നായികയല്ലെങ്കിലും നല്ല കഥാപാത്രമാണെങ്കിൽ ചെയ്തിരിക്കും, മലയാളം ഇഷ്ടപ്പെടാൻ കാരണമുണ്ട് -റെജിന കസാൻഡ്ര

6 months ago 6

Regina Cassandra

റെജിന കസാൻഡ്ര | ഫോട്ടോ: അറേഞ്ച്ഡ്

മിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച നടിയാണ് റെജിന കസാൻഡ്ര. അഭിനയരം​ഗത്തെത്തി 20 വർഷമാവുമ്പോൾ ശക്തമായ ഒരു വേഷത്തിലൂടെ അവർ മലയാളത്തിലേക്കും എത്തുകയാണ്. മുരളി ​ഗോപിയുടെ തിരക്കഥയിൽ ജി.എൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന അനന്തൻ കാട് എന്ന ചിത്രത്തിലൂടെയാണ് റെജിനയുടെ മലയാള അരങ്ങേറ്റം. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാറാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലേക്ക് കടന്നുവരുന്നതിനേക്കുറിച്ച് റെജിന കസാൻഡ്ര മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

മലയാളത്തിലെത്താൻ വൈകിയോ?

മലയാളത്തിലെത്താൻ വൈകി എന്ന് തോന്നുന്നില്ല. ഈ സിനിമയുടെ കഥ തന്നെയാണ് ഏറെ ഇഷ്ടപ്പെട്ടത്. പൊളിറ്റിക്കൽ ഡ്രാമയാണ്. മലയാളസിനിമയാണെങ്കിലും തമിഴിൽ നിന്നടക്കം ഒരുപാട് താരങ്ങൾ വേഷമിട്ടിട്ടുണ്ട് ചിത്രത്തിൽ. പാൻ ഇന്ത്യൻ കാസ്റ്റിങ് എന്നും പറയാം. സംവിധായകൻ ജി.എൻ കൃഷ്ണകുമാർ കഥ പറയുമ്പോൾത്തന്നെ ഈ സിനിമ ചെയ്യണമെന്ന് വിചാരിച്ചിരുന്നു. ​ഗസ്റ്റ് അപ്പിയറൻസ് പോലെയുള്ള കഥാപാത്രമാണ് എന്റേത്. അത് നന്നായി വന്നിട്ടുമുണ്ട്.

അനന്തൻ കാട് എന്ന ചിത്രത്തിലെ കഥാപാത്രത്തേക്കുറിച്ച് ഇപ്പോൾ പറയാൻ പറ്റുന്ന വിവരങ്ങളെന്തെല്ലാം?

ഒരു നടിയുടെ വേഷമാണ് ചെയ്യുന്നത്. അത്രയുമേ ഇപ്പോൾ പറയാൻപറ്റൂ. ശ്രീദേവിയെപ്പോലൊരു കഥാപാത്രം എന്നാണ് കഥ ചർച്ച ചെയ്യുമ്പോൾ പറഞ്ഞത്. ഒരു നൃത്തരം​ഗമുണ്ട്. ബാബാ ഭാസ്കർ മാസ്റ്ററാണ് നൃത്തസംവിധായകൻ. തമിഴ്-മലയാളം ബൈലിം​ഗ്വൽ മൂവിയാണിത്.

സംവിധായകൻ ജി.എൻ കൃഷ്ണകുമാർ, തിരക്കഥാകൃത്ത് മുരളി ​ഗോപി എന്നിവരെക്കുറിച്ച് പറയാമോ?

വളരെ സോഫ്റ്റായ ഒരു സംവിധായകനാണ് കൃഷ്ണകുമാർ. എല്ലാം വിശദമായി പറഞ്ഞുതരും. പെർഫെക്ഷനിസ്റ്റാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഈ ക്വാളിറ്റി എനിക്ക് വളരെ ഇഷ്ടമാണ്. മുരളി ​ഗോപിയോടൊത്ത് കോമ്പിനേഷൻ സീനൊന്നും ഉണ്ടായിരുന്നില്ലെങ്കിലും എന്റെ രം​ഗങ്ങൾ ചെയ്യുമ്പോൾ അദ്ദേഹവും സെറ്റിലുണ്ടായിരുന്നു. സംവിധായകനൊപ്പം ക്യാമറയ്ക്ക് പിന്നിലാണ് അദ്ദേഹം ഉണ്ടായിരുന്നത്.

ആദ്യത്തെ മലയാള സിനിമയാണ്. ഭാഷ ഏതെങ്കിലും തരത്തിൽ വെല്ലുവിളിയായിരുന്നോ?

ഭാഷയെ വെല്ലുവിളിയായി ഒരിക്കലും കണ്ടിട്ടില്ല. തിരക്കഥ നേരത്തേ വായിക്കാൻ തന്നിരുന്നു. ഷൂട്ടിന് മുൻപേ അതെല്ലാം മനഃപാഠമാക്കിയിരുന്നു. അസിസ്റ്റന്റ് ഡയറക്ടർക്കൊപ്പമിരുന്ന് സംഭാഷണങ്ങൾ പഠിച്ചു. അദ്ദേഹം ഒരു ഡയലോ​ഗ് പത്തുതവണ പറയുമ്പോൾ ‍ഞാൻ ഇരുപത് തവണ പറയും. ഇങ്ങനെ ചെയ്യുന്നത് എനിക്ക് വളരെയിഷ്ടമാണ്. പ്രത്യേകിച്ച് ഒരു പുതിയ ഭാഷ പഠിക്കാനിടയാവുമ്പോൾ. എന്റെ രം​ഗങ്ങളിൽ പക്ഷേ വലിയ സംഭാഷണങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഡയലോ​ഗ് കോച്ചിങ് വേണ്ടിവന്നില്ല. അസിസ്റ്റന്റ് ഡയറക്ടർക്കൊപ്പമിരുന്ന് പഠിക്കുകയാണ് ചെയ്തത്.

റെജിന കസാൻഡ്ര

മലയാള സിനിമകൾ കാണാറുണ്ടോ?

റിയലിസ്റ്റിക്കായ ചിത്രങ്ങൾ വളരെ ഇഷ്ടമാണ്. എന്നാൽ അനന്തൻ കാട് ഒരു കൊമേഴ്സ്യൽ ചിത്രമാണ്. മലയാളം സിനിമകൾ കാണാനിഷ്ടമാണ്. ഇലവീഴാപൂഞ്ചിറ, കുമ്പളങ്ങി നൈറ്റ്സ്, ജോജി, സൂക്ഷ്മദർശിനി എന്നീ സിനിമകളൊക്കെ വളരെ ഇഷ്ടമാണ്. മലയാളമായാലും മറ്റേത് ഭാഷയിലുള്ള സിനിമയായാലും കാണുന്ന സമയത്ത് ഇങ്ങനെയൊരു വേഷം കിട്ടിയിരുന്നെങ്കിൽ എന്ന് ആലോചിക്കാറില്ല. എന്നാൽ നല്ല സിനിമയായിരുന്നാൽ ഇതുപോലെ നല്ലൊരു സിനിമ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിച്ചിട്ടുണ്ട്.

20 വർഷത്തെ സിനിമാ ജീവിതം പഠിപ്പിച്ചതെന്ത്?

ഇത്രയും കാലത്തിനിടയ്ക്ക് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. വ്യത്യസ്തമായ വേഷങ്ങൾ ചെയ്തു. അതിൽ നായികയും വില്ലത്തിയുമെല്ലാമുണ്ട്. വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ വളരെ ഇഷ്ടമാണ്. പക്ഷേ സങ്കടമുള്ള ഒരേയൊരു കാര്യം മലയാളത്തിൽനിന്ന് ഇതുവരെ ആരുമെന്നെ വിളിച്ചില്ല എന്നുള്ളതാണ്. മുൻപ് മോഹൻലാൽ സാറിനൊപ്പം ബി​ഗ് ബ്രദർ എന്ന ഒരു ചിത്രത്തിലേക്ക് അവസരം ലഭിച്ചിരുന്നെങ്കിലും എന്തോ ചില തിരക്കുകൾ കാരണം ചെയ്യാൻപറ്റിയില്ല. പക്ഷേ മലയാളത്തിൽനിന്ന് നല്ല അവസരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.

ജാട്ട് എന്ന ചിത്രത്തിൽ റെഡിന കസാൻഡ്ര

നായികവേഷം മാത്രമേ ചെയ്യൂ എന്ന് നിർബന്ധമില്ലാത്ത നടിയാണോ റെജിന? നെ​ഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങൾ എത്രമേൽ ആസ്വദിച്ചാണ് ചെയ്യാറ്?

നായികയല്ലെങ്കിലും നല്ല കഥാപാത്രമായിരുന്നാൽ ഞാൻ ചെയ്തിരിക്കും. ചില സമയത്ത് നായകനേക്കാൾ നല്ല രീതിയിൽ എഴുതപ്പെടുന്ന ചില കഥാപാത്രങ്ങളുണ്ട്. അത്തരം വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. പ്രാധാന്യമില്ലാത്ത, സൈഡ് റോളുകൾ ചെയ്യാൻ താത്പര്യമില്ല. ഉദാഹരണത്തിന് ജാട്ട് എന്ന ചിത്രം കണ്ട് ഞാനവതരിപ്പിച്ച ഭാരതി എന്ന കഥാപാത്രത്തേക്കുറിച്ച് എല്ലാവരും ചർച്ച ചെയ്തിരുന്നു. അത്തരം കഥാപാത്രങ്ങളും ചെയ്യാൻ ഇഷ്ടമാണ്. തമിഴിൽ വിടാമുയർച്ചി എന്ന ചിത്രത്തിലും നെ​ഗറ്റീവ് ഷെയ്ഡുള്ള വേഷമായിരുന്നു. ഇന്ന് നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന അധികം നടിമാരില്ല. നായകൻ-നായിക എന്നതിലപ്പുറം പലതരം കഥാപാത്രങ്ങളെ എക്സ്പ്ലോർ ചെയ്യുന്ന ഇൻഡസ്ട്രിയാണ് മലയാളം. അതുകൊണ്ടാണ് മലയാളം സിനിമ എനിക്ക് ഏറെ പ്രിയപ്പെട്ടതാകുന്നത്.

അനന്തൻകാടിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ എങ്ങനെ വിശേഷിപ്പിക്കാം?

ഒത്തിരി കൊമേഴ്സ്യൽ ഘടകങ്ങളുള്ള സീരിയസ് പൊളിറ്റിക്കൽ ഡ്രാമ എന്ന് വിശേഷിപ്പിക്കാം അനന്തൻ കാട് എന്ന ചിത്രത്തെ. നിരവധി ലേയറുകളും ചിത്രത്തിനുണ്ട്.

പുതിയ ചിത്രം ഏതാണ്?

നിലവിൽ തമിഴിൽ സുന്ദർ. സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ -2 എന്ന ചിത്രമാണ് ചെയ്യുന്നത്. നയൻതാരയാണ് ടൈറ്റിൽ റോളിലെത്തുന്നത്. ഇതിലും വ്യത്യസ്തമായ വേഷമാണ്.

Content Highlights: Regina Cassandra makes her Malayalam debut successful `Ananthan Kaadu`, A governmental drama

ABOUT THE AUTHOR

മാതൃഭൂമി ഡോട്ട് കോമിൽ സീനിയർ കണ്ടന്റ് റൈറ്റർ. സിനിമ, യാത്ര, സംഗീതം ഇഷ്ടവിഷയങ്ങൾ

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article