'നാണംകുണുങ്ങിയും വളരെ പാവവുമായിരുന്നു സ്മിത; സിനിമ അവരെയെങ്ങനെ മാറ്റിയെടുത്തു എന്ന് നോക്കൂ'

9 months ago 9

രവി മേനോന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മണ്‍വിളക്കുകള്‍ പൂത്തകാലം എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം...

ഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂത്ത കാലം
വണ്ടി കൊല്ലം സ്റ്റേഷന്‍ വിട്ടാല്‍, പിന്നിലേക്കോടിമറയുന്ന നഗരക്കാഴ്ചകള്‍ക്കിടയില്‍ പഴയൊരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കൗതുകത്തോടെ തിരയും രാഘവന്റെ കണ്ണുകള്‍.
എങ്ങുനിന്നോ പ്രണയസുരഭിലമായ ഒരു കാവ്യഗീതത്തിന്റെ ശീലുകള്‍ കാതിലേക്ക് ഒഴുകിയെത്തും അപ്പോള്‍:
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ,
പുഷ്പപാദുകം പുറത്തു വെച്ചു നീ
നഗ്‌നപാദയായ് അകത്തു വരൂ...
ജീവിതത്തിലെ ഏറ്റവും സുഗന്ധപൂരിതമായ കാലഘട്ടത്തിന്റെ ഓര്‍മ തുടിക്കുന്ന വരികള്‍.

ആ കവിതയെന്നപോലെ ആ കെട്ടിടവും മറക്കാനാവില്ല ചെമ്പരത്തിയിലെ നായകന്. സ്വന്തം സിനിമാജീവിതത്തിലെ ഏറ്റവും പ്രശസ്തമായ ഗാനരംഗങ്ങളിലൊന്ന് ചിത്രീകരിക്കപ്പെട്ട സ്ഥലം എങ്ങനെ മറക്കാന്‍? കൈയില്‍ നിവര്‍ത്തിപ്പിടിച്ച മലയാളനാട് വാരികയും ചുണ്ടില്‍ വയലാറിന്റെ അമൃതം പൊഴിയുന്ന വരികളുമായി ചെമ്പരത്തിയിലെ ദിനേശ് എന്ന കവി ഉലാത്തിയത് കൊല്ലം നഗരത്തില്‍ അന്തസ്സോടെ തലയുയര്‍ത്തി നിന്ന ആ ഇരുനിലമാളികയുടെ വരാന്തയിലൂടെയായിരുന്നു- നാലു പതിറ്റാണ്ടു മുന്‍പ്. 'ഇന്നും അതുവഴി യാത്ര ചെയ്യുമ്പോള്‍, അറിയാതെ ആ കെട്ടിടം നിന്നിരുന്ന ഭാഗത്തേക്ക് കണ്ണുകള്‍ പാഞ്ഞുചെല്ലും'- എഴുപതുകളില്‍ മലയാളസിനിമയിലെ തിരക്കേറിയ താരമായിരുന്ന രാഘവന്‍ പറയുന്നു. 'കാലം ഏറെ മാറിപ്പോയില്ലേ? എങ്ങു നോക്കിയാലും പുതുപുത്തന്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍. പക്ഷേ, 'ചക്രവര്‍ത്തിനി' ഷൂട്ട് ചെയ്ത ആ പഴയ ഗസ്റ്റ്ഹൗസ് മാത്രം വലിയ കേടുപാടുകള്‍ കൂടാതെ ഇപ്പോഴുമുണ്ട്; ചരിത്രത്തിനു സംഭവിച്ച ഒരു ഓര്‍മപ്പിശകുപോലെ.'

യാത്രാവേളകളില്‍ നിനച്ചിരിക്കാതെ 'ചക്രവര്‍ത്തിനി'യുടെ ഈരടികള്‍ വല്ലപ്പോഴുമൊക്കെ കാതില്‍ വന്നുവീഴുമ്പോള്‍, ആദ്യമായി ആ കവിത വായിച്ചു മതിമറന്ന നിമിഷങ്ങള്‍ ഓര്‍മ വരും രാഘവന്. വയലാര്‍ രാമവര്‍മയുടെ കൈപ്പടയിലുള്ള വരികള്‍. 'വയലാറിനെ നേരത്തേ അറിയാം. ഇടയ്ക്കിടെ ഷൂട്ടിങ് ലൊക്കേഷനില്‍ വരാറുണ്ടായിരുന്നു അദ്ദേഹം. പടത്തിന്റെ നിര്‍മാതാവായിരുന്ന എസ്.കെ. നായരുടെ ഉറ്റ സുഹൃത്താണ്. മുന്‍പും അദ്ദേഹത്തിന്റെ പാട്ടുകള്‍ സിനിമയില്‍ പാടി അഭിനയിച്ചിട്ടുണ്ടെങ്കിലും ചക്രവര്‍ത്തിനിയുടെ സൗന്ദര്യം ഒന്നു വേറെത്തന്നെയായിരുന്നു. കാല്പനികബിംബങ്ങളുടെ ഒരു ഘോഷയാത്ര.

ശാരദേന്ദുകല ചുറ്റിനും
കനകപാരിജാതമലര്‍ തൂകും,
ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്നകംബളം നീര്‍ത്തും...
എത്ര സുന്ദരമായ ഭാവന. അശോക്കുമാറിന്റെ ക്യാമറയ്ക്കു മുന്നില്‍ അതു പാടി അഭിനയിക്കുമ്പോഴേക്കും ആ വരികള്‍ എനിക്കു മനഃപാഠമായിരുന്നു.'

മലയാളസിനിമാചരിത്രത്തിലെതന്നെ ക്ലാസിക് സൃഷ്ടികളിലൊന്നായി വളരും ആ പാട്ടെന്ന് അന്ന് സങ്കല്പിച്ചിരിക്കുമോ അഭിനേതാവ്? ചിരിച്ചുകൊണ്ട് തലയാട്ടുന്നു രാഘവന്‍. 'നല്ലൊരു കവിതയാണെന്നു തോന്നിയിരുന്നു. പക്ഷേ, ഭാവിയില്‍ അത് ഇത്രത്തോളം ആഘോഷിക്കപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.' മലയാളസിനിമ 75 വര്‍ഷം തികച്ചപ്പോള്‍ എക്കാലത്തെയും ജനപ്രിയഗാനം തിരഞ്ഞെടുക്കാന്‍ ഒരു പ്രമുഖ ചാനല്‍ പ്രേക്ഷകര്‍ക്കിടയില്‍ നടത്തിയ ഗാലപ് പോളില്‍ ഒന്നാമതെത്തിയത് 'ചക്രവര്‍ത്തിനീ...' ആയിരുന്നു.

പുസ്തകത്തിന്റെ കവര്‍ പേജ്

അന്ന് ആ ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് യേശുദാസ് പറഞ്ഞു: 'ഒരു ഗാനം പാടുമ്പോള്‍ അത് കാലത്തിനപ്പുറത്തേക്കു വളരണം എന്നൊന്നും ചിന്തിക്കാറില്ല. ഗാനരചയിതാവിന്റെയും സംഗീതസംവിധായകന്റെയും പ്രതീക്ഷകളോടു പൂര്‍ണമായി നീതി പുലര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യമേ ഉണ്ടാകൂ അപ്പോള്‍ മനസ്സില്‍. പക്ഷേ, ചില പാട്ടുകള്‍ നമ്മുടെയൊക്കെ സങ്കല്പങ്ങള്‍ക്കപ്പുറത്തേക്കു പറന്നുയരുന്നു. ഈശ്വരന്റെ ഇടപെടല്‍കൂടി അവിടെ നാം അനുഭവിച്ചറിയുന്നു. ദൈവസ്പര്‍ശമേറ്റ അത്തരം അപൂര്‍വം പാട്ടുകളിലൊന്നാണ് 'ചക്രവര്‍ത്തിനീ...' രാഘവനുമില്ല മറിച്ചൊരു അഭിപ്രായം.

കായല്‍ക്കരയില്‍ എന്ന ചിത്രത്തിലൂടെ 1968- ല്‍ത്തന്നെ അഭിനയം തുടങ്ങിയെങ്കിലും നാലു വര്‍ഷംകൂടി കഴിഞ്ഞ് വെളിച്ചംകണ്ട ചെമ്പരത്തിയാണ് രാഘവന് മലയാളി സിനിമാപ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടം നേടിക്കൊടുത്തത്. ചെമ്പരത്തിയും സ്വപ്നവും തീര്‍ഥയാത്രയും പ്രേതങ്ങളുടെ താഴ്വരയും അച്ചാണിയും കലിയുഗവും ഒക്കെ പുറത്തുവന്ന 1970 കളുടെ തുടക്കത്തില്‍, ഒപ്പം പഠിച്ചിരുന്ന കുട്ടികള്‍ രാഘവന്റെയും സുധീറിന്റെയും ആരാധകരായി ചേരിതിരിഞ്ഞ കാലം ഓര്‍മവരുന്നു. തളിപ്പറമ്പുകാരന്‍ രാഘവനും കൊടുങ്ങല്ലൂര്‍ക്കാരന്‍ സുധീറും ഏതാണ്ട് ഒരേ കാലത്ത് മലയാളസിനിമയില്‍ തിളങ്ങിനിന്നവര്‍. മിതത്വമായിരുന്നു രാഘവന്റെ അഭിനയത്തിന്റെ മുഖമുദ്രയെങ്കില്‍, സുധീറിന്റെത് കുറെക്കൂടി 'പ്രകടനപര'മായിരുന്നു എന്ന വ്യത്യാസമുണ്ട്.

കൂടുതല്‍ ആഴമുള്ള കഥാപാത്രങ്ങള്‍ തേടിവന്നത് രാഘവനെയാണ്. സുധീറാകട്ടെ, കാമ്പസ് നായകന്റെയും പാട്ടു പാടുന്ന സി.ഐ.ഡി. കാമുകന്റെയും റോളില്‍ തളച്ചിടപ്പെട്ടു. വിരോധാഭാസമെന്നു പറയാം, സത്യത്തിന്റെ നിഴലില്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയത് സുധീറാണ്. ഏറെ വിവാദങ്ങള്‍ക്കു തിരികൊളുത്തിയ തീരുമാനം. താരതമ്യേന മികച്ച നടനായിരുന്ന രാഘവനെ തേടി വലിയ അംഗീകാരങ്ങള്‍ ഒന്നും വന്നില്ല എന്നുകൂടി അറിയുക. എങ്കിലും 1970 -കളിലെ യുവനായകനിരയില്‍, ഈ തലമുറയ്ക്കുപോലും സുപരിചിതമായ അപൂര്‍വം മുഖങ്ങളിലൊന്ന് രാഘവന്റെതാകുമെന്ന് ഉറപ്പ്. ടെലിവിഷനില്‍ വരുന്ന ഗാനരംഗങ്ങള്‍തന്നെയാകാം ഈ പരിചിതത്വത്തിനു പിന്നില്‍; പ്രത്യേകിച്ച് 'ചക്രവര്‍ത്തിനീ...' എന്ന ഗാനത്തിന്റെ വിഷ്വലുകള്‍. 'കുട്ടിക്കാലംമുതലേ സംഗീതവുമായി പറയത്തക്ക ബന്ധമൊന്നും ഇല്ല എനിക്ക്. പാട്ടു കേള്‍ക്കാന്‍ ഇഷ്ടമാണെന്നല്ലാതെ മൂളിപ്പാട്ടുപോലും പാടുന്ന ശീലവുമില്ല. ആ ഞാനാണ് മലയാളത്തിലെ അനശ്വരഗാനങ്ങള്‍ പലതും വെള്ളിത്തിരയില്‍ അഭിനയിച്ചു ഫലിപ്പിച്ചത് എന്നോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നും; അവ ഇന്നും അകമഴിഞ്ഞ് ആസ്വദിക്കപ്പെടുന്നു എന്നറിയുമ്പോഴും...' രാഘവന്‍ ചിരിക്കുന്നു.

വെള്ളിത്തിരയില്‍ രാഘവന്‍ പാടി അവതരിപ്പിച്ച പാട്ടുകളിലൂടെ വെറുതേ ഒന്നു കണ്ണോടിക്കുക. സുവര്‍ണഗാനങ്ങളുടെ ഒരു നിരയാണത്: 'ശ്രാന്തമംബരം...' (അഭയം), 'തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന...' (ഗായത്രി), 'മലയാളഭാഷതന്‍ മാദകഭംഗി...' (പ്രേതങ്ങളുടെ താഴ്വര), 'അമ്മേ അമ്മേ അവിടുത്തെ മുന്നില്‍ ഞാനാര്...' (ചായം), 'എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍...' (ഉദയം), 'ശബരിമലയില്‍ തങ്ക സൂര്യോദയം...' (സ്വാമി അയ്യപ്പന്‍), 'ഈശ്വരാ ജഗദീശ്വരാ...' (കണ്ണുകള്‍), 'പൊന്നും തേനും നീ വിളമ്പി...' (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു), 'സ്വാതിതിരുനാളിന്‍ കാമിനി...' (സപ്തസ്വരങ്ങള്‍), 'ഇതിലേ ഏകനായി...' (ഒറ്റപ്പെട്ടവര്‍), 'സ്വര്‍ണപ്പൂഞ്ചോല...' (യൗവനം), 'പച്ചിലയും കത്രികയും...' (രാജഹംസം)... 'പല പാട്ടുകളും ഇന്ന് ടിവിയില്‍ കാണുമ്പോള്‍, അടുക്കും ചിട്ടയുമില്ലാതെ ഓര്‍മകള്‍ മനസ്സിലേക്ക് ഇരമ്പിക്കയറി വരും.

ആഹ്ലാദവും വേദനയും ഇടകലര്‍ന്ന ഓര്‍മകള്‍. ഒപ്പം, തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞ നിരവധി മുഖങ്ങള്‍ മനസ്സില്‍ തെളിയും. വിജയശ്രീ, സുജാത, റാണിചന്ദ്ര, സില്‍ക്ക് സ്മിത, ശ്രീവിദ്യ... സ്വയം മരണം തിരഞ്ഞെടുത്തവരുണ്ട് അവരില്‍; മരണത്തിലേക്കു താന്‍പോലുമറിയാതെ നടന്നടുത്തവരും. ആരെയും മറക്കാനാവില്ല. എന്തെന്തു മോഹങ്ങളുമായിട്ടായിരിക്കണം അവരെല്ലാം കോടമ്പാക്കത്ത് വന്നിറങ്ങിയിരിക്കുക...' രാഘവന്‍ ഒരു നിമിഷം നിശ്ശബ്ദനാകുന്നു.

പ്രേതങ്ങളുടെ താഴ്വര(1973)യിലെ പ്രശസ്തമായ 'മലയാളഭാഷതന്‍ മാദകഭംഗി...' എന്ന ഗാനം രാഘവനൊപ്പം പാടി അഭിനയിച്ചത് വിജയശ്രീ ആണ്. ഒരു തലമുറയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന സുന്ദരി. 'വിനയത്തോടെയുള്ള ആ പെരുമാറ്റവും പുഞ്ചിരിയും മറക്കാനാവില്ല. ജ്വലിക്കുന്ന സൗന്ദര്യത്തിന്റെ ഉടമയായിരുന്നു വിജയശ്രീ. അഭിനയശേഷിയിലും പിന്നിലല്ല. വിധി അവര്‍ക്കുവേണ്ടി കരുതിവെച്ചത് എന്തൊരു ദുര്‍മരണമായിരുന്നു.' സി.ഐ.ഡി. നസീര്‍ പരമ്പരയുടെ ഭാഗമായിട്ടാണ് സംവിധായകന്‍ വേണു പ്രേതങ്ങളുടെ താഴ്വര ഒരുക്കിയതെങ്കിലും ആ ചിത്രത്തില്‍ പ്രേംനസീര്‍ ഉണ്ടായിരുന്നില്ല എന്ന പ്രത്യേകതയുണ്ട്. സ്‌കോട്ട്ലന്‍ഡ്യാര്‍ഡില്‍ ഉന്നതപരിശീലനത്തിനു പോയിരിക്കയാണ് സി.ഐ.ഡി. നസീര്‍. പകരം കേസന്വേഷണത്തിനായി വന്നത് രാഘവന്‍ അവതരിപ്പിച്ച സി.ഐ.ഡി. ആനന്ദ്.

നസീറിനെപ്പോലെ ആനന്ദും സുന്ദരന്‍; പോരാത്തതിന് ഒന്നാന്തരം ഗായകനും! ശ്രീകുമാരന്‍തമ്പി എഴുതി ദേവരാജന്‍ സംഗീതം നല്കിയ മനോഹരഗാനങ്ങളായിരുന്നു ആ നേരംകൊല്ലിച്ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. 'മലയാളഭാഷതന്‍ മാദകഭംഗി...' (ജയചന്ദ്രന്‍)ക്കു പുറമേ, 'രാഗതരംഗിണീ', 'കല്ലോലിനിയുടെ കരയില്‍' (യേശുദാസ്), 'ആതിരേ തിരുവാതിരേ', 'സുപ്രഭാതമായി സുമകന്യകേ' (മാധുരി) എന്നീ പാട്ടുകള്‍. 'ചെന്നൈയില്‍ വിജയശ്രീയുടെ വീടിന്റെ മുന്‍പിലെ ഒരു ഉദ്യാനത്തില്‍വെച്ചാണ് 'മലയാളഭാഷതന്‍...' എന്ന ഗാനം ചിത്രീകരിച്ചത് എന്നാണ് ഓര്‍മ. പലരും കരുതുന്നപോലെ മലയാളഭാഷയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ടല്ല അത്. നായികയായ വിജയശ്രീയുടെ സൗന്ദര്യവര്‍ണനയാണ്. 'മയില്‍പ്പീലിക്കണ്ണുകളില്‍ മാരന്റെ ശരങ്ങളില്‍ മാനത്തിന്‍ മായാനിറം മലരുന്നു, അരയന്നപ്പിടപോല്‍ നീ ഒഴുകുമ്പോള്‍ അഷ്ടപദി മധുരവര്‍ണന നെഞ്ചില്‍ നിറയുന്നു...' എന്ന ചരണം ഓര്‍മയില്ലേ? നിര്‍ഭാഗ്യവശാല്‍ ആ പടത്തിന്റെ പ്രിന്റ് ഇപ്പോള്‍ കിട്ടാനില്ല. പഴയ പല പടങ്ങളുടെയും ഗതി അതാണ്.'

രാഘവന്‍ | ഫോട്ടോ: എസ് ശ്രീകേഷ്, മാതൃഭൂമി ആര്‍ക്കൈവ്‌സ്

പ്രേതങ്ങളുടെ താഴ്വര പുറത്തിറങ്ങി കഷ്ടിച്ച് ഒരു വര്‍ഷംകൂടിയേ വിജയശ്രീ ജീവിച്ചിരുന്നുള്ളൂ. 1974 മാര്‍ച്ചില്‍ സ്വയം ജീവനൊടുക്കുമ്പോള്‍ വിജയശ്രീക്ക് 21 വയസ്സ്. സിനിമാരംഗത്തെ പ്രമുഖ ബാനറുകള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ബലിയാടാകുകയായിരുന്നു ബോക്സോഫീസിലെ ആ താരറാണി. 'വിജയശ്രീയുടെ അവസാനചിത്രമായ യൗവനത്തിലും ഞാനായിരുന്നു ഹീറോ. അതില്‍ ഞങ്ങള്‍ ഒരുമിച്ചു പാടിയ മനോഹരമായ ആ പാട്ട് ഓര്‍മയില്ലേ- ശ്രീകുമാരന്‍തമ്പി എഴുതി ദക്ഷിണാമൂര്‍ത്തിസ്വാമി ഈണമിട്ട 'സ്വര്‍ണപ്പൂഞ്ചോല, ചോലയില്‍ വര്‍ണത്തിരമാല...' യേശുദാസും ജാനകിയുമായിരുന്നു ഗായകര്‍.' രാഘവന്‍-വിജയശ്രീ ടീമിന്റെ വിജയചിത്രങ്ങളില്‍ സ്വര്‍ഗപുത്രിയുമുണ്ട്. ശ്രീകുമാരന്‍ തമ്പി-ദേവരാജന്‍ കൂട്ടുകെട്ടിന്റെ സുന്ദരഗാനങ്ങള്‍കൊണ്ട് സമൃദ്ധമായിരുന്നു ഈ മെറിലാന്‍ഡ് ചിത്രവും. ജയചന്ദ്രന്‍ പാടിയ 'സ്വര്‍ണമുഖീ നിന്‍ സ്വപ്നസദസ്സില്‍...' എന്ന ഗാനം ഓര്‍ക്കുക.

പില്ക്കാലത്ത് തെന്നിന്ത്യന്‍സിനിമയിലെ മാദകറാണിയായി വളര്‍ന്ന സില്‍ക്ക് സ്മിതയുടെ ആദ്യനായകരിലൊരാള്‍ രാഘവനായിരുന്നു എന്നറിയുമോ? ചിത്രം: ഒറ്റപ്പെട്ടവര്‍ (1979). പി. കൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് നമ്മുടെ മനസ്സില്‍ അവശേഷിപ്പിക്കുന്നത് പൂവച്ചല്‍ ഖാദര്‍-ശ്യാം ടീം ഒരുക്കി യേശുദാസ് പാടിയ 'ഇതിലേ ഏകനായ്...' എന്ന മനോഹരഗാനം മാത്രം. രാഘവനും സ്മിതയുമായിരുന്നു വയനാട്ടില്‍ ചിത്രീകരിച്ച ആ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത്. ആന്ധ്രക്കാരിയായ വിജയലക്ഷ്മി എന്ന ഗ്രാമീണസുന്ദരിയില്‍നിന്ന് സില്‍ക്ക് സ്മിതയിലേക്കുള്ള വളര്‍ച്ചയുടെ ആദ്യപടവുകളില്‍ എത്തിയിരുന്നതേ ഉള്ളൂ അന്നവര്‍. 'വളരെ പാവമായിരുന്നു ഞാന്‍ അറിയുന്ന സ്മിത. നാണംകുണുങ്ങിയും. പക്ഷേ, സിനിമ അവരെ എങ്ങനെ മാറ്റിയെടുത്തു എന്നു നോക്കൂ,' രാഘവന്റെ വാക്കുകള്‍.
ക്യാമറാമാന്‍ വിപിന്‍ദാസ് സംവിധാനം ചെയ്ത പ്രതിധ്വനി (1971) ആയിരുന്നു രാഘവന്‍-റാണിചന്ദ്ര ജോഡിയുടെ ആദ്യചിത്രം.

നായികാനായകരായും അല്ലാതെയും പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു ഇരുവരും. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി പ്രശസ്തിയുടെ ഔന്നത്യത്തില്‍ തിളങ്ങിനില്ക്കുമ്പോഴാണ് വിധി റാണിയെ തട്ടിയെടുത്തത്. 'ഇന്നും ആ മരണവാര്‍ത്ത വിശ്വസിക്കാനാവില്ല എനിക്ക്...' രാഘവന്‍ പറയുന്നു. '1976 ഒക്ടോബറിലാണെന്നാണ് ഓര്‍മ. ആദ്യ അമേരിക്കന്‍യാത്രയ്ക്ക് ഒരുങ്ങിനില്ക്കുകയാണ് ഞങ്ങള്‍. തിക്കുറിശ്ശി, ജമിനി ഗണേശന്‍, പിന്നെ ഞാനും. റാണിചന്ദ്രകൂടി എത്തിച്ചേര്‍ന്നാല്‍ ലിസ്റ്റ് പൂര്‍ണമായി. ഗള്‍ഫില്‍ നൃത്തപര്യടനത്തിനു പോയതാണ് റാണി. പുലര്‍ച്ചെയ്ക്കുള്ള ഫ്ളൈറ്റ് കയറാന്‍ തലേന്ന് അര്‍ധരാത്രിയോടെ റാണി എത്തുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, കാത്തിരുന്ന ഞങ്ങളെ തേടിയെത്തിയത് ഹൃദയം തകര്‍ക്കുന്ന ഒരു വാര്‍ത്തയാണ്. റാണിയും കുടുംബവും കയറിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം മുംബൈ വിമാനത്താവളത്തിനടുത്തു തകര്‍ന്നുവീണിരിക്കുന്നു. വിമാനത്തിലെ യാത്രക്കാരില്‍ ആരും രക്ഷപ്പെട്ടില്ല എന്നറിഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ചുപോയി. ആ ഞെട്ടലില്‍നിന്ന് മോചിതനാകാന്‍ ഏറെക്കാലം വേണ്ടിവന്നു എനിക്ക്...'
ശ്രീവിദ്യയാണ് ഓര്‍മയിലെ സുദീപ്തമായ മറ്റൊരു രൂപം.

അതിസൂക്ഷ്മഭാവങ്ങള്‍പോലും അനായാസം അവരുടെ മുഖത്തു മിന്നിമറയുന്നത് വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട് രാഘവന്‍. 'അസാമാന്യപ്രതിഭയുള്ള നടിയായിരുന്നു. അങ്ങേയറ്റം പ്രൊഫഷണലായ കലാകാരിയും. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി എന്തു ത്യാഗം സഹിക്കാനും വിദ്യ തയ്യാര്‍. അംബ, അംബിക, അംബാലിക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മ വരുന്നു. രണ്ടു പേജിലധികം വരുന്ന ഒരു ഡയലോഗ് മനഃപാഠമാക്കി പറയണം. പുരാണകഥയായതിനാല്‍ കടുകട്ടിപ്രയോഗങ്ങള്‍ നിറഞ്ഞ സംഭാഷണമാണ്. മലയാളിയല്ല വിദ്യ എന്നും ഓര്‍ക്കണം. എന്നാല്‍, ഒപ്പം അഭിനയിക്കുന്ന ഞങ്ങളെയൊക്കെ അമ്പരപ്പിച്ചുകൊണ്ട് ഒരൊറ്റ ടേക്കില്‍ അത് ഓക്കേ ആക്കി അവര്‍ പ്രോംപ്റ്ററുടെ സഹായംപോലുമില്ലാതെ.' അഭിനയത്തില്‍ വിദ്യയെ വെല്ലാന്‍ ഏറെപ്പേരുണ്ടായിരുന്നില്ല. പക്ഷേ, ജീവിതത്തില്‍ അവരുടെ കണക്കുകള്‍ പലതും പിഴച്ചു. നല്ലൊരു ഗായികകൂടിയായിരുന്നു ശ്രീവിദ്യ എന്നോര്‍ക്കുന്നു രാഘവന്‍.

വിദ്യയോടോപ്പമുള്ള ഗാനരംഗങ്ങളില്‍ ബേബി സംവിധാനം ചെയ്ത സപ്തസ്വരങ്ങളി (1974) ലെ എല്ലാ പാട്ടുകളും രാഘവന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. 'നാദസ്വരവിദ്വാനും ഗായകനുമായ അജയന്റെ റോളാണ് ആ സിനിമയില്‍ എനിക്ക്. വിദ്യ നര്‍ത്തകിയും. ജീവിതത്തില്‍ ഒരു സംഗീത ഉപകരണവും കൈകാര്യം ചെയ്യാന്‍ പഠിച്ചിട്ടില്ലാത്ത ഞാന്‍ അന്ന് നാമഗിരിപ്പേട്ട കൃഷ്ണന്റെ നാദസ്വരവാദനം സിനിമയില്‍ അവതരിപ്പിച്ചു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ജാനകി പാടിയ 'അനുരാഗനര്‍ത്തനത്തിന്‍ അരങ്ങേറ്റം...' എന്ന ഗാനത്തിനൊത്ത് വിദ്യ ചുവടുവെക്കുമ്പോള്‍ പശ്ചാത്തലത്തില്‍ നാദസ്വരം വായിക്കുന്നത് എന്റെ കഥാപാത്രമാണ്. നാദസ്വരക്കാരുടെ മുഖത്തെ പേശീചലനങ്ങളും ശരീരഭാഷയും സാമാന്യം വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.' മത്സരം എന്ന സിനിമയില്‍ അതിനു മുന്‍പുതന്നെ ക്ലാരിനറ്റ് കലാകാരനായി അഭിനയിച്ചിരുന്നതുകൊണ്ട് സപ്തസ്വരങ്ങളിലെ നാദസ്വരംവായന അത്ര വലിയൊരു വെല്ലുവിളിയായി തോന്നിയില്ല എന്നു കൂട്ടിച്ചേര്‍ക്കുന്നു രാഘവന്‍. 'നിരവധി കീകള്‍ ഉള്ള, അത്ര ലളിതമല്ലാത്ത ഉപകരണമാണ് ക്ലാരിനറ്റ്. അതു വിശ്വസനീയമായി കൈകാര്യം ചെയ്യുകയായിരുന്നു കൂടുതല്‍ ദുഷ്‌കരം.'

സപ്തസ്വരങ്ങളില്‍ 'സ്വാതിതിരുനാളിന്‍ കാമിനി', 'ശൃംഗാരഭാവനയോ' (ജയചന്ദ്രന്‍), 'രാഗവും താളവും' (യേശുദാസ്) എന്നീ ഗാനങ്ങളും പാടി അഭിനയിച്ചത് രാഘവന്‍തന്നെ. ജയചന്ദ്രന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ 'സ്വാതിതിരുനാളിന്‍ കാമിനി...' വീണ വായിച്ചാണ് പാടിയത്.

സത്യത്തില്‍ യേശുദാസിനു പാടാന്‍വേണ്ടി സ്വാമി ചിട്ടപ്പെടുത്തിയതായിരുന്നു ആ രാഗമാലിക. വിദേശപര്യടനത്തിലായിരുന്ന ദാസിനെ കുറെ നാള്‍ കാത്തിരുന്നു എല്ലാവരും. അദ്ദേഹം വരാന്‍ വൈകുമെന്ന ഘട്ടത്തിലാണ് ജയചന്ദ്രന് നറുക്കു വീണത്. എന്തായാലും ഗംഭീരമായിത്തന്നെ ജയചന്ദ്രന്‍ പാടി. യേശുദാസ് തിരിച്ചെത്തിയ ശേഷം റെക്കോഡ് ചെയ്തതാണ് 'രാഗവും താളവും' എന്ന ഗാനം. 'അര്‍ധശാസ്ത്രീയഗാനങ്ങള്‍ സിനിമയില്‍ പാടി അഭിനയിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം; സ്വരങ്ങള്‍ ഉള്ള ഗാനങ്ങള്‍ ആണെങ്കില്‍ വിശേഷിച്ചും. 'സ്വാതിതിരുനാളിന്‍...' അത്തരമൊരു ഗാനമായിരുന്നു. പിന്നെ കണ്ണുകള്‍ എന്ന ചിത്രത്തിലെ 'ഈശ്വരാ ജഗദീശ്വരാ...' ഇന്നോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നും. വലിയ കുഴപ്പമില്ലാതെ ആ പാട്ടുകള്‍ എങ്ങനെ പാടിയൊപ്പിക്കാന്‍ കഴിഞ്ഞു എന്ന്.'
രാമു കാര്യാട്ട് സംവിധാനം ചെയ്ത അഭയത്തിലെ 'ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം...' ആയിരിക്കണം പാടി അഭിനയിച്ചവയില്‍ ഏറ്റവും വെല്ലുവിളിയുയര്‍ത്തിയ ഗാനം. അഗാധമായ അര്‍ഥതലങ്ങളുള്ള മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ കവിത. കടിച്ചാല്‍ പൊട്ടാത്ത സംസ്‌കൃതപദങ്ങളുടെ ഒരു ഘോഷയാത്രതന്നെയുണ്ട് അതില്‍. പക്ഷേ, ദക്ഷിണാമൂര്‍ത്തിസ്വാമി ഈണമിട്ട് യേശുദാസ് പാടിയപ്പോള്‍ അതെത്ര ലളിതസുന്ദരമായി മാറി എന്നു നോക്കുക!

പെരുമ്പടവം ശ്രീധരന്റെ പ്രശസ്ത നോവലായ അഭയത്തിലെ മുരളി എന്ന നായകകഥാപാത്രം യാദൃച്ഛികമായാണ് രാഘവനെ തേടിയെത്തിയത്. 'രാമു കാര്യാട്ടിനെ നേരത്തേ അറിയാം. ചെമ്മീന്‍ സിനിമ ആദ്യമായി വിജ്ഞാന്‍ഭവനില്‍ പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹം ഡല്‍ഹിയില്‍ വരുമ്പോള്‍ ഞാന്‍ അവിടെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ഥിയാണ്. സിനിമയോടുള്ള പ്രണയം മനസ്സില്‍ മൊട്ടിട്ടുതുടങ്ങിയിരുന്നതുകൊണ്ട് നേരിട്ട് അദ്ദേഹത്തെ ചെന്നുകാണും ഞാന്‍. അല്ലാത്തപ്പോള്‍ ഫോണില്‍ സംസാരിക്കും. വിഷയം സിനിമതന്നെ. ചെറിയ റോളുകള്‍ ചെയ്തുതുടങ്ങിയ നാളുകളിലൊരിക്കല്‍ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ഫോണ്‍ വന്നു. ചെന്നൈയില്‍ കണ്മണി ഫിലിംസിന്റെ ഓഫീസില്‍ ഉടന്‍ എത്തണം. അവിടെ ചെന്നപ്പോള്‍ വലിയൊരു മേശയ്ക്കപ്പുറത്ത്, ഒരു കെട്ട് കടലാസുകള്‍ക്കു മുന്നില്‍ പ്രശസ്തമായ തന്റെ താടി തടവിക്കൊണ്ട് രാമു കാര്യാട്ട് ഇരിക്കുന്നു. പുതിയ പടത്തിന്റെ സ്‌ക്രീന്‍പ്ലേ എഴുതിവെച്ച ഒന്നുരണ്ടു ഷീറ്റ് കടലാസ് എനിക്കു വായിക്കാന്‍ തന്നു അദ്ദേഹം. അഭിപ്രായം അറിയാന്‍വേണ്ടിയാകും എന്നാണ് ഞാന്‍ കരുതിയത്. വിശദമായി വായിച്ചുതീര്‍ന്നപ്പോള്‍ കാര്യാട്ടിന്റെ ചോദ്യം: 'ഇതിലെ നായകനായ മുരളി എങ്ങനെയുണ്ട്? ആ കഥാപാത്രം ആരു ചെയ്താല്‍ നന്നാകും?' ഞാന്‍ പറഞ്ഞു: 'നല്ല ഡെപ്ത്തുള്ള ക്യാരക്ടറാണ്; സാധാരണക്കാര്‍ക്കു ചെയ്യാന്‍ പറ്റില്ല. അസാമാന്യ കഴിവുള്ള, ഇരുത്തംവന്ന ഒരു നടനേ അത് അവതരിപ്പിക്കാന്‍ പറ്റൂ.'

ഒരു നിമിഷം മുന്നിലിരിക്കുന്ന യുവാവിന്റെ മുഖത്തു നോക്കി കാര്യാട്ട് ഒറ്റച്ചോദ്യം: 'എന്നാല്‍പ്പിന്നെ രാഘവനു ചെയ്തുകൂടേ?' തീര്‍ത്തും അപ്രതീക്ഷിതമായ പ്രതികരണമായിരുന്നതുകൊണ്ട് ആദ്യം ഒന്നും മിണ്ടാന്‍ പറ്റിയില്ല എന്നോര്‍ക്കുന്നു രാഘവന്‍. മനസ്സാന്നിധ്യം വീണ്ടെടുത്ത ശേഷം പറഞ്ഞു: 'എനിക്ക് അതിനുള്ള കഴിവുണ്ടോ എന്നറിയില്ല. എങ്കിലും ഞാന്‍ ചെയ്യാം.' ആ മറുപടി കാര്യാട്ടിനെ സന്തോഷിപ്പിച്ചു എന്നു തോന്നുന്നു. സഹായിയായ ഗൗതമനെ മുറിയിലേക്ക് വിളിച്ചുവരുത്തി അപ്പോള്‍ത്തന്നെ കാര്യാട്ട് പ്രഖ്യാപിച്ചു: 'എന്റെ മുരളിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ പോകുന്നത് ഇദ്ദേഹമാണ്. അയാം വെരി ഹാപ്പി...'

രാഘവന്റെ അഭിനയജീവിതത്തിലെ ആദ്യ വഴിത്തിരിവായിരുന്നു അഭയം. പലതുകൊണ്ടും വ്യത്യസ്തമായ ചിത്രം. പെരുമ്പടവത്തിന്റെ കഥ. എസ്.എല്‍. പുരം സദാനന്ദന്റെ തിരക്കഥയും സംഭാഷണവും. കവിതകള്‍ മാത്രം ഉപയോഗിച്ച മലയാളത്തിലെ അപൂര്‍വം ചിത്രങ്ങളിലൊന്നായിരുന്നു അഭയം. വള്ളത്തോളിന്റെ 'നമ്മുടെ മാതാവ്' (ലതാ രാജു), സുഗതകുമാരിയുടെ 'പാവം മാനവഹൃദയം' (സുശീല), കുമാരനാശാന്റെ 'മാറ്റുവിന്‍ ചട്ടങ്ങളെ' (എം.ജി. രാധാകൃഷ്ണന്‍), ജി. ശങ്കരക്കുറുപ്പിന്റെ 'ശ്രാന്തമംബരം' (യേശുദാസ്), 'നീരദലതാഗൃഹം' (ജാനകി), 'എരിയും സ്നേഹാര്‍ദ്രമാം' (പി. ലീല), ചങ്ങമ്പുഴയുടെ 'ചുംബനങ്ങളനുമാത്രം' (ജയചന്ദ്രന്‍), വയലാറിന്റെ 'കാമക്രോധലോഭമോഹമദമാത്സര്യങ്ങള്‍' (ജയചന്ദ്രന്‍, പി. ലീല), പി. ഭാസ്‌കരന്റെ 'രാവു പോയതറിയാതെ' (സുശീല), ശ്രീകുമാരന്‍തമ്പിയുടെ 'താരത്തിലും തരുവിലും' (ദക്ഷിണാമൂര്‍ത്തി) എന്നിങ്ങനെ കഥാഗതിയുമായി ഇണങ്ങിച്ചേര്‍ന്ന് ഒഴുകുന്ന ഒട്ടനവധി കാവ്യശകലങ്ങള്‍.

'ഏറ്റവും വലിയ ദുഃഖം ആ ചിത്രത്തിന്റെ നെഗറ്റീവ് കത്തിപ്പോയതാണ്. നമ്മുടെ ലാബുകളുടെ ശോച്യാവസ്ഥ വെളിപ്പെടുത്തുന്ന അനേകം സംഭവങ്ങളിലൊന്ന്,' രാഘവന്‍ പറയുന്നു. 'കാലത്തിനു മുന്‍പേ പിറന്ന പടമായിരുന്നു അഭയം. അതുകൊണ്ടുതന്നെ ഇറങ്ങിയ കാലത്ത് അര്‍ഹിച്ച സ്വീകാര്യത നേടാന്‍ കഴിഞ്ഞില്ല ആ ചിത്രത്തിന്. പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ചായം എന്ന സിനിമയ്ക്കു സംഭവിച്ചതും അതുതന്നെ. ഇന്നത്തെ ഏതു ന്യൂജനറേഷന്‍ പടത്തെയും അതിശയിക്കുന്ന കഥാതന്തുവായിരുന്നു ചായത്തിന്റെത്.'

ചെമ്പരത്തിക്കുശേഷം മേനോന്‍ സംവിധാനം ചെയ്ത ചായത്തില്‍ സുധീറായിരുന്നു നായകന്‍. മലയാളത്തില്‍ ആരും അതുവരെ കൈവെക്കാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത ഈഡിപ്പസ് കോംപ്ലക്സാണ് മേനോന്‍ തന്റെ സിനിമയ്ക്കു തിരഞ്ഞെടുത്ത വിഷയം. അമ്മയാണെന്നറിയാതെ അമ്മയെ പ്രാപിക്കാന്‍ ശ്രമിക്കുന്ന മകന്റെ കഥ. അത്തരമൊരു ആശയം ആര്‍ജവത്തോടെ സ്വീകരിക്കാനുള്ള പക്വത കൈവരിച്ചിരുന്നില്ല അന്നത്തെ സാധാരണ പ്രേക്ഷകര്‍ എന്നു വിശ്വസിക്കുന്നു രാഘവന്‍. 'മേനോന്റേതു തികച്ചും പ്രവചനാതീതമായ ശൈലിയായിരുന്നു. മറ്റു സംവിധായകര്‍ക്ക് അനിവാര്യം എന്നു തോന്നുന്ന ഘടകങ്ങള്‍ സ്വന്തം സിനിമകളില്‍നിന്ന് ഒഴിവാക്കും അദ്ദേഹം. മറ്റുള്ളവര്‍ ഒഴിവാക്കുന്നവ ചിലപ്പോള്‍ സ്വീകരിച്ചെന്നും ഇരിക്കും.' രണ്ടു ഗാനരംഗങ്ങളില്‍ മാത്രമേ ചായത്തില്‍ രാഘവന്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ, അതും തെരുവുഗായകനായി. 'അവയിലൊന്ന് വയലാര്‍-ദേവരാജന്‍ സഖ്യത്തിന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി മാറി എന്നത് എന്റെ സുകൃതം.'

'അമ്മേ അമ്മേ അവിടുത്തെ മുന്‍പില്‍ ഞാനാര്, ദൈവമാര്...' മാതൃത്വത്തെക്കുറിച്ച് ഇതിലും ഹൃദയസ്പര്‍ശിയായ ഒരു ഗാനം ഏതെങ്കിലും ഭാഷയില്‍ വന്നിട്ടുണ്ടോ? സംശയമാണ്. വയലാറിനും ഏറെ പ്രിയപ്പെട്ട ഗാനമായിരുന്നു അതെന്നു കേട്ടിട്ടുണ്ട്. പാട്ടുപാടി റെക്കോഡ് ചെയ്ത അയിരൂര്‍ സദാശിവന്‍ എന്ന ഗായകന്‍ അയവിറക്കുന്ന ഒരു അനുഭവംകൂടി രാഘവന്റെ വാക്കുകളോടു ചേര്‍ത്തുവായിക്കാം നമുക്ക്: 'സിനിമയ്ക്കുവേണ്ടി രചിക്കപ്പെട്ട ഗാനമായിരുന്നില്ല അത്. വയലാര്‍ അമ്മയ്ക്കു സമര്‍പ്പിച്ച കവിതയായിരുന്നു. പിന്നീട് ചായം എന്ന സിനിമയില്‍ ആ കവിത ഉള്‍പ്പെടുത്താന്‍ വേണ്ടി ഒരു കഥാസന്ദര്‍ഭം സൃഷ്ടിച്ചു എന്നു മാത്രം. എത്രയോ തവണ എന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി അമ്മയുടെ അടുത്തിരുത്തി ആ വരികള്‍ പാടിച്ചിട്ടുണ്ട് വയലാര്‍. പാട്ടിന്റെ റെക്കോഡ് വെച്ച് കേള്‍ക്കുന്നതിനെക്കാള്‍ ആ ഗാനം ഞാന്‍ പാടിക്കേള്‍ക്കാനാഗ്രഹിച്ചു വയലാറിന്റെ അമ്മ.'

Read Entire Article