നായകനാവാൻ ശ്രമിച്ചിട്ടില്ല; പേരുദോഷം കേൾപ്പിക്കാത്ത നടൻ എന്ന് അറിയപ്പെടണം- രാജേഷ് മാധവൻ

6 months ago 7

നെല്ലിക്കച്ചാക്കുമായി പോയ ജയശങ്കര്‍ കാരിമുട്ടത്തിന്റെ കഥാപാത്രത്തെ ഇടിച്ചിട്ടുപോയ സൈക്കിളുകാരനായാണ് രാജേഷിനെ മലയാളി സിനിമാ പ്രേക്ഷകര്‍ ആദ്യം ഓര്‍ക്കുക. ശ്രദ്ധേയമായ വേഷങ്ങളിലൂടേയും ക്യാമറയ്ക്ക് പിന്നിലും പ്രവര്‍ത്തിച്ച് രാജേഷ് ഇന്ന് മലയാള സിനിമയില്‍ ഒരുപാട് ദൂരം മുന്നോട്ടുസഞ്ചരിച്ചു. ‘മരണമാസി’ലെ എസ്‌കെയെന്ന ശ്രീകുമാറായും ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലും അതിന്റെ സ്പിന്‍ ഓഫിലും സുരേശനായും മലയാളിക്ക് പ്രിയപ്പെട്ട നടനായി രാജേഷ് മാറി. മമ്മൂട്ടി ചിത്രം 'ഭീഷ്മപര്‍വ്വ'ത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ദേവദത്ത് ഷാജി സംവിധാനംചെയ്ത 'ധീരന്‍' എന്ന ചിത്രത്തില്‍ ഇപ്പോള്‍ ടൈറ്റില്‍ റോളില്‍ നായകനായി കൈയടി നേടുകയാണ് രാജേഷ് മാധവൻ. 'ധീരന്റെ' പശ്ചാത്തലത്തില്‍ രാജേഷ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിച്ചതില്‍നിന്ന്…

‘ടൈറ്റില്‍ റോള്‍ ചെയ്യാന്‍ മടിച്ചിരുന്നു’

'ധീരനി'ലെ ടൈറ്റില്‍ റോളിലേക്ക് മറ്റ് ആളുകളേയും അവര്‍ പരിഗണിച്ചിരുന്നു എന്നാണ് അറിഞ്ഞത്. ഒടുവില്‍ അത് എന്നിലേക്ക് എത്തുകയായിരുന്നു. ടൈറ്റില്‍ ക്യാരക്ടര്‍ ആണെന്ന് കേട്ടപ്പോള്‍ ഒന്ന് മടിച്ചുനിന്നിരുന്നു. എന്നാല്‍, നിര്‍മാതാക്കളായ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ഈ വേഷം രാജേഷ് ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞു. ആ ധൈര്യത്തിലാണ് ആ റോള്‍ ഏറ്റെടുത്തത്.

സംവിധായകന്‍ ദേവദത്ത് ഷാജി ആദ്യമായി പ്രവര്‍ത്തിച്ച സിനിമയില്‍ ഞാനുമുണ്ടായിരുന്നു. ആ ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. ദേവന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം മുതല്‍ ഞാന്‍ കാണുന്നുണ്ട്. അതും വേഷം ഏറ്റെടുക്കാന്‍ കാരണമായി.

കുമ്പളങ്ങി നൈറ്റ്‌സിന്റെ പ്രൊഡക്ഷന്‍ സമയത്താണ് ദേവദത്തിനെ പരിചയപ്പെടുന്നത്. എനിക്കറിയാവുന്ന ദേവദത്ത് ചെറുതായിരുന്നു, കുറച്ച് കുട്ടിത്തമൊക്കെയുള്ള ആളായിരുന്നു. സ്വതന്ത്രസംവിധായകനാകുന്ന സമയമാവുമ്പോഴേക്ക് ദേവദത്ത് ഒരുപാട് പക്വതനേടിയിട്ടുണ്ട്. പല കാര്യങ്ങളേയും നോക്കികാണുന്ന രീതി മാറിയിട്ടുണ്ട്. ഒരു സംവിധായകന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തുവന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്.

ഫൺ റൈഡാണ് ധീരൻ’

ചിത്രത്തിന്റെ കഥാപാത്രങ്ങളുടെ ലൈനപ്പ് കാണുമ്പോള്‍, ആളുകള്‍ എന്താണോ പ്രതീക്ഷിച്ചിരുന്നത്, അത്തരത്തിലുള്ള സ്വീകാര്യത തന്നെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് മനസിലാവുന്നത്. ഫണ്‍ റൈഡാണ് സിനിമ. ആളുകള്‍ തീയേറ്ററില്‍ സിനിമ ആസ്വദിക്കുന്നുണ്ട്.

വലിയ നായകനടന്മാരില്ലാത്തതിനാല്‍ കുഞ്ഞു സിനിമയായാണ് ചിത്രം തീയേറ്ററില്‍ വന്നത്. ലഭിച്ചുകൊണ്ടിരിക്കുന്ന നല്ല അഭിപ്രായങ്ങള്‍ കൂടുതൽ ആളുകളെ പതിയെ തീയേറ്ററില്‍ എത്തിക്കുന്നുണ്ട്. അത് കാണുമ്പോള്‍ വലിയ സന്തോഷം. ഇപ്പോഴാണ് തീയേറ്ററുകള്‍ നിറഞ്ഞുതുടങ്ങിയത്.

കുറച്ചുകൂടെ ആളുകള്‍ തുടക്കം മുതല്‍ തന്നെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. തീയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണെന്ന അഭിപ്രായം വന്നതിനെത്തുടര്‍ന്ന് ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ വരുന്നുണ്ട്. സിനിമയില്‍ എല്ലാം നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെയാവണമെന്നില്ല എന്ന് ഇതുവരേയുമുള്ള അനുഭവത്തില്‍ നിന്ന് മനസിലായിട്ടുണ്ട്.

‘ധീരനിലേക്ക് ആകർഷിച്ചത് കഥ’

ദേവന്റെ മുന്‍പത്തെ ഷോര്‍ട്ട് ഫിലിമുകളും കഥകളും എല്ലാം അറിമായിരുന്നു. അവന്റെ കഥകള്‍ കേള്‍ക്കാറുണ്ടായിരുന്നു. അവന് വളരെ പരിചയമുള്ള ഗ്രാമപരിസരത്ത്, അവന്റെ നാട്ടില്‍തന്നെ നടക്കുമായിരുന്നെങ്കില്‍ എങ്ങനെയാവും എന്ന രീതിയിലാണ് ‘ധീരന്‍’ ക്രാഫ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ദേവന്‍ ഓരോ സീനും വിശദീകരിക്കുമ്പോള്‍ അവ നന്നായി റിലേറ്റ് ചെയ്യാന്‍ പറ്റും. കഥ എനിക്ക് ഇഷ്ടമായി. അതാണ് ഞങ്ങളെ എല്ലാവരേയും ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്.

90's ബാച്ച് റീ യൂണിയൻ

ജഗദീഷ്, അശോകന്‍, മനോജ് കെ. ജയന്‍, സുധീഷ്, വിനീത് എന്നീ സീനിയേഴ്‌സിന്റെ കൂടെ അഭിനയിക്കുന്നത് മികച്ച അനുഭവമായിരുന്നു. ഇത്രേയും സീനിയേഴ്‌സ് ആയ താരങ്ങള്‍ക്കൊപ്പം ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായാണ്. അവര്‍ ഒരു ഗ്രൂപ്പ് തന്നെയായിരുന്നു. കാലങ്ങളായി തമ്മില്‍ ബന്ധം കാത്തുസൂക്ഷിക്കുന്ന, സൗഹൃദമുള്ള ആളുകള്‍. നമുക്കും പെട്ടെന്നുതന്നെ അതിലേക്ക് കൂടിച്ചേരാന്‍ പറ്റി. സീനിയേഴ്‌സ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ ഭയങ്കര യങ് ടീമാണ്, യങ് വൈബാണ്. അവർക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ പറ്റുമോ എന്ന് മാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. സെറ്റില്‍ നല്ല എനര്‍ജിയായിരുന്നു.

എൽദോസ്, എൽദോസിന്റെ ഭാഷ

ദേവന്റെ ഒരുപാട് സുഹൃത്തുക്കള്‍ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. പനച്ചിയം ഗ്രാമത്തില്‍ തന്നെയായിരുന്നു ഷൂട്ടിങ്ങും. ആദ്യം കഥകേള്‍ക്കുമ്പോള്‍ ഒരു ഇമേജ് വരും. പിന്നീട് അവിടെപ്പോയി ലൊക്കേഷനും ആ ഗ്രാമവും എല്ലാം കാണുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. ദേവന്റെ നാട്ടില്‍ തന്നെയായിരുന്നതുകൊണ്ട്, അവന്റെ സുഹൃത്തുക്കളുമായി ഇടപഴകാന്‍ അവസരം ലഭിച്ചു. അങ്ങനെയാണ് പതിയെ കഥാപാത്രമായി മാറിയത്.

കോമഡി- കാരിക്കേച്ചര്‍ ടൈപ്പ് കഥാപാത്രങ്ങളിലൂടെയാണ് ആളുകള്‍ക്ക് എന്നെ പരിചയം. ആ ഏരിയയില്‍നിന്ന് പൂര്‍ണമായും മാറിനില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

നടന്‍ എന്ന നിലയില്‍ എല്ലാ സ്ലാങ്ങുകളും ഡയലക്ടുകളും അറിഞ്ഞിരിക്കണം എന്ന് എല്ലാവരുടേയും ആഗ്രഹമായിരിക്കും. അതിനുവേണ്ടി പരിശ്രമിക്കും. അതിന്റെ ഭാഗമായിക്കൂടിയാണ് ‘ധീരന്‍’ ചെയ്തത്. കാസർകോടുകാരനായ എനിക്ക് മലബാറില്‍, കോഴിക്കോട് വരേയുള്ള ഭാഷ നന്നായി സംസാരിക്കാന്‍ കഴിഞ്ഞേക്കും. അവിടുന്ന് മറ്റ് ജില്ലകളിലേക്ക് എത്തുമ്പോഴുള്ള ഭാഷ സംസാരിക്കാന്‍ അതിന്റേതായ ബുദ്ധിമുട്ട് ഉണ്ടാവും. ഒറിജിനലിലേക്ക് എത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുക എന്നേ ചെയ്യാന്‍ കഴിയൂ. ഞാന്‍ ഒരു മലബാറുകാരനാണ്, മലയാറ്റൂരിലെ പനച്ചിയം ഗ്രാമത്തിലെ ഭാഷയിലേക്ക് എത്താന്‍ അത്ര എളുപ്പമല്ല. ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ചിലപ്പോള്‍ അത് വര്‍ക്കാവും. പലതരം ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

സിനിമയില്‍ എനിക്ക് പൊതുവേ സംഭാഷണങ്ങള്‍ കുറവായിരുന്നു. ദേവനും ആബേലും ഉള്‍പ്പെടെയുള്ള ഒരു ടീമാണ് കാര്യങ്ങൾ പറഞ്ഞുതന്നത്. സ്ലാങ്ങുകളൊക്കെ പറഞ്ഞുതരാന്‍ ദേവന്റെ സുഹൃത്തുക്കള്‍ തന്നെയായിരുന്നു കൂടെയുണ്ടായിരുന്നത്. അവരോട് സംസാരിച്ചതിൽനിന്ന്, ഏകദേശം ഇങ്ങനെയായിരിക്കും എന്ന ഉദ്ദേശത്തില്‍ചെയ്യുന്നതാണ്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹവുമുണ്ട്.

എൽദോസിന്റെ പനച്ചിയം, ദേവദത്തിന്റേയും

എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തമായ ക്യാരക്ടര്‍ ആര്‍ക്കുണ്ടാവണമെന്നത് ദേവന് സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ നിര്‍ബന്ധമുണ്ടായിരുന്നു. ഓരോ കഥാപാത്രത്തെക്കുറിച്ചും പ്രേക്ഷകര്‍ക്ക് ചിന്തിച്ചെടുക്കാന്‍ കഴിയുന്ന തരത്തിൽ എന്തെങ്കിലും ഉൾക്കൊള്ളിക്കാൻ അവന്‍ ശ്രദ്ധിച്ചിരുന്നു. ദേവന്‍ എവിടെയെങ്കിലും കണ്ടിട്ടുള്ളതോ, പരിചയമുള്ളതോ ആയ ആളുകള്‍ തന്നെയാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും. നമുക്ക് വിശദീകരിച്ചുതരുമ്പോഴും ആ ക്ലാരിറ്റിയുണ്ടായിരുന്നു. എല്ലാം ഭയങ്കര രസമുള്ള കഥാപാത്രങ്ങളാണ്.

‘കൂടെ അഭിനയിക്കുന്നവരും സ്വാധീനിക്കും’

കഥയും ആ പരിസരത്തിലേക്കും എത്തുമ്പോള്‍, എല്‍ദോസ് എന്താണെന്ന് കൂടുതല്‍ വ്യക്തമായി വരും. നമ്മള്‍ സീനില്‍ ഇല്ലാത്ത, പൂര്‍വ്വകാലത്തെ കഥകളുമായും കണക്ട് ചെയ്യാന്‍ ശ്രമിക്കും. അങ്ങനെയൊക്കെയാണ് ആ കഥാപാത്രമായി മാറിയത്.

കൂടെ അഭിനയിച്ചവരും നമ്മളെ സ്വാധീനിക്കും. അത്തരമൊരു കഥാപാത്രമായി മാറുക ഒറ്റയ്ക്ക് സാധിക്കുന്നതല്ല. മുന്നില്‍നില്‍ക്കുന്ന ആളും അങ്ങനെ പരിഗണിക്കുമ്പോള്‍ മാത്രം കിട്ടുന്ന കാര്യമാണത്. എതിരേ നില്‍ക്കുന്ന അഭിനേതാവ്‌ എത്രമാത്രം വൈബ് തരുന്നുണ്ടോ, അതുപോലെയാണ് നമ്മുടെ പ്രകടനവും പുറത്തേക്ക് വരിക. ജഗദീഷേട്ടനും മനോജേട്ടനും സിദ്ധാര്‍ഥ് ഭരതനും അഭിറാമിനും ഒപ്പമാണ് സീനുകള്‍ കൂടുതല്‍. അമ്മയും പെങ്ങളുമാണ് പിന്നെ സിനിമയില്‍ അടുത്ത ബന്ധമുള്ളവരായി കാണിക്കുന്നത്. നല്ല അഭിനേതാക്കളാണ് അവര്‍. നമ്മളും നന്നാവണമെന്ന്‌ അവരും ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയുള്ള അഭിനേതാക്കളുടെ കൂടെ അഭിനയിക്കുമ്പോഴാണ് നല്ല പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്നത്.

എൽദോസും സുരമ്യയും

ചിത്രത്തിൽ അശ്വതി മനോഹരൻ അവതരിപ്പിക്കുന്ന സുരമ്യ എന്ന കഥാപാത്രവും എൽദോസും തമ്മിലുള്ള ബന്ധത്തിന്റെ രാഷ്ട്രീയം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുമെന്ന് കരുതിയിരുന്നില്ല. സമൂഹത്തില്‍ ഉള്ള കാര്യങ്ങള്‍ തന്നെയാണ് ആ ബന്ധത്തിലൂടെ പറയാന്‍ ശ്രമിച്ചത്. അത് സംസാരിക്കപ്പെടേണ്ടതുതന്നെയാണ്, നന്നായി തന്നെ സംസാരിച്ചിട്ടുമുണ്ട്. അതിനുവേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്തു എന്ന് തോന്നിയിട്ടില്ല. സ്വാഭാവികമായി സംഭവിക്കുകയായിരുന്നു. എങ്ങനെ എന്തെങ്കിലുമൊക്കെ സിനിമകളില്‍ പറയണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്, ചര്‍ച്ചയാവുന്നെങ്കില്‍ ചര്‍ച്ചയാവട്ടെ.

‘പേരുദോഷം കേൾപ്പിക്കാത്ത നടൻ എന്നറിയപ്പെടണം’

സിനിമയായിരുന്നു ഭയങ്കരമായി ആഗ്രഹിച്ചിരുന്നത്. നടന്‍ ആവണമെന്നതിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. സിനിമയിലെ യാത്രയ്ക്കിടെ സ്വാഭാവികമായി സംഭവിച്ചതാണ് അത്. ആളുകള്‍ മോശമൊന്നും പറയാത്തിടത്തോളം പേരുദോഷം കേള്‍പ്പിക്കാത്ത, നല്ല നടന്‍ എന്ന രീതിയില്‍ തന്നെ അറിയപ്പെടണം എന്നുണ്ട്. അതിനാണ് ശ്രമിക്കുന്നത്. നായകനടനാവാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല, സ്വന്തമായി ശ്രമിക്കുകയുമില്ല.

സംവിധായകനാകുന്നു

സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമ പൂര്‍ത്തിയായി. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒരു നായ കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായി വരുന്ന ചിത്രമാണത്. ഒരു നാട്ടിൽ നടക്കുന്ന സംഭവത്തെത്തുടർന്നുണ്ടാവുന്ന കോലാഹലങ്ങളുമായി ബന്ധപ്പെട്ടുള്ള കഥയാണ് ചിത്രം പറയുന്നത്. 100-ഓളം പുതുമുഖങ്ങളും 500-ഓളം മൃഗങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.. ഇത്രയുമാണ് ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയുന്നത്.

നടനായി മലയാളത്തിലും തമിഴിലുമായി ഏതാനും ചിത്രങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. റോഷന്‍ മാത്യു സംവിധാനംചെയ്ത് ‘ബൈ ബൈ ബൈപാസ്’ നാടകത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞു. നാടകം ഇഷ്ടപ്പെട്ട മേഖലയാണ്. നാടകത്തില്‍ അഭിനയിക്കുന്നത് തുടരും.

Content Highlights: Rajesh Madhavan`s travel from supporting roles to his pb relation successful `Dheeran`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article