നല്ല വിഷയമെടുത്ത് നന്നായി ചെയ്തു, അതാണീ വിജയത്തിന് കാരണം; 'ലോക'യെ അഭിനന്ദിച്ച് ജീത്തു ജോസഫ്

4 months ago 4

16 September 2025, 12:30 PM IST

Jeethu Joseph

ജീത്തു ജോസഫ് | ഫോട്ടോ: ജെയ്‌വിൻ ടി സേവ്യർ | മാതൃഭൂമി

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക: ചാപ്റ്റർ 1-ചന്ദ്ര'യെ അഭിനന്ദിച്ച് സംവിധായകൻ ജീത്തു ജോസഫ്. നല്ല വിഷയമെടുത്ത് നന്നായെടുക്കുക എന്നതിലാണ് കാര്യമെന്നും അതാണ് ലോകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ മിറാഷിന്റെ റിലീസിനുമുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മി ആൻഡ് മീ എന്ന ചിത്രമെടുക്കാൻ നിർമാതാവിനെ തേടി രണ്ടുകൊല്ലമാണ് നടന്നത്. ഇപ്പോൾ ആ സാഹചര്യം മാറിയെന്നും ജീത്തു പറഞ്ഞു. മിറാഷിലെ നായകനായ ആസിഫ് അലിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

വ്യത്യസ്തമായ ജോണറിലുള്ള ചിത്രം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞു. ഒരു ഇൻഡസ്ട്രിയിൽ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങൾ വരണമെന്ന് വിശ്വസിക്കുന്നയാളാണ് താൻ. ഇപ്പോൾ ലോക വന്നു. ഇനി സംഭവിക്കാൻപോകുന്നതെന്താണെന്നുവെച്ചാൽ ഒരു സൂപ്പർഹീറോ ചിത്രമെടുത്തേക്കാം എന്നുപറഞ്ഞ് കുറേ പേർ വരും. അങ്ങനെ ചെയ്യരുത്. ലോക എന്ന ചിത്രം അവർ ചെയ്തു. അവർ അതിന്റെ അടുത്തത് ചെയ്യും. നമ്മുടെ കയ്യിലുള്ളത് കോമഡി ചിത്രമാണെങ്കിലും. ഡ്രാമയാണെങ്കിലും ആളുകളെ രസിപ്പിക്കുന്നതരത്തിൽ അവതരിപ്പിക്കുകയാണ് വേണ്ടത്. തിയേറ്ററിലെത്തുമ്പോൾ അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടണം. അതിന് തിരക്കഥയിൽ നന്നായി ശ്രദ്ധിച്ചാൽ ഉദ്ദേശിച്ച ഫലം കിട്ടുമെന്നാണ് തന്റെ വിശ്വാസമെന്നും ജീത്തു പറഞ്ഞു.

'രണ്ട് മൂന്ന് വർഷം മുമ്പേ വർക്ക് ചെയ്തുവന്ന സ്ക്രിപ്റ്റാണ് മിറാഷിന്റേത്. ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന തിരക്കഥകളിൽ ചിലതിൽ കുട്ടികളുടെ ചിത്രമുൾപ്പെടെയുണ്ട്. അത് സംഭവിക്കുക ചിലപ്പോൾ രണ്ട് വർഷം കഴിഞ്ഞായിരിക്കും. ഒരു കഥ വന്നാൽ, അതിൽ ഒന്നിലേറെ നായകന്മാർക്ക് ഇടമുണ്ടെങ്കിൽ അത് ചെയ്തിരിക്കും. സൂപ്പർ ഹീറോയ്ക്ക് ഇടമുണ്ടെങ്കിൽ അത്തരം സിനിമകളും ചെയ്യും. ഒരു പ്രത്യേക ജോണർ ചെയ്യണം എന്നുകരുതി ഒരിക്കലും ഇറങ്ങാറില്ല. മമ്മി ആൻഡ് മി എന്ന ചിത്രം ചെയ്യാൻ ഒരു നിർമാതാവിനെ കിട്ടാൻ രണ്ടരക്കൊല്ലം നടന്നു. ഇന്ന് കാലം മാറി. ഇപ്പോൾ സിനിമയിൽ സ്ത്രീ കേന്ദ്രീകൃതം, പുരുഷ കേന്ദ്രീകൃതം എന്നുള്ള വേർതിരിവിന്റെ ആവശ്യമില്ല. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ സിനിമ തിയേറ്ററിൽ വിജയിക്കും. അത് എന്നും തെളിയിക്കപ്പെട്ട വസ്തുതയാണ്.' ജീത്തു ജോസഫ് വ്യക്തമാക്കി.

നല്ല വിഷയമെടുത്ത് നന്നായെടുക്കുക എന്നതിലാണ് കാര്യം. അതാണ് ലോകയും ചെയ്തത്. ഒരുപാട് പോസിറ്റീവായ കാര്യമാണത്. കേരളത്തിൽ, മലയാള സിനിമാ വ്യവസായത്തിന്റെ ഭാ​ഗമായി നിൽക്കുന്നു എന്നതുതന്നെയാണ് ഏറ്റവും ഭാ​ഗ്യം ചെയ്ത കാര്യം. നല്ല സിനിമകൾ ചെയ്യാനുള്ള ഇടവും നല്ല പ്രേക്ഷകരും ഇവിടെയുണ്ട്. മലയാളത്തെ മാതൃകയാക്കി മറ്റ് ഭാഷാ ഇൻഡസ്ട്രികളും മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വിപണി വലുതാവുകയാണെന്നും മലയാള സിനിമയെ സംബന്ധിച്ച് വളരെ അനുകൂലമായ സമയമാണിതെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.

Content Highlights: Director Jeethu Joseph lauded Loka, emphasizing the value of beardown contented and execution

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article