.jpg?%24p=a74c6dc&f=16x10&w=852&q=0.8)
രതീഷ്/ രേഖ രതീഷ്/ മമ്മൂട്ടി | Photo: peculiar arrangement/ instagram/ rekha ratheesh/ mathrubhumi
മമ്മൂട്ടി എന്ന പേരിനൊപ്പം കാതില്‍ മുഴങ്ങുന്ന ശബ്ദത്തിന് എന്നും യൗവനം. അഗാധഗാംഭീര്യമാര്‍ന്ന ആ ശബ്ദത്തില്‍ വന്നുനിറയാത്ത സൂക്ഷ്മ ഭാവങ്ങളും വികാരങ്ങളുമില്ല. ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞ ആ ശബ്ദം പ്രയോജനപ്പെടുത്താന്‍ മടിച്ചിരുന്നു ഒരിക്കല്‍ മലയാളസിനിമ. അരങ്ങേറ്റ ചിത്രമായ 'വില്‍ക്കാനുണ്ട് സ്വപ്നങ്ങ'ളില്‍ (1980) മമ്മൂട്ടി സംസാരിച്ചത് സ്വന്തം ശബ്ദത്തിലല്ല, രതീഷ് എന്ന ഡബ്ബിംഗ് കലാകാരന്റെ ശബ്ദത്തിലാണ്.
സിനിമ എന്ന സ്വപ്നത്തിന് പിന്നാലെ വര്‍ഷങ്ങളോളം അലയുകയും ഒടുവില്‍ ഒരുനാള്‍ അധികമാരുമറിയാതെ മാഞ്ഞുപോകുകയും ചെയ്ത തിരുവനന്തപുരം വഴുതക്കാട് സ്വദേശി രതീഷിനെ ചരിത്രം രേഖപ്പെടുത്തുക വെള്ളിത്തിരയില്‍ മമ്മൂട്ടിയുടെ ആദ്യശബ്ദം എന്ന പേരിലായിരിക്കും. ജീവിതാവസാനം വരെ രതീഷ് അഭിമാനത്തോടെ ഉള്ളില്‍ കൊണ്ടുനടന്ന അപൂര്‍വ സൗഭാഗ്യകഥ.
നടനായി മിന്നിമറഞ്ഞ 'അനുഭവങ്ങള്‍ പാളിച്ചകള്‍', 'കാലചക്രം' എന്നീ സിനിമകള്‍ക്കും വെളിച്ചം കാണാതെ പോയ 'ദേവലോക'ത്തിനും ശേഷം മലയാള സിനിമയിലെ മമ്മൂട്ടി യുഗത്തിന് തിരശ്ശീലയുയര്‍ന്നത് എം ആസാദ് സംവിധാനം ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങ'ളിലൂടെയാണ്. ആ സിനിമയിലെ മാധവന്‍കുട്ടി എന്ന എംടി കഥാപാത്രത്തെ കുറിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പ് മമ്മൂട്ടിക്ക് അയച്ചുകൊടുത്തത് നടനും ഗായകനുമായ കൃഷ്ണചന്ദ്രന്‍. ജിജ്ഞാസ കലര്‍ന്ന ഒരു ചോദ്യവുമുണ്ടായിരുന്നു ഒപ്പം: 'ആരായിരുന്നു ആ സിനിമയില്‍ മമ്മുക്കയുടെ ശബ്ദം?'
ഉടന്‍ വന്നു മമ്മൂട്ടിയുടെ മറുപടി: രതീഷ്. അഭിനയിച്ച ആദ്യ ചിത്രത്തിലെ ശബ്ദദാതാവിനെ മമ്മുക്ക എങ്ങനെ മറക്കാന്‍? രതീഷിനെ മാത്രമല്ല പിന്നാലെ വന്ന 'സ്ഫോടന'ത്തില്‍ തനിക്ക് വേണ്ടി ഡബ്ബ് ചെയ്ത അന്തിക്കാട് മണിയേയും 'വിധിച്ചതും കൊതിച്ചതും' ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ശബ്ദം പകര്‍ന്ന നടന്‍ ശ്രീനിവാസനെയും എല്ലാം ഓര്‍ക്കുന്നു അദ്ദേഹം. ആ അപരശബ്ദങ്ങള്‍ കൂടി ചേര്‍ന്നതാണല്ലോ മഹാനടന്റെ ജൈത്രയാത്ര.
2006 ആഗസ്റ്റിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് രതീഷ് ഓര്‍മ്മയായത്. 'അഭിമാനത്തോടെ എന്നും അച്ഛന്‍ ഓര്‍ത്തെടുക്കാറുണ്ടായിരുന്നു മമ്മുക്കയ്ക്ക് ശബ്ദം നല്‍കിയ അനുഭവം..'-രതീഷിന്റെ മകളും പ്രമുഖ സീരിയല്‍ അഭിനേത്രിയുമായ രേഖ രതീഷിന്റെ വാക്കുകള്‍. 'അഭിനയിക്കാനുള്ള അടങ്ങാത്ത മോഹവുമായി വളരെ ചെറുപ്പത്തില്‍ തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്ക് വണ്ടികയറിയ ആളാണ് അച്ഛന്‍. ഏറെ ശ്രമിച്ചിട്ടും ആ രംഗത്ത് നിലയുറപ്പിക്കാനായില്ല. അങ്ങനെയാണ് ഡബ്ബിംഗിലേക്ക് മാറിയത്. അവിടെയും മത്സരം കടുത്തതായിരുന്നു. എങ്കിലും കിട്ടിയ അവസരങ്ങളോട് പൂര്‍ണ്ണ നീതി പുലര്‍ത്തി അദ്ദേഹം. അക്കൂട്ടത്തില്‍ ഏറ്റവും മനോഹരമായ ഓര്‍മ്മയായിരുന്നു മമ്മുക്കയുടെ അരങ്ങേറ്റ ചിത്രത്തിലെ ഡബ്ബിംഗ്. മറ്റാര്‍ക്കും കിട്ടാത്ത സൗഭാഗ്യമല്ലേ?'
നാലര പതിറ്റാണ്ടിനിപ്പുറവും മമ്മൂട്ടി അച്ഛനെ ഓര്‍ക്കുന്നു എന്ന അറിവ് രേഖയെ വികാരാധീനയാക്കുന്നു. മറവികളുടെയും തമസ്്കരണങ്ങളുടെയും ലോകമാണല്ലോ സിനിമ. 'സിനിമാജീവിതം നല്‍കിയ ദുരനുഭവങ്ങളുടെ ഓര്‍മ്മയിലാവണം ഞാന്‍ അഭിനയ ജീവിതത്തിന് തുടക്കമിട്ടപ്പോള്‍ നിരുത്സാഹപ്പെടുത്താനാണ് അച്ഛന്‍ ശ്രമിച്ചത്. കഴിവിനൊപ്പം അളവറ്റ ഭാഗ്യവും കൂടി വേണ്ട മേഖലയാണതെന്ന് സ്വാനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കിയതുകൊണ്ടാണ്. സീരിയലുകളിലും മറ്റും ഞാന്‍ അഭിനയിച്ചു ശ്രദ്ധേയയായിക്കഴിഞ്ഞ ശേഷമാണ് പഴയ കാഴ്ചപ്പാടില്‍ അദ്ദേഹം മാറ്റം വരുത്തിയത്. മരിക്കുന്നതിന് മുന്‍പ് എന്റെ കൈപിടിച്ച് പതിഞ്ഞ ശബ്ദത്തില്‍ അച്ഛന്‍ അവസാനമായി പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയുണ്ട്: അഭിനയം ഒരിക്കലും ഉപേക്ഷിക്കരുത്. അതാണ് നിന്റെ വഴി..'
'ഉന്നൈ നാന്‍ സന്തിത്തേന്‍' എന്ന തമിഴ് ചിത്രത്തില്‍ രേവതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് അഭിനയജീവിതം തുടങ്ങുമ്പോള്‍ രേഖക്ക് കഷ്ടിച്ച് നാല് വയസ്സ്. പത്തു വര്‍ഷം കൂടി കഴിഞ്ഞാണ് 'നിറക്കൂട്ടി'ലൂടെ സീരിയല്‍ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ജനപ്രിയ പരമ്പരകള്‍, അവാര്‍ഡുകള്‍. ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ്, ഭാവന എന്നീ പരമ്പരകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രേഖ.
അച്ഛനെപ്പോലെ രേഖയുടെ അമ്മയും സിനിമയിലായിരുന്നു സജീവം. അഭിനേത്രിയും ഡബ്ബിംഗ് കലാകാരിയുമായിരുന്നു അമ്മ പി.കെ രാധാദേവി. ഒരു ഘട്ടത്തില്‍ മാതാപിതാക്കള്‍ പരസ്പരം വഴിപിരിഞ്ഞപ്പോള്‍ രേഖ അച്ഛന്റെ കൂടെ നിന്നു. തിരുവനന്തപുരത്താണ് രതീഷ് അവസാനനാളുകള്‍ ചെലവഴിച്ചത്. 'എന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അച്ഛന്‍. പരാജയങ്ങളില്‍ ഒരിക്കലും തളരാതെ പ്രതിസന്ധികള്‍ക്കെതിരെ പൊരുതി ജീവിച്ച ഒരാള്‍.'-രേഖ പറയുന്നു.
സിനിമയുടെ രാജവീഥികളില്‍ നിന്ന് എന്നും അകന്നു സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട അച്ഛന്‍ ഇത്ര കാലത്തിന് ശേഷവും സ്‌നേഹപൂര്‍വ്വം ഓര്‍ക്കപ്പെടുന്നു എന്ന അറിവ് മകളുടെ കണ്ണു നനയ്ക്കുന്നു. ആ സന്തോഷം പങ്കുവെക്കാന്‍ അച്ഛന്‍ ഒപ്പമില്ലല്ലോ എന്നൊരു ദുഃഖം മാത്രം.
Content Highlights: ratheesh who gave dependable to mammootty successful the movie vilkkanundu swapnangal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·