക പോലുംചെയ്യാതെ നേരെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. ടോസിനു ശേഷം സൂര്യയും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങി. മത്സരശേഷമുള്ള ബ്രോഡ്കാസ്റ്റര്‍ പ്രസന്റേഷന്‍ പാക് നായകന്‍ സല്‍മാന്‍ അഗ ഒഴിവാക്കുകയും ചെയ്തു. തങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നുവെന്നും ഇന്ത്യയുടെ നടപടി നിരാശപ്പെടുത്തിയെന്നും പാക് പരിശീലകന്‍ പ്രതികരിച്ചു.

Content Highlights: Anand Patwardhan knock Indian cricket squad refused to shingle hands with Pakistan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article