കെ. ശരത്
10 September 2025, 08:37 AM IST

കുഞ്ഞിപ്പറമ്പ് ഗുഹ, പ്രതീകാത്മക ചിത്രം | Photo: Special Arrangement, Facebook/ Wayfarer Films
ശ്രീകണ്ഠപുരം: ഓണം റിലീസായെത്തി വൻ വിജയമായ 'ലോക ചാപ്റ്റർ വൺ-ചന്ദ്ര' സിനിമയിലെ നായികയ്ക്ക് സൂപ്പർ പവർ കിട്ടുന്ന ഗുഹയുള്ളത് പയ്യാവൂർ കുഞ്ഞിപ്പറമ്പിൽ. ഡൊമിനിക് അരുൺ സംവിധാനംചെയ്ത സിനിമയിലെ ഫ്ലാഷ് ബാക്ക് സീനിലാണ് ഗുഹയുടെ ഉൾവശം കാണിക്കുന്നത്. എറണാകുളത്തെ മറ്റൊരു ഗുഹയിലും ഈ സീനിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ഡിസംബറിലാണ് പയ്യാവൂരിലെ രംഗങ്ങൾ ചിത്രീകരിച്ചത്.
സഞ്ചാരികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത കുഞ്ഞിപ്പറമ്പ് ഗുഹ സിനിമ വൻ വിജയമായതോടെ സാമൂഹികമാധ്യമങ്ങളിൽ ചർച്ചാവിഷയമായി. നേരത്തേ 'കുമാരി' എന്ന സിനിമയും ഇവിടെ ഷൂട്ട് ചെയ്തിരുന്നു. പയ്യാവൂർ സ്വദേശി പി.ഉമ്മറിന്റെ സ്ഥലത്തുള്ള ഈ ഗുഹയ്ക്ക് ഏകദേശം 500 മീറ്റർ നീളമുണ്ട്. പ്രകൃതിദത്തമായി രൂപപ്പെട്ട ഗുഹയാണിത്. ശരാശരി അഞ്ചുമുതൽ 15 മീറ്റർ വരെ ഉയരമുണ്ട്. വീതി ഏകദേശം 10 മീറ്റർ.
ഗുഹയുടെ ചില ഭാഗങ്ങളിൽ ഉയരം ഒരുമീറ്റർ വരെ കുറയും. ചിലയിടത്ത് 15 മീറ്റർ വരെയുണ്ടാകും. ഒരുമീറ്റർ ഉയരമുള്ളിടത്ത് മുട്ടിൽ ഇഴഞ്ഞുവേണം പോകാൻ. ഇരുട്ട് മൂടിയ ഗുഹയിൽ ഏകദേശം 150 മീറ്റർ ഉള്ളിലേക്ക് നടന്നാൽ മുകളിൽ ഒരു വലിയ ദ്വാരം കാണാം. അതിൽനിന്ന് പ്രകാശം ഉള്ളിലേക്ക് പതിക്കുന്നതാണ് ഇവിടത്തെ പ്രത്യേകത. ഇൻസ്റ്റഗ്രാം റീലുകളിലും സഞ്ചാരികളുടെ വ്ലോഗിലും കുഞ്ഞിപ്പറമ്പ് ഗുഹ ഇടംപിടിച്ചിട്ടുണ്ട്.
കവാടം ഇടിഞ്ഞു, പ്രവേശനമില്ല
വേനൽക്കാലത്ത് നിരവധി സഞ്ചാരികളെത്തിയിരുന്ന ഗുഹയിൽ നിലവിൽ ആളുകൾക്ക് കയറാനാകില്ല. ഈ വർഷം ജൂലായിലെ കനത്ത മഴയിൽ ഗുഹയുടെ പ്രവേശനകവാടത്തിലെ മണ്ണിടിഞ്ഞതാണ് കാരണം. ഗുഹയിലേക്ക് ഇറങ്ങേണ്ട ഭാഗം മണ്ണ് മൂടിയ നിലയിലാണ്.
Content Highlights: Location of Lokah Chapter 1 Chandra Kunjiparamba Caves successful Kannur
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·